ന്യൂഡൽഹി: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ സി പി എം വനിതാ നേതാക്കൾക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പരാതി. നാഷണൽ ഫെഡറേഷൻ ഒഫ് ഇന്ത്യൻ വിമനാണ് പരാതി നൽകിയത്. വിഷയത്തിൽ അടിയന്തരമായി ബി ജെ പി സംസ്ഥാന പ്രസിഡന്റിനെതിരെ നടപടി വേണമെന്നാണ് ആവശ്യം. ജി 20യ്ക്ക് ഇന്ത്യ അദ്ധ്യക്ഷത വഹിക്കുമ്പോൾ രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുന്ന പരാമർശമാണിതെന്നും പരാതിയിൽ പറയുന്നു. അരുണ റോയി, ആനിരാജ എന്നിവർ ചേർന്നാണ് പരാതി നൽകിയത്.
ഇടത് വനിതാ നേതാക്കള്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ കെ സുരേന്ദ്രനെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഐപിസി 509, 304 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജനാധിപത്യമഹിളാ അസോസിയേഷൻ സംസ്ഥാന സെ ക്രട്ടറി സി എസ് സുജാത നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
അതേസമയം ഈ വിമർശനങ്ങൾക്കെതിരെ കെ സുരേന്ദ്രൻ രംഗത്ത് വന്നിരുന്നു. പൂതന പരാമർശം ഒരു വ്യക്തിയെ ഉദ്ദേശിച്ച് നടത്തിയതല്ലെന്നും കുബുദ്ധികളായ ചിലർ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് വിമർശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'പൂതന പരാമർശം സ്ത്രീവിരുദ്ധതയല്ല, അതൊരു രാഷ്ട്രീയ പ്രസ്താവനയാണ്. സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ അധികാരത്തിലേറിയ ശേഷം അഴിമതി നടത്തുന്ന സിപിഎമ്മിന്റെ വനിതാ നേതാക്കൾക്കെതിരെയുള്ള ഒരു ജനറൽ സ്റ്റേറ്റ്മെന്റ് മാത്രമാണത്. അത് ഒരു വ്യക്തിയേയും ഉദ്ദേശിച്ചല്ല. വി ഡി സതീശന് സിപിഎമ്മുമായി അടുക്കാനുള്ള ഒരു വഴിമാത്രമാണിത്. റിയാസിന്റേത് വിവാഹം അല്ല അത് വ്യഭിചാരം ആണെന്ന് മുസ്ലിം ലീഗ് നേതാവ് പറഞ്ഞപ്പോൾ ഒരു സിപിഎം നേതാവും കേസ് കൊടുത്തില്ല. രമ്യ ഹരിദാസ് -കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയെപ്പറ്റി എ വിജയരാഘവൻ അശ്ലീലം പറഞ്ഞപ്പോൾ വി ഡി സതീശൻ ഉൾപ്പെടെയുള്ള ഒരു കോൺഗ്രസ് നേതാവും മിണ്ടിയില്ല. ജി സുധാകരൻ ഷാനിമോൾ ഉസ്മാനെ പൂതന എന്ന് വിളിച്ചപ്പോൾ ഒരു കേസും എടുത്തില്ല. എം എം മണിയുടെയും വി എസിന്റെയും പ്രസ്താവനകൾക്കെതിരെയും കേസെടുത്തില്ല. '- കെ.സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |