തിരുവനന്തപുരം: അരുവിപ്പുറത്ത് നിന്ന് വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ നഗരിയിലേക്ക് നവോത്ഥാന നായകരുടെ ഛായാചിത്രവുമായി കൊടിക്കുന്നിൽ സുരേഷ് എം.പി നയിക്കുന്ന കേരള നവോത്ഥാന സ്മൃതിയാത്ര ഇന്ന് രാവിലെ 11ന് കേരളകൗമുദി പേട്ട ഓഫീസിന് മുന്നിൽ തയ്യാറാക്കിയ സി.വി. കുഞ്ഞിരാമൻ സ്മൃതി മണ്ഡപത്തിൽ എത്തിച്ചേരും. തുടർന്ന് സി.വി. കുഞ്ഞിരാമന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തും.
രാവിലെ 7ന് മഹാത്മാ അയ്യങ്കാളിയുടെ വെങ്ങാനൂരിലെ സ്മാരകം സന്ദർശിക്കുന്നതോടെയാണ് ഇന്നത്തെ യാത്രയ്ക്ക് തുടക്കമാകുന്നത്. വെങ്ങാനൂരിൽ നടക്കുന്ന പൊതുസമ്മേളനം വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. വിവിധ കമ്മിറ്റികളുടെ സ്വീകരണം ഏറ്റുവാങ്ങിയശേഷം എം.എസ്.കെ നഗറിലെ അയ്യാവൈകുണ്ഠ സ്വാമി സ്മാരകം സന്ദർശിക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷമാണ് സി.വി. കുഞ്ഞിരാമൻ സ്മൃതി സംഗമം നടത്തുന്നത്. തുടർന്ന് കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി സ്മാരകത്തിലെത്തും.
കുമാരപുരം, വൈദ്യുതിഭവൻ, പട്ടം, കേശവദാസപുരം, മണ്ണന്തല, വട്ടപ്പാറ, വെമ്പായം, വെഞ്ഞാറമൂട്, കാരേറ്റ്, കിളിമാനൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. ടി. ശരത്ചന്ദ്രപ്രസാദ് ചെയർമാനായ കമ്മിറ്റിക്കാണ് മേൽനോട്ടം. ഡി. അനിൽകുമാറിനാണ് സി.വി. കുഞ്ഞിരാമൻ സ്മൃതി സംഗമത്തിന്റെ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |