SignIn
Kerala Kaumudi Online
Friday, 26 April 2024 2.23 PM IST

അയിത്തം ക്ഷേത്രങ്ങളിൽ നിലനിൽക്കുന്നു

vellappalli-natesan

വൈക്കം സത്യഗ്രഹം ശതാബ്ദിയിലെത്തുമ്പോൾ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അഭിമുഖം.

.................

വൈക്കം സത്യഗ്രഹം ശതാബ്‌ദിയിലെത്തി നിൽക്കുമ്പോൾ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഓർമ്മകളിലും സമരാവേശത്തിന്റെ കനലുണ്ട്. ' എനിക്ക് 86 വയസായി. സത്യഗ്രഹത്തിന് 15 വർഷങ്ങൾക്ക് ശേഷമായിരുന്നു ജനനം. വഴിയിലൂടെ നടക്കാൻ സ്വാതന്ത്ര്യം ലഭിച്ച് 16 വർഷങ്ങൾക്ക് ശേഷമായിരുന്നു എന്റെ ചോറൂണ്. വൈക്കം ക്ഷേത്രത്തിൽ ചോറുണ്ണാൻ അനുവദിച്ചില്ല. പ്രതിഷേധഫലമായി കൊടിമരച്ചുവട്ടിൽ ചോറുണ്ടു. അമ്മ പറഞ്ഞ ഓർമ്മകൾ മനസിൽ പ്രകമ്പനം കൊള്ളുന്നു'.

വൈക്കം സത്യഗ്രഹം ശതാബ്ദിയിലെത്തുമ്പോൾ അവർണരോടുള്ള അവഗണനയിൽ മാറ്റമുണ്ടോ?

സത്യഗ്രഹത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വേണ്ടത്ര ഇപ്പോഴും സമൂഹത്തിൽ പ്രതിഫലിക്കുന്നില്ല. പിന്നാക്ക - അധഃസ്ഥിത വിഭാഗങ്ങളോടുള്ള അവഗണന അനസ്യൂതം തുടരുന്നു. രാഷ്‌ട്രീയ, സാമ്പത്തിക, വിഭ്യാഭ്യാസനീതി മറ്റുള്ളവർക്ക് ലഭിക്കുന്നതുപോലെ ഈ വിഭാഗങ്ങൾക്കില്ല. ഇന്നും അവഗണനയാണ്. അഭിമാനകരമായ സത്യഗ്രഹ സമരത്തിന്റെ സ്‌മരണകൾ ഉണർത്താൻ ഓരോരുത്തരും മത്സരിക്കുമ്പോൾ ഇന്നും അധഃസ്ഥിതനുവേണ്ടി അവർക്കെന്തു ചെയ്യാൻ കഴിഞ്ഞു? അധഃസ്ഥിതരെ ചവിട്ടിതാഴ്‌ത്തിയ കുളത്തിന് ഇന്ന് ദളവയുടെ മാഹാത്മ്യമാണുള്ളത്. പിന്നാക്കക്കാരെ ചവിട്ടിത്താഴ്‌ത്തിയ സ്‌മരണകളുറങ്ങുന്ന ആ മണ്ണിൽ അവർക്കായി ഒരു സ്‌മാരകമുയർത്താൻ ചരിത്രകാരന്മാരും രാഷ്‌ട്രീയക്കാരും തയ്യാറായിട്ടില്ല. ഇന്നും ക്ഷേത്രങ്ങളിലെല്ലാം അവഗണന നേരിടുന്നു. പിന്നാക്കവിഭാഗങ്ങൾ ഇന്നും മറ്റൊരു രീതിയിൽ ക്ഷേത്രങ്ങളിൽ അയിത്തം അനുഭവിക്കുന്നു.

വൈക്കം സത്യഗ്രഹ ചരിത്രം വളച്ചൊടിക്കാൻ ശ്രമമുണ്ടോ?

തീർച്ചയായിട്ടുമുണ്ട്. വലുതെന്ന് അവകാശപ്പെടുന്ന ഒരു മാദ്ധ്യമം ചരിത്രത്തെ പരിമിതമായി വ്യാഖ്യാനിച്ച് അവർണർക്കു വേണ്ടി സവർണർ നടത്തിയ വലിയ സംഭവമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. ചരിത്രനായകനായി പ്രവർത്തിച്ച ടി.കെ. മാധവനെ വിസ്‌മരിക്കുന്നു. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റായിരുന്ന ശ്രീനാരായണ ഗുരുദേവൻ അന്നത്തെക്കാലത്ത് 1001 രൂപയാണ് സമരത്തിന് സംഭാവനയായി നൽകിയത്. അന്ന് ഒരു പവന് 13 രൂപയേ വിലയുള്ളൂ. അതുവച്ച് താരതമ്യം ചെയ്യുമ്പോൾ ഇന്ന് സംഭാവന ഒരു കോടിയാകും. സമരസേനാനികൾക്ക് താമസിക്കാൻ സ്ഥലമില്ലാതിരുന്നതിനാൽ ഗുരുദേവൻ സ്വന്തം പേരിൽ ഭൂമിവാങ്ങി ഇടം നൽകി. ആ സ്ഥലം ഇന്നും ഗുരുദേവന്റെ പേരിലാണുള്ളത്. അവിടെയാണ് ആശ്രമം സ്‌കൂളുള്ളത്. ഈ ചരിത്രങ്ങളൊന്നും ആരും പറയുന്നില്ല. യഥാർത്ഥ ചരിത്രനായകന്മാരെ ഒഴിവാക്കി ചില സവർണ നേതാക്കന്മാരെ ഉയർത്തി അവർണർക്കുവേണ്ടി പോരാടിയത് അവരാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുമ്പോൾ വളരെയധികം ദുഃഖമുണ്ട്. ചരിത്രത്തെ വളച്ചൊടിക്കുകയാണ്. ആദ്യം സമരത്തിനിറങ്ങിയ മൂന്നുപേരിൽ ഒരാൾ ഈഴവനായിരുന്നു എന്നതും ഓർക്കണം.

ശതാബ്‌ദി എസ്.എൻ.ഡി.പി യോഗം എങ്ങനെ ആഘോഷിക്കുന്നു ?

യോഗം എല്ലാ ആഘോഷങ്ങളും ഉൾക്കൊള്ളുന്നു. വൈക്കം സത്യഗ്രഹത്തിന്റെ മുഴുവൻ മാഹാത്മ്യവും ഉയർത്തിപ്പിടിക്കാൻ യൂണിയൻ തയ്യാറാവുകയാണ്. അതിനാൽ അവരെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നു. ശതാബ്‌ദിയുടെ പ്രസക്തി തിരിച്ചറിഞ്ഞ് സർക്കാർ ആഘോഷങ്ങൾക്ക് തയ്യാറാകുമ്പോൾ അതിന്റെ പ്രചാരണങ്ങൾക്ക് ആവശ്യമായ സഹായ - സഹകരണങ്ങൾ യോഗനേതൃത്വം നൽകുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VAIKOM SATYAGRAHAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.