ന്യൂഡൽഹി : ആലപ്പുഴ പാണാവളളി നെടിയത്തുരുത്ത് ദ്വീപിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച കാപ്പിക്കോ റിസോർട്ടിന്റെ പൊളിച്ചുനീക്കൽ നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതോടെ ,ചീഫ് സെക്രട്ടറിക്കെതിരെയുളള കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി ഒഴിവാക്കി. റിസോർട്ടിലെ കോട്ടേജുകൾ മുഴുവൻ പൊളിച്ചു നീക്കിയെന്നും, ബാക്കിയുളള പ്രധാന കെട്ടിടത്തിന്റെ പൊളിക്കൽ അവസാന ഘട്ടത്തിലാണെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. ഇതോടെ, ജനസമ്പർക്ക സമിതി സമർപ്പിച്ച കോടതിയലക്ഷ്യഹർജി ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് തീർപ്പാക്കി.2020 ജനുവരിയിലാണ് കാപ്പിക്കോ റിസോർട്ട് പൊളിച്ചു മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടത്. മൂന്നു വർഷം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിൽ കഴിഞ്ഞ ഫെബ്രുവരി 21ന് സുപ്രീംകോടതി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |