വാഷിംഗ്ടൺ: യു.എസിൽ താത്‌ക്കാലിക വിസയിൽ എത്തുന്നവർക്കും തൊഴിലിന് അപേക്ഷിക്കാൻ അവസരം നൽകുന്ന വിധത്തിൽ വിസ നിയമത്തിൽ മാറ്റം. ബിസിനസ്-ടൂറിസ്റ്റ് വിസകളിൽ (ബി-1, ബി-2 വിസകൾ) എത്തുന്നവർക്കും ജോലിക്ക് അപേക്ഷിക്കാൻ കഴിയും. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പ് വിസ മാറ്റിയിരിക്കണം. യു.എസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രന്റ് സർവീസസ് ആണ് വിസാനിയമത്തിലെ മാറ്റം അറിയിച്ചത്.
ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ ഉൾപ്പെടെയുള്ള വമ്പൻ സ്ഥാപനങ്ങൾ തൊഴിലാളികളെ പിരിച്ചുവിടുന്ന സാഹചര്യത്തിലാണ് താത്‌ക്കാലിക വിസയിൽ എത്തുന്നവർക്കും തൊഴിലിന് അപേക്ഷിക്കാൻ അവസരം നൽകുന്നത്. താത്‌ക്കാലിക ആവശ്യങ്ങൾക്കുള്ള ബി-1, ബി-2 വിസകളിൽ ബിസിനസ് ആവശ്യങ്ങൾക്ക് എത്തുന്നവർക്കുള്ളതാണ് ബി-1 വിസ. വിനോദസഞ്ചാരത്തിന് ബി-2 വിസയും നൽകുന്നു.
തൊഴിൽവിസയിൽ എത്തിയവർക്ക് ജോലി നഷ്ടമായാൽ 60 ദിവസത്തിലേറെ ഇവിടെ തങ്ങാനാവില്ല ഒട്ടേറെ വിദഗ്ദ്ധ തൊഴിലാളികൾ ഇക്കാരണത്താൽ രാജ്യം വിടുന്നുണ്ട്. അമേരിക്കയിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഒട്ടേറെപ്പേർക്ക് സമീപകാലത്ത് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ ടെക്നോളജി മേഖലയിൽ ഒട്ടേറെ ഇന്ത്യക്കാരാണ് തൊഴിൽരഹിതരായി തുടരുന്നത്. തൊഴിൽ നഷ്ടമായവർക്ക് വിസ കാലാവധി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം ഇന്ത്യൻ-അമേരിക്കൻ സംഘടനകൾ യു.എസ് പ്രസിഡന്റ് ജോ ബൈഡന് നിവേദനംനൽകിയിരുന്നു.
എച്ച് 1 ബി വിസയ്ക്ക് ഇന്റർവ്യൂ ഒഴിവാക്കും
കോൺസുലാർ ഒാഫീസുകളിൽ എച്ച്1 ബി വിസയ്ക്കും ചില നോൺ ഇമിഗ്രന്റ് വിസകൾക്കും അപേക്ഷിക്കുന്നവരെ വ്യക്തിഗത ഇന്റർവ്യൂകളിൽ നിന്ന് ഒഴിവാക്കും. നേരത്തെയുള്ള വിസ സമാന ക്ളാസിലുള്ളത് 48 മാസത്തിനകം പുതുക്കുന്നതിനും ഇന്റർവ്യൂ ആവശ്യമില്ല.
പഠനത്തിന്, അത്‌ലറ്റുകൾക്ക്, ആർട്ടിസ്റ്റുകൾക്ക് തുടങ്ങിയുള്ള ഏതാണ്ട് പന്ത്രണ്ടോളം വിസകൾക്കാണ് ഇന്റർവ്യൂവിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. മാസങ്ങൾ നീളുന്ന കാത്തിരിപ്പിനാണ് ഇതോടെ വിരാമമാവുന്നത്.
വിസ അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന് വേണ്ടിയാണിതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കൊവിഡ് ബാധയെ തുടർന്ന് വിസ പ്രോസസ് ചെയ്യാൻ കഴിയാതായ അവസ്ഥയുണ്ടായി. ആഗോളതലത്തിൽ യാത്രാവിലക്കുകളെല്ലാം നീങ്ങിയ സാഹചര്യത്തിൽ വിസ അനുവദിക്കുന്നതിലെ കാലതാമസം കുറയ്ക്കേണ്ടതുണ്ട്. സുരക്ഷിതമായും വേഗത്തിലും ദേശസുരക്ഷ തകരാറിലാക്കാതെ വിസ അനുവദിക്കുന്നതിനാണ് പ്രാമുഖ്യം നൽകുകയെന്നും പ്രസ്താവനയിൽ പറയുന്നു.
യു.എസ്. കമ്പനികൾക്ക് വിദേശതൊഴിലാളികളെ ജോലിക്കെടുക്കാൻ അനുവാദം നൽകുന്നതാണ് എച്ച്-1 ബി വിസ. യു.എസിൽ എച്ച്-1 ബി വിസയിൽ എത്തിയവരാണ് ഏറെപ്പേരും. പതിനായിരക്കണക്കിന് തൊഴിലാളികളാണ് ഐ.ടി-ടെക് മേഖലയിലെ കമ്പനികളിൽ ജോലിക്കായി ഇന്ത്യയിൽനിന്നും ചൈനയിൽനിന്നും ഈ വിസയിൽ എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |