റിയാദ്: സൗദി അറേബ്യയിൽ മലയാളി കാറിടിച്ച് മരിച്ചു. വഴിയിൽ കേടായി നിന്ന വാഹനം പരിശോധിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. റിയാദ് എക്‌സിറ്റ് 18ൽ ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് അപകടം നടന്നത്. കൊല്ലം പത്തനാപുരം കുന്നിക്കോട് വിളക്കുടി ആവണീശ്വരം സ്വദേശി നിയാസ് മൻസിലിൽ സുലെെമാൻ കുഞ്ഞ് (61) ആണ് മരിച്ചത്.
ട്രാൻസ്പോർട്ടിംഗ് ജോലി ചെയ്യുന്ന ഇദ്ദേഹം കോൾഡ് സ്റ്റോറേജ് സൗകര്യമുള്ള മിനിട്രക്കാണ് ഓടിച്ചിരുന്നത്. ഇതുമായി സഞ്ചരിക്കുമ്പോൾ എന്തോ തകരാർ സംഭവിച്ച് വാഹനം വഴിയിൽ നിന്നു പോയി. എന്താണ് സംഭവിച്ചതെന്ന് അറിയാൻ പുറത്തിറങ്ങി വാഹനം പരിശോധിക്കുന്നതിനിടെ പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. സുലെെമാൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊലീസ് എത്തി മൃതദേഹം ശുമെെസി കിംഗ് ഊദ് ആശുപത്രിയിൽ മാറ്റി.
30 വർഷമായി റിയാദിൽ പ്രവാസിയായ സുലെെമാൻ മൂന്ന് മാസം മുൻപാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടി ആരംഭിച്ചു . പരേതനായ മെെതീൻ കുഞ്ഞ് ആണ് പിതാവ്. മാതാവ്: മുത്തുബീവി, ഭാര്യ: ജമീല ബീവി, മക്കൾ: നിയാസ്, നാസില, പരേതനായ നാസ്‌മിദ്. മരുമകൻ: ഷറഫുദ്ദീൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |