കൊച്ചി: അടുത്ത അദ്ധ്യായനവർഷത്തേക്ക് സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനുള്ള കൈത്തറി സ്‌കൂൾ യൂണിഫോമുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് ഏലൂരിൽ നടക്കും. രാവിലെ 11ന് ഏലൂർ ജി.എച്ച്.എസ്.എസിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വ്യവസായമന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകും.
പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, വിദ്യാഭ്യാസ - വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം മദ്ധ്യവേനലവധിക്ക് മുമ്പായി വിതരണം ചെയ്യുന്നത് അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നുമുതൽ ഏഴുവരെ ക്‌ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സൗജന്യ കൈത്തറി യൂണിഫോം നൽകുന്നത്. വ്യവസായ- കൈത്തറി വകുപ്പുകൾക്ക് കീഴിലുള്ള കൈത്തറി നെയ്ത്ത് സഹകരണസംഘങ്ങളിലെ തൊഴിലാളികൾ നെയ്ത യൂണിഫോംതുണി വിതരണത്തിന് തയ്യാറായിക്കഴിഞ്ഞു. ജൂൺ 1ന് സ്‌കൂൾ തുറക്കുമ്പോൾ പുത്തൻ യൂണിഫോം ധരിച്ച് വിദ്യാർത്ഥികൾക്ക് ക്‌ളാസിലെത്താം.
രണ്ട് ജോഡി വീതം യൂണിഫോം തുണിയാണ് വിതരണം ചെയ്യുന്നത്. 10ലക്ഷം കുട്ടികൾക്കായി 42.5 ലക്ഷം മീറ്റർ യൂണിഫോം തുണിയാണ് ഒന്നാം ഘട്ടത്തിൽ വിതരണം ചെയ്യുക.
2023-24 അദ്ധ്യയന വർഷത്തിൽ സ്‌കൂൾ യൂണിഫോം പദ്ധതിക്കായി 140 കോടി രൂപയാണ് സർക്കാർ ബഡ്ജറ്റിൽ വകയിരുത്തിയത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഹാന്റക്‌സും തൃശൂർമുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഹാൻവീവുമാണ് യൂണിഫോം തുണി വിതരണം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |