തിരുവനന്തപുരം : കോടതി നിർദ്ദേശപ്രകാരം മക്കളെ കാണാനെത്തിയ അച്ഛന്റെ പല്ല് ഭാര്യാപിതാവ് അടിച്ച് തെറിപ്പിച്ചു .കുളത്തൂർ സ്വദേശിയായ 29കാരന്റെ പല്ലാണ് 53കാരനായ ആറ്റിപ്ര സ്വദേശി അടിച്ച് തെറിപ്പിച്ചത്. അഞ്ചും ഒന്നരയും വയസുളള കുട്ടികളെ ആവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജിയിൽ മാദ്ധ്യസ്ഥ ചർച്ചയിൽ കുട്ടികളുടെ അമ്മ എല്ലാ മാസവും രണ്ടും നാലും ശനിയാഴ്ചകളിൽ കുട്ടികളെ കോടതിയിൽ കൊണ്ടുവന്ന് പിതാവിനെ കാണിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശം അനുസരിച്ചാണ് 29 കാരൻ കുട്ടികളെ കാണാൻ ഇന്നലെ കുടുംബ കോടതിയിൽ എത്തിയത്.
കുട്ടികളുടെ അമ്മയ്ക്ക് മലപ്പുറത്ത് ജോലി ആയതിനാൽ ഇളയ കുട്ടിയെ ഒഴിവാക്കി മൂത്ത കുട്ടിയുമായി ഭാര്യാ പിതാവാണ് കോടതിയിൽ എത്തിയത്. ഇതിനിടെ 29 കാരനോട് കയർത്ത് സംസാരിച്ച ഭാര്യാ പിതാവ് കടന്നാക്രമിക്കുകയായിരുന്നു. ഭാര്യാ പിതാവിനെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |