തൃശൂർ : പൂരം പ്രദർശനം നടക്കുന്ന സ്ഥലത്തിന് അർഹമായ വാടക ലഭിക്കുന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടുണ്ടെന്നും ഹൈക്കോടതിയിൽ വിഷയത്തിൽ കേസുണ്ടെന്നും കൊച്ചിൻ ദേവസ്വം ബോർഡ്. പൂരം പ്രദർശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതി നിർദ്ദേശങ്ങൾക്ക് അനുസരിച്ചേ പ്രവർത്തിക്കുകയുള്ളൂവെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ പ്രസ്താവനയിൽ പറഞ്ഞു. വിഷയത്തിൽ ഹൈക്കോടതിയിൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതിൽ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ കക്ഷികളാണ്. പ്രദർശനത്തിന് 2,64,750 ചതുരശ്രയടി സ്ഥലം അനുവദിക്കാറുണ്ട്. പ്രദർശനം നടക്കുന്ന സ്ഥലം കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. കൊച്ചിൻ ദേവസ്വം ബോർഡിനാണ് തൃശൂർ പൂരം നടത്താനുള്ള പൂർണ ഉത്തരവാദിത്വം. ചടങ്ങുകൾ നടത്തുന്നതിന്റെ ഉത്തരവാദിത്വം മാത്രമാണ് മറ്റുള്ളവർക്കുള്ളത്. ദേവസ്വം ബോർഡ് ഏകപക്ഷീയമായി വാടക നിശ്ചയിച്ച് പൂരം പ്രദർശനം തകർക്കാൻ ശ്രമിക്കുവെന്ന തരത്തിൽ ചിലർ വാർത്ത പ്രചരിപ്പിക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ ദിവസം തൃശൂർ പൗരാവലി യോഗം ചേർന്ന് ബോർഡ് നടപടിക്കെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിൽ ദേവസ്വങ്ങൾ പുറമേ സി.പി.എം-സി.പി.ഐ നേതാക്കൾ വരെ പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |