ന്യൂഡൽഹി: രാഹുൽ മുൻപും വിവാദ പരാമർശം നടത്തി പുലിവാല് പിടിച്ചത് ചൂണ്ടിക്കാട്ടി സൂറത്തിലെ സി.ജെ.എം കോടതി. ചൗക്കിദാർ ചോർ ഹേ പരാമർശവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി സുപ്രീംകോടതിയോട് മാപ്പിരന്നതിനെക്കുറിച്ചാണ് വിധിയിൽ പറയുന്നത്. റഫാൽ ഇടപാടിൽ കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്ന പരാമർശത്തിലാണ് രാഹുൽ നിരുപാധികം മാപ്പുപറഞ്ഞത്. പരാമർശങ്ങൾ നടത്തുമ്പോൾ ജാഗ്രത പുലർത്തണമെന്ന് കോടതി അന്ന് നിർദ്ദേശിച്ചിരുന്നു.
മോദി സമുദായത്തെ ആക്ഷേപിച്ചെന്ന ആരോപണത്തിൽ പട്നയിലും രാഹുലിനെതിരെ അപകീർത്തിക്കേസുണ്ട്. ബി.ജെ.പി നേതാവും രാജ്യസഭ എം.പിയുമായ സുശീൽ മോദിയാണ് ഹർജിക്കാരൻ. വിധിയെ സ്വാഗതം ചെയ്‌ത സുശീൽ മോദി, പട്നയിലെ കേസിലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രതികരിച്ചു.
രാഹുലിനെതിരെയുളള കേസുകൾ
നാഷണൽ ഹെറാൾഡ് കേസ് - ബി.ജെ.പി. നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയുടെ പരാതിയിലെടുത്ത കേസിൽ 2015 ഡിസംബറിൽ ജാമ്യം
മോദി സമുദായത്തെ ആക്ഷേപിച്ചെന്ന ആരോപണത്തിൽ പട്നയിലും അപകീർത്തിക്കേസ്
ഗൗരി ലങ്കേഷ് വധത്തിൽ ആർ.എസ്.എസിന് പങ്കുണ്ടെന്ന പരാമർശം - ആർ.എസ്.എസ്. പ്രവർത്തകൻ നൽകിയ ഹർജിയിൽ മുംബയ് കോടതിയിൽ അപകീർത്തിക്കേസ്
ഗാന്ധി വധത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന പരാമർശം - മുംബയിലെ കോടതിയിൽ കേസ്
ഇന്ന് പ്രതിഷേധം
കോടതി വിധിക്കെതിരെ ഇന്ന് കോൺഗ്രസ് പ്രതിഷേധിക്കും. തിങ്കളാഴ്ച വിവിധ സംസ്ഥാനങ്ങളിലും പ്രകടനങ്ങൾ നടത്തും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് രാവിലെ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാഷ്‌ട്രപതിയെ കാണും. വിധി ചർച്ച ചെയ്യാൻ ഇന്നലെ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇന്നുച്ചയ്‌ക്ക് കോൺഗ്രസ് എം,.പിമാർ പാർലമെന്റിന് സമീപം വിജയ് ചൗക്കിലേക്ക് പ്രതിഷേധ ജാഥ നടത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. ഭാവി പരിപാടികൾ തീരുമാനിക്കാൻ ഇന്ന് വൈകുന്നേരം പി.സി.സി അദ്ധ്യക്ഷൻമാരുടെയും നിയമസഭാ കക്ഷി നേതാക്കളുടെയും യോഗം ചേരും.
രാഹുൽ പറഞ്ഞതെല്ലാം
ഗുരുതരം : കോടതി
രാഹുൽ ഗാന്ധിയുടെ പരാമർശം ഗുരുതരം. പാർലമെന്റ് അംഗമെന്ന നിലയിൽ രാഹുലിന്റെ വാക്കുകൾ ജനത്തെ സ്വാധീനിക്കും. അതിനാൽ കുറ്റകൃത്യത്തിന്റെ ഗൗരവം വർദ്ധിക്കുന്നു. കുറഞ്ഞ ശിക്ഷ നൽകിയാൽ ജനങ്ങൾക്ക് തെറ്റായ സന്ദേശമാകും. അപകീർത്തി നിയമത്തിന്റെ ലക്ഷ്യം നേടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി, നീരവ് മോദി തുടങ്ങിയവരിൽ പരാമർശം നിജപ്പെടുത്താമായിരുന്നു. വ്യക്തികളെ മുറിപ്പെടുത്തുന്ന പരാമർശം രാഹുലിൽ നിന്നുണ്ടായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശം എങ്ങനെ ജനത്തെ സ്വാധീനിക്കുമെന്ന് രാഹുലിനറിയാം
ലില്ലി തോമസ് ചരിത്രവിധി:
കുരുങ്ങിയത് പ്രമുഖർ
രണ്ട് വർഷമോ അതിലധികമോ തടവുശിക്ഷ ലഭിച്ചാലുടൻ അയോഗ്യരാകുമെന്ന ലില്ലി തോമസ് കേസിലെ ചരിത്രവിധി ഒട്ടേറെ പ്രമുഖ നേതാക്കളെ കുരുക്കിലാക്കി. കോട്ടയം സ്വദേശി ലില്ലി തോമസ്, പ്രഗത്ഭയായ അഭിഭാഷകയും ചരിത്രവിധിയിലെത്തിയ കേസുകളിലെ ഹർജിക്കാരിയുമായിരുന്നു. 2013ൽ 87ാം വയസിലാണ് എം.പിമാരുടെയും എം.എൽ.എമാരുടെയും അയോഗ്യതയുമായി ബന്ധപ്പെട്ട ചരിത്രവിധി സുപ്രീംകോടതിയിൽ നിന്ന് സമ്പാദിക്കുന്നത്. ശിക്ഷ ലഭിച്ച ജനപ്രതിനിധികൾക്ക് അപ്പീലിന് മൂന്ന് മാസം അനുവദിക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 18(നാല്) വകുപ്പ് സുപ്രീംകോടതി 2013 ജൂലായ് പത്തിന് റദ്ദാക്കി. പരമോന്നത കോടതിയുടെ തീരുമാനം വരെ അയോഗ്യതയിൽ നിന്ന് രക്ഷപ്പെട്ടിരുന്ന കാലവും അതോടെ മറഞ്ഞു.
അയോഗ്യരായ പ്രമുഖർ
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിത - അനധികൃത സ്വത്തു കേസിൽ നാല് വർഷം തടവും, 100 കോടി പിഴയും
മുൻ കേന്ദ്രമന്ത്രി ലാലു പ്രസാദ് യാദവ് - കാലിത്തീറ്റ കേസിലെ ശിക്ഷ
കോൺഗ്രസ് നേതാവ് റഷീദ് മസൂദ് - യു.പിയിൽ നിന്നുളള രാജ്യസഭ എം.പിയായിരുന്നു - മെഡിക്കൽ സീറ്റ് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടുസുരേഷ് ഹൽവൻക്കർ- മഹാരാഷ്‌ട്രയിലെ ബി.ജെ.പി. എം.എൽ.എയായിരുന്നു- മോഷണക്കേസിലെ ശിക്ഷ
ആശാ റാണി - മദ്ധ്യപ്രദേശിലെ ബി.ജെ.പി. എം.എൽ.എയായിരുന്നു- വീട്ടുജോലിക്കാരിയുടെ ആത്മഹത്യ കേസിൽ ശിക്ഷ ലഭിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |