SignIn
Kerala Kaumudi Online
Monday, 07 July 2025 12.37 AM IST

'എനിക്കു പേടിയാണ്, എന്നോട് എപ്പോഴും ദേഷ്യം കാണിക്കുന്നതു കൊണ്ടാണ് മറ്റൊരു ബന്ധത്തിൽ ആശ്വാസം കണ്ടത്, എന്റെ തെറ്റാണ്' എന്നാണ് ആ സ്ത്രീ പറയുന്നത്, കുറിപ്പ്

Increase Font Size Decrease Font Size Print Page
pravasi

ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്നും മകളെ തന്നിൽ നിന്ന് അകറ്റിയെന്നും പറഞ്ഞുകൊണ്ടുള്ള ഒരു പ്രവാസിയുടെ വീഡിയോയും, അയാളുടെ ആത്മഹത്യയുമൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് യുവതി പറയുന്നതിന്റെ വീഡിയോയും ഭർത്താവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇവരുടെ ബന്ധത്തിലെ ടോക്സിസിറ്റിയുടെ ഭീകരതയെക്കുറിച്ച് അഞ്ജലി ചന്ദ്രൻ എന്ന യുവതിയെഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഒരു ബന്ധം നിലനിന്നു പോകാൻ വേണ്ട ഏറ്റവും പ്രധാനമായ ഘടകം എന്താണെന്നു നിങ്ങളെപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

ഇനി, ദാമ്പത്യജീവിതം വളരെ നല്ല രീതിയിൽ നിലനിന്നു പോകാൻ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്നതു കൂടി ആലോചിച്ചു നോക്കാമോ?

ആദ്യത്തെ ചോദ്യത്തിനു ബന്ധങ്ങൾക്കനുസരിച്ചു പല ഘടകങ്ങൾ ഉത്തരം കിട്ടുന്നവരുണ്ടാവും. പക്ഷേ, രണ്ടാമത്തെ ചോദ്യത്തിനു നേരെ ‘സ്നേഹവും പരസ്പര ബഹുമാനവും’ എന്ന ഉത്തരം മാത്രമേ നമുക്ക് എഴുതിച്ചേർക്കാൻ കഴിയുകയുള്ളൂ. എനിക്ക് സ്നേഹമുണ്ട് എന്നു പറയുന്നതല്ലാതെ അപ്പുറത്തെ വ്യക്തിക്ക് അതു മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ സ്വന്തം സ്നേഹത്തെ നിർവചിക്കാൻ എത്ര പേർക്കു കഴിയുന്നുണ്ട്? മിക്കവർക്കും പലപ്പോഴും വേണ്ടിവരിക പണമോ കാറോ ഒന്നുമാവില്ല. പകരം ഇത്തിരി സമയം ഉള്ളു തുറന്നു സന്തോഷിക്കാൻ കിട്ടുന്ന അവസരമാകും. ഇതു സ്വന്തം വീടുകൾക്കുള്ളിൽ തന്നെ ലഭിക്കുന്ന അന്തരീക്ഷം എത്ര പേർക്കു സൃഷ്ടിക്കാൻ കഴിയുന്നുണ്ട് എന്നതാണു ചോദ്യം? ഇൻബോക്സുകൾ കയറി നിരങ്ങി കഴിച്ചോ, കുളിച്ചോ, ഉറങ്ങിയോ, സംസാരിച്ചാലോ എന്നു ചോദിക്കുന്ന ആളുകളിൽ എത്ര പേർ ഇതു സ്വന്തം വീടുകളിൽ ചെയ്യാറുണ്ട്? സ്നേഹരാഹിത്യം എന്നത് ഉച്ചരിക്കാൻ പോലും അവകാശമില്ലാത്ത സ്ത്രീകളുണ്ട്. സ്വന്തം ഭർത്താവിനോടു കുറച്ചു നേരം എന്റെ കൂടെ ഇരിക്കുമോ എന്നു ചോദിച്ചാൽ നിനക്കു വേറെ പണിയില്ലേ എന്നു തിരികെ ചോദ്യം ചെയ്യുന്നവരുണ്ട്.

സോഷ്യൽ മീഡിയയിൽ ഭാര്യയ്ക്കു മറ്റൊരു പുരുഷനോടുള്ള ബന്ധത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത ഒരു പുരുഷന്റെ ആത്മഹത്യാ വീഡിയോയോടൊപ്പം ഭാര്യയുടെ ബന്ധം കണ്ടുപിടിച്ചതു തെളിവായി കാണിക്കുന്ന വീഡിയോ കൂടി മരിച്ച വ്യക്തി പോസ്റ്റ് ചെയ്തിട്ടുണ്ട്. അവരുടെ ഇടയിലെ ബന്ധത്തിലെ ടോക്സിസിറ്റിയുടെ ഭീകരത വെളിപ്പെടുത്താൻ ആ വീഡിയോ മാത്രം മതി. വീണ്ടും വീണ്ടും അയാൾ പറയുന്ന ഒരു വാചകത്തിലാണ് ആദ്യം മനസ്സുടക്കിയത്. ‘ഞാൻ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം വള്ളിയും പുള്ളിയും തെറ്റാതെ പറയണം’ എന്ന് ആവർത്തിച്ചു പറയുന്ന ആ മനുഷ്യൻ നടത്തിയ ചോദ്യവിസ്താരങ്ങൾ ..

ഈ ചോദ്യങ്ങൾക്ക് ഉത്തരമായി അവർ പറയുന്ന മറുപടിയാണ് ഏറ്റവും സങ്കടകരം. ‘എനിക്കു പേടിയാണ്, എന്നോട് എപ്പോഴും ദേഷ്യം കാണിക്കുന്നതു കൊണ്ടാണ് മറ്റൊരു ബന്ധത്തിൽ ആശ്വാസം കണ്ടത് എൻ്റെ തെറ്റാണ്’ എന്നതാണ് അവരുടെ മറുപടി. ഒരു ബന്ധത്തിൽ, അതും ദാമ്പത്യത്തിൽ സ്വന്തം പങ്കാളിയെ പേടിച്ചു ജീവിക്കുകയാണ് എന്നത് അവർ തുറന്നുപറയുമ്പോൾ അവർ അയാളെ മാത്രമല്ല പേടിക്കുന്നത്, തനിക്കു ചുറ്റുമുള്ള സമൂഹത്തിനെക്കൂടിയാണ്. എത്ര ടോക്സിക് ആയ ആളാണ് പങ്കാളിയെങ്കിലും ഒരു വാക്കു പോലും മറുത്തു പറയാതെ സഹിക്കണം സ്ത്രീകൾ എന്നതാണ് നമ്മുടെ സമൂഹം ഇത്രയും കാലം പറയാതെ പറഞ്ഞുവച്ചത്. സ്വന്തം പങ്കാളിയോട് ഒരു തമാശയോ, ഇനി അയാളുടെ സ്വഭാവത്തിൽ മാറ്റേണ്ട എന്തെങ്കിലും ഉണ്ടെങ്കിൽ അതോ പോലും തുറന്നുപറയാൻ പേടിക്കുന്ന സ്ത്രീകളിലെ അവസാനത്തെ ആളല്ല അവർ. ഇതേ പോലെ എന്തു പറഞ്ഞാലാണ് പൊട്ടിത്തെറിക്കുക എന്നറിയാത്ത ഒരുപാട് ടോക്‌സിക്ക് പ്രഷർ കുക്കർ പുരുഷന്മാർ ഉണ്ട്.

സൗഹൃദ സദസ്സുകളിൽ ഭാര്യയെ അവളുടെ സ്വഭാവത്തിലെ ഒരു കാര്യം പറഞ്ഞു കളിയാക്കി ചിരിക്കാൻ മുന്നിട്ടിറങ്ങുന്ന പുരുഷന്മാരിൽ എത്ര പേർ സ്വന്തം സ്വഭാവത്തിലെ ഒരു കാര്യം ഭാര്യ ആരോടെങ്കിലും പറഞ്ഞു എന്നറിഞ്ഞാൽ സംയമനത്തോടെ കേട്ട് അതു തിരുത്താൻ നോക്കും എന്നതു സ്വയം ചോദിക്കേണ്ട ചോദ്യമാണ്. സ്വന്തം പങ്കാളിയോട് എപ്പോൾ, എന്തു പറയണം എന്നത് ആലോചിച്ചു റിഹേഴ്സൽ നടത്തി വിഷയം അവതരിപ്പിക്കുന്ന വീടുകളുണ്ട്. ഭാര്യവീട്ടുകാരെ പരസ്യമായി ഭാര്യയുടെ മുന്നിൽ വച്ചു കുറ്റം പറയുന്ന ആണുങ്ങൾ സ്വന്തം വീട്ടുകാരുടെ കുറ്റം ഭാര്യ രഹസ്യമായി സൂചിപ്പിച്ചാൽ പോലും ഒരക്ഷരം എന്റെ വീട്ടുകാരെപ്പറ്റി പറയരുത് എന്നു പറഞ്ഞ് അവളെ നിശ്ശബ്ദയാക്കും. ആൺവീട്ടുകാരും ഭർത്താവും വിമർശനത്തിന് അതീതരാണ് എന്ന ചീഞ്ഞ ചിന്ത കൊണ്ടുതന്നെയാണ് നമ്മുടെ വീടുകളിൽ പലപ്പോഴും തുറന്ന ചർച്ചകൾ നടക്കാത്തത്.

മനുഷ്യന് തങ്ങളെ കേൾക്കാനും സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഇടങ്ങളിൽ കിട്ടുന്ന കംഫർട്ട് സ്വന്തം പങ്കാളികളിൽ നിന്നു കിട്ടാത്തതുകൊണ്ടു തന്നെയാണു പലപ്പോഴും അവർ മറ്റു ബന്ധങ്ങളിൽ ചേക്കേറുന്നത്. ശരിതെറ്റുകൾ ആപേക്ഷികമാകുന്നത് ബന്ധങ്ങളുടെ ഉള്ളിൽ രണ്ടു വ്യക്തികൾ കടന്നുപോകുന്ന അവസ്ഥകൾ കൊണ്ടു തന്നെയാണ്. അതിൽ മൂന്നാമതൊരാൾക്ക് അഭിപ്രായം പറയാൻ പോലും അവകാശമില്ല എന്നതാണ് വസ്തുത. ഭയപ്പെടുത്തിയും ആക്രമിച്ചും തങ്ങളുടെ ചൊൽപ്പടിക്ക് പങ്കാളിയെ നിർത്താൻ ശ്രമിക്കുന്നതിന്റെ നൂറിൽ ഒരംശം പരിശ്രമം മതി അവരുടെ നല്ലൊരു സുഹൃത്തായി കൂടെ നിന്ന് സ്വന്തം ജീവിതം മനോഹരമാക്കാൻ എന്നത് ആരും തിരിച്ചറിയുന്നില്ല.

‘അവനെക്കൊണ്ടു വേറെ പ്രശ്നമൊന്നുമില്ല, അവളെ പൊന്നു പോലെയാണ് നോക്കുന്നത്. പക്ഷേ, പെട്ടെന്നു ദേഷ്യപ്പെടും’ എന്നത് വളരെ നോർമൽ ആയി പറയുന്ന ആളുകൾ പറയാതെ പറയുന്നത് അവനൊരു ടോക്‌സിക് മനുഷ്യൻ ആണ് എന്നതു തന്നെയാണ്. പുറത്തുള്ള ആളുകളോട് ഇതേപോലെ ദേഷ്യപ്പെടാൻ പോയാൽ അവരുടെ പ്രതികരണം എന്താകും എന്നു ചിന്തിക്കുന്ന പലരും സ്വന്തം ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മുന്നിൽ കാഴ്ചവയ്ക്കുന്ന പ്രകടനം വളരെ നിലവാരം കുറഞ്ഞതാണ്. പക്ഷേ, ഈ ബന്ധത്തിൽ നിന്ന് ഇറങ്ങിപ്പോയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ പേടിച്ചിട്ടാണ് പലരും അതിൽ തുടരുന്നത്. ചിലരാകട്ടെ തങ്ങളെ സ്നേഹിക്കുന്നു എന്നു തോന്നുന്ന ഇടങ്ങളിൽ സമാധാനം കണ്ടെത്തുകയും ചെയ്യും. അച്ഛനെ പേടിക്കുന്ന മക്കളും ഭർത്താവിനെ പേടിക്കുന്ന ഭാര്യയും ഇല്ലാതായാൽതന്നെ കുടുംബ ബന്ധങ്ങളിലെ കെട്ടുറപ്പു വർദ്ധിക്കും.

ഇത്തരം ഒച്ചയും വിളിയും സ്ഥിരമുള്ള വീടുകളിൽ വളരുന്ന കുട്ടികളും ഭാവിയിൽ ഇതേ സ്വഭാവ വൈകൃതം പങ്കാളികളോടും കുട്ടികളോടും കാണിക്കും. തിരുത്തേണ്ട ഇത്തരം വൈകൃതങ്ങൾ സ്വയം തിരുത്തി പങ്കാളിക്കും കുട്ടികൾക്കും സമാധാനം കൊടുക്കുന്നതു വഴി സ്വന്തം ജീവിതത്തിൽ കൂടി സമാധാനം കൊണ്ടുവരാൻ കഴിയണം. ഒരു ജീവിതത്തിൽ പേടിയോടെ രണ്ടു പേർ ഒരുമിച്ചു കഴിയുന്നതിൽ പ്രണയവും പരസ്പര ബഹുമാനവും മഷിയിട്ടാൽ കാണാൻ കിട്ടില്ല. തുറന്ന ചർച്ചകളും തിരുത്തലുകളും വഴി തന്നെയാണ് വ്യക്തികളും ബന്ധങ്ങളും കുറച്ചു കൂടി മികച്ചതാവുക.

TAGS: FB POST, PRAVASI, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.