തിരുവനന്തപുരം: ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസിലെ പ്രധാന പ്രതി എ.ആർ.ഗോപിനാഥ് തട്ടിയെടുത്ത കോടികൾ ഉപയോഗിച്ച് വാങ്ങിയ വസ്‌തുവകകളുടെ ആധാരങ്ങൾ ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. ഗോപിനാഥിന്റെ സുഹൃത്തായ ബാലരാമപുരം സ്വദേശിയുടെ വീട്ടിൽ നിന്നാണ് കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ നഗരത്തിലും പുറത്തുമായി ഗോപിനാഥ് വാങ്ങിക്കൂട്ടിയ വസ്‌തുക്കളുടെ പ്രമാണങ്ങൾ പിടിച്ചെടുത്തത്.
ഗോപിനാഥിന്റെയും ഭാര്യയുടെയും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പേരിലാണ് കോടികൾ വിലമതിക്കുന്ന വസ്‌തുക്കളുടെ ആധാരങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആധാരങ്ങളുടെ നിജസ്ഥിതി മനസിലാക്കാൻ ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. ആധാരം രജിസ്റ്റർ ചെയ്‌ത സബ് രജിസ്ട്രാർമാർ, ആധാരമെഴുത്തുകാർ, ആധാരത്തിൽ സാക്ഷികളായി ഒപ്പിട്ടിരിക്കുന്നവർ എന്നിവരുടെ മൊഴി അന്വേഷണസംഘം ഉടൻ രേഖപ്പെടുത്തും. സൊസൈറ്റിയിലെ സ്ഥിര നിക്ഷേപങ്ങൾ ഉടമകൾ അറിയാതെ പിൻവലിച്ചാണ് ഗോപിനാഥ് വസ്‌തുക്കൾ വാങ്ങിയത്.
വാങ്ങിയ പലവസ്തുക്കളും പിന്നീട് മോഹവിലയ്‌ക്ക് വിൽക്കുകയും ആ പണവും ലാഭവും ഉപയോഗിച്ച് നഗരത്തിലെ കണ്ണായ സ്ഥലങ്ങളിൽ ഉൾപ്പെടെ വസ്‌തുക്കൾ വാങ്ങുന്നതുമായിരുന്നു ഇയാളുടെ രീതി. കേസിൽ പിടിയിലാകാനുള്ള എ.ആർ.രാജീവ്, ഗോപിനാഥിന്റെ അടുത്ത സുഹൃത്തും ബി.എസ്.എൻ.എൽ ജീവനക്കാരനുമായിരുന്ന മണികണ്ഠൻ തുടങ്ങിയവർക്കും തട്ടിപ്പിലും വസ്‌തുക്കൾ സമ്പാദിച്ചതിലും ബന്ധമുള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഗോപിനാഥിന്റെയും കൂട്ടുപ്രതിയായ മൂർത്തിയുടെയും മൊഴികൾക്കൊപ്പം ഇതുമായി ബന്ധപ്പെട്ട് മറ്റ് തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായതോടെ മൂർത്തിയെ കസ്റ്റഡി കാലാവധി അവസാനിച്ച ഇന്നലെ അന്വേഷണസംഘം കോടതിയിൽ ഹാജരാക്കി. എ.ആർ.ഗോപിനാഥിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ അന്വേഷണം പൂർത്തിയാക്കി ഇയാളെയും കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |