തൃശൂർ: വൃക്കയിലെ കല്ല് നീക്കാനുള്ള ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ആശുപത്രിക്കും നാല് ഡോക്ടർമാർക്കുമെതിരെ മന:പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാൻ തൃശൂർ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് റിനോ ഫ്രാൻസിസ് സേവ്യറിന്റെ ഉത്തരവ്. ഈസ്റ്റ് പൊലീസ് എഴുതിത്തള്ളിയ കേസിലാണ് അശ്വിനി ആശുപത്രിക്കും എം.ഡിയുമുൾപ്പെടെ നാല് ഡോക്ടർമാർക്കെതിരെ കോടതി ഉത്തരവിട്ടത്.
2015 ഫെബ്രുവരി ഒമ്പതിന് ശസ്ത്രക്രിയയെ തുടർന്ന് കൂനമ്മൂച്ചി ചുണ്ടപ്പറമ്പിൽ വിനോദനാണ് (42) മരിച്ചത്. ശസ്ത്രക്രിയ വിജയമാണെന്ന് പറഞ്ഞെങ്കിലും മൂന്നാം ദിനം വീണ്ടും ശസ്ത്രക്രിയ നടത്തി. തുടർന്ന് വിനോദന് ശ്വാസതടസവും അമിതമായ വിയർപ്പുമുണ്ടായി. സ്ഥലത്തില്ലാത്തതിനാൽ ശസ്ത്രക്രിയ നടത്തിയ അന്നത്തെ എം.ഡി കൂടിയായ ഡോ.എ.സി.വേലായുധനെത്തിയില്ല. പകരം ഡോക്ടർമാരായ പ്രമോദ്, ഫാബിയൻ, സുകുമാരൻ എന്നിവരെ കാണിക്കാൻ ഡ്യൂട്ടി നഴ്‌സിനോട് നിർദ്ദേശിച്ചു. ഡോ.സുകുമാരൻ വന്നില്ല. മറ്റ് ഡോക്ടർമാർ രോഗിയെ ഐ.സി.യുവിലേക്കും തുടർന്ന് വെന്റിലേറ്ററിലേക്കും മാറ്റി. അപ്പോഴേക്കും വിനോദിന്റെ രക്തത്തിൽ ഓക്‌സിജന്റെ അളവ് നന്നായി കുറഞ്ഞു. ആന്തരിക രക്തസ്രാവം തടയാൻ മരുന്ന് നൽകേണ്ടതിന് പകരം രക്തക്കട്ട അലിയിക്കാനുള്ള മരുന്നാണ് നൽകിയത്. സംഭവത്തിൽ ഡോക്ടർമാരെ പൊലീസ് ചോദ്യം ചെയ്തിരുന്നില്ല. അവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എഴുതിത്തള്ളി.
വിനോദിന്റെ ഭാര്യ ധന്യ, പോസ്റ്റുമോർട്ടം നടത്തിയ ഡോ.രാഖിൽ, ഫോറൻസിക് പ്രൊഫസർ ഡോ.ഹിതേഷ് ശങ്കർ, അന്നത്തെ പബ്‌ളിക് പ്രോസിക്യൂട്ടർ അഡ്വ.കെ.ബി.രണേന്ദ്രനാഥ്, അന്നത്തെ എസ്.ഐ സുരേഷ്, അശ്വിനി ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ശിവദാസ്, ഡോ.രാജേഷ് തുടങ്ങി പതിനൊന്ന് പേരെ പ്രൊസിക്യൂഷൻ വിസ്തരിച്ചു. ശ്വാസകോശത്തിലേക്കുള്ള ധമനിയിൽ രക്തം കട്ടപിടിച്ചതിനെ തുടർന്നുള്ള ശ്വാസതടസമാണ് മരണ കാരണമെന്നായിരുന്നു ആശുപത്രി രേഖ. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇക്കാര്യം പൊലീസ് അന്വേഷിച്ചില്ല. പരാതിക്കാരിക്കായി അഡ്വ.കെ.ബി.മോഹൻദാസ്, അഡ്വ.ശ്രീജിത്ത്, ടി.മോഹൻ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |