കൊച്ചി : തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ.ബാബുവിനെതിരെ സി,പി.എമ്മിന്റെ എം, സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് കെ.ബാബു നൽകിയ കവിയറ്റ് കോടതി തള്ളി. സ്വാമി അയ്യപ്പന്റെ പേര് പറഞ്ഞ് കെ. ബാബു വോട്ട് തേടിയെന്നാണ് കേസ്.
അതേസമയം ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ലെന്ന് കെ. ബാബു പ്രതികരിച്ചു. തന്റെ തടസഹർജിയിൽ ഒരു ഭാഗം കോടതി അംഗീകരിച്ചുവെന്ന് കെ. ബാബു പറഞ്ഞു. സ്വാമി അയ്യപ്പന്റെ പടം വച്ച് സ്ലിപ്പ് അടിച്ചിട്ടില്ല. ഇതാദ്യം കിട്ടിയെന്ന് പറയുന്നത് ഡി.വൈ.എഫ്.ഐ നേതാവിനാണ് . ഇത് കൃത്രിമമമായി ഉണ്ടാക്കിയതാണെന്നും കെ. ബാബു പറയുന്നു. നിയമോപദേശത്തിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാമി അയ്യപ്പന്റെ പേര് പറഞ്ഞ് കെ. ബാബു വോട്ടു തേടിയത് തിരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും കെ. ബാബുവിന്റെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സ്വരാജ് ഹർജി നൽകിയത്. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് വിതരണം ചെയ്ത തിരഞ്ഞെടുപ്പ് സ്ലിപ്പുകളിൽ കെ. ബാബുവിന്റെ പേരും ചിഹ്നവും ഉൾപ്പെട്ടിരുന്നു. തൃപ്പൂണിത്തുറ മണ്ഡലത്തിൽ അയ്യപ്പനും സ്വരാജും തമ്മിലാണ് മത്സരമെന്നും അയ്യപ്പന് വോട്ട് ചെയ്ത് കെ. ബാബുവിനെ വിജയിപ്പിക്കണമെന്നും വ്യാപക പ്രചാരണവും ചുവരെഴുത്തും നടത്തിയിരുന്നു. ഇതിനായി യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നുവെന്നും ഹർജിയിൽ സ്വരാജ് ചൂണ്ടിക്കാട്ടി.
കെ. ബാബു എം.എൽ.എ, സ്ഥാനാർത്ഥികളായിരുന്ന ഡോ. കെ.എസ്. രാധാകൃഷ്‌ണൻ, കെ.പി. അയ്യപ്പൻ, പി.സി. അരുൺ ബാബു, രാജേഷ് പൈറോഡ്, സി.ബി. അശോകൻ തുടങ്ങിയവരാണ് എതിർകക്ഷികൾ . ജനപ്രാതിനിധ്യ നിയമത്തിലെ സെക്‌ഷൻ 123 പ്രകാരം ജാതി, മതം, സമുദായം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വോട്ടു ചോദിക്കുന്നത് തിരഞ്ഞെടുപ്പു ക്രമക്കേടാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |