പത്തനംതിട്ട : ജില്ലയിലെ അയിരൂർ കഥകളി ഗ്രാമം ദേശീയ അംഗീകാരത്തിന്റെ നിറവിൽ. ഇനി മുതൽ കഥകളി ഗ്രാമം എന്ന നാമത്തിൽ ആയിരിക്കും ഇൗ പ്രദേശം അറിയപ്പെടുക. രാജ്യത്തെ ഒരു ഗ്രാമത്തിന് ഇത്തരം ബഹുമതി ലഭിക്കുന്നത് ആദ്യമായാണെന്ന് അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2010ൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി അയിരൂരിനെ കഥകളി ഗ്രാമമായി പ്രഖ്യാപിച്ചിരുന്നു. 2019ൽ മുൻ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ അദ്ധ്യക്ഷനായ കേരള നെയിംസ് അതോറിട്ടി തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകി. ഇപ്പോൾ കേന്ദ്ര സർവ്വേ ഡയറക്ടർ ജനറൽ അംഗീകാരം നൽകുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ നാമകരണം നൽകി ഉത്തരവിടുകയും ചെയ്തു. ഇതോടെ റവന്യു രേഖകൾ ഉൾപ്പെടെയുള്ള സർക്കാർ രേഖകളിലെല്ലാം 'കഥകളി ഗ്രാമം' എന്ന പേരിലായിരിക്കും അയിരൂർ അറിയപ്പെടുന്നത്. അയിരൂർ സൗത്ത് തപാൽ ഓഫീസിന്റെ പേരും കഥകളി ഗ്രാമം പി.ഒ എന്നാകും. ഇരുനൂറ് വർഷത്തെ കഥകളി പാരമ്പര്യമുള്ള അയിരൂരിൽ 1995 ൽ പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബ് രൂപീകരിച്ചു. എല്ലാ വർഷവും ജനുവരി ആദ്യവാരം ജില്ലാ കഥകളി ക്ലബ്ബ് അയിരൂർ കഥകളി ഗ്രാമത്തിൽ നടത്തുന്ന കഥകളിമേളയ്ക്ക് ദേശീയ ശ്രദ്ധകിട്ടാറുണ്ട്. ഏഴു നാൾ നീണ്ടു നിൽക്കുന്ന മേളയിൽ വിദേശിയരുൾപ്പെടെ പതിനായിരത്തോളം കഥകളി ആസ്വാദകർ പങ്കെടുക്കും. അയിരൂർ ഗ്രാമപഞ്ചായത്ത് തുടർ പദ്ധതിയായി നടത്തി വരുന്ന കഥകളി മുദ്രാ പരിശീലനക്കളരി പഞ്ചായത്തിലെ മുഴുവൻ എൽ.പി സ്‌ളൂകളിലും ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ജില്ലാ കഥകളി ക്ലബ് വർക്കിംഗ് പ്രസിഡന്റ് ടി.ആർ. ഹരികൃഷ്ണൻ, സെക്രട്ടറി വി.ആർ.വിമൽരാജ്, ട്രഷറാർ സഖറിയ മാത്യു, വൈസ് പ്രസിഡന്റ് എം. അയ്യപ്പൻകുട്ടി, ജോ. സെക്രട്ടറി എം.ആർ.വേണു, അയിരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീജാവിമൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |