പാരിസ്: പെൻഷൻ പരിഷ്കരണത്തിനെതിരെ ഫ്രാൻസിൽ ജീവനക്കാർ നടത്തുന്ന പ്രക്ഷോഭം പതിനൊന്നാം ദിവസത്തിലേക്ക് കടക്കവേ കൂടുതൽ അക്രമാസക്തമായിത്തുടങ്ങി. തെരുവിൽ വേസ്റ്റ് ബിന്നുകളും ഇ-സ്കൂട്ടറുകളും മറ്റും കത്തിച്ച് പ്രതിഷേധം പ്രകടിപ്പിച്ചിരുന്ന പ്രക്ഷോഭകർ കഴിഞ്ഞ ദിവസം ചരിത്ര പ്രാധാന്യമുള്ള ബോർഡോ മന്ദിരത്തിന് തീയിട്ടു. യുനെസ്കോ ചരിത്രസ്മാരക മന്ദിരങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുള്ളതാണ് ബോർഡോ. ഫയർഫോഴ്സ് തീകെടുത്തിയെങ്കിലും ഹാളിന്റെ മുൻഭാഗം പൂർണ്ണമായും കത്തിനശിച്ചു.
പാരിസിൽ പ്രക്ഷോഭകർക്ക് നേരെ ടിയർ ഗ്യാസ്പ്രയോഗിച്ചു. 903 ഷെല്ലുകൾ പ്രയോഗിച്ചതായി ആഭ്യന്തരമന്ത്രി ജെറാൾഡ ഡർമാനിയൻ പറഞ്ഞു.
പെൻഷൻ പ്രായം 62ൽ നിന്ന്64 ആക്കുന്നതിനെതിരെയാണ് പ്രക്ഷോഭം. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പരിഷ്കരണം നടപ്പാക്കുമെന്ന വാശിയിലാണ്.
അതിനിടെ, ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ മൂന്നു ദിവസത്തെ ഫ്രാൻസ് സന്ദർശനം മാറ്റിവച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ അഭ്യർത്ഥനയെ തുടർന്നാണ് മാറ്റം. ഞായറാഴ്ച പത്നി കാമിലയോടൊപ്പം പാരിസിൽ എത്തിയ ശേഷം ബോർഡോ നഗരം സന്ദർശിക്കുന്ന രീതിയിലായിരുന്നു കിംഗ് ചാൾസ് മൂന്നാമന്റെ യാത്രാപരിപാടി. പെൻഷൻ പരിഷ്കരണത്തിനെതിരായ ശക്തമായ പ്രക്ഷോഭം പാരിസിലും ബോർഡോ നഗരത്തിലും വ്യാപിച്ചതിനെ തുടർന്നാണ് സന്ദർശനം മാറ്റി വയ്ക്കണമെന്ന് പ്രസിഡന്റ് മാക്രോൺ അഭ്യർത്ഥിച്ചത്. എല്ലാ തയ്യാറെടുപ്പുകളും പൂത്തിയാക്കിയ ശേഷമാണ് സന്ദർശനം നീട്ടിവയ്ക്കുന്നത്. പരിപാടി കവർ ചെയ്യുന്നതിനായി പല ബ്രിട്ടീഷ് ജേർണലിസ്റ്റുകളും നേരത്തെ തന്നെ പാരിസിൽ എത്തിച്ചേർന്നിരുന്നു.
സന്ദർശനം നീട്ടിവയ്ക്കാനിടയായ സംഭവത്തിലേക്ക് നയിച്ചത് ഫ്രാൻസിന്റെയും മാക്രോണിന്റെയും പ്രതച്ഛായക്ക് മങ്ങലേല്പിച്ചു. ബ്രിട്ടീഷ് രാജാവ് ആദ്യമായി ഫ്രാൻസിലേക്ക് വരുമ്പോൾ രാജ്യത്തിന്റെ പ്രൗഢിയും ജീവിതരീതികളും പരിചയപ്പെടുത്തി പുതിയ സൗഹൃദം ഉൗട്ടിയുറപ്പിക്കുന്നതിനുള്ള അവസരമാണ് നഷ്ടമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |