തിരുവനന്തപുരം: ക്ഷേത്രത്തിൽ നാടൻപാട്ട് നടക്കുന്നതിനിടെ നൃത്തം ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ. വിതുര ചാരുപാറ ഗൗരി സദനം വീട്ടിൽ രഞ്ജിത്ത് (35), ഇടിഞ്ഞാർ ഇടവം റാണി ഭവനിൽ ഷിബു (39), വിതുര ചാരുപാറ ശ്രീനന്ദനം വീട്ടിൽ സനൽകുമാർ (42), സജികുമാർ (44) എന്നിവരാണ് പിടിയിലായത്. പാലോട് ഇടവം ചതുപ്പിൽ വീട്ടിൽ അഖിലി (29)നെയാണ് ആറോളംപേർ ചേർന്ന് അക്രമിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തത്.
കഴിഞ്ഞ ദിവസം ഇടവം ആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നാടൻ പാട്ട് നടന്നിരുന്നു. ഇതിനിടെ അഖിൽ ഡാൻസ് കളിച്ചതിൽ പ്രകോപിതരായ സംഘം അഖിലിനെ അനുനയിപ്പിച്ച് സമീപത്തെ റബ്ബർ പുരയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. അഖിലിനെ കത്തികൊണ്ട് കുത്തുകയും ചെയ്തു. പിന്നീട് അവശനായ യുവാവിനെ പുരയിടത്തിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. ആക്രമണത്തിൽ അഖിലിന്റെ തലയിലും മുതുകിലും ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതികളെ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |