SignIn
Kerala Kaumudi Online
Friday, 26 April 2024 9.02 AM IST

തിരിച്ചുവരണം ജനമൈത്രി പൊലീസ്

പൊലീസിന് നേരെ അടുത്തകാലത്തുയവരുന്ന വിമർശനങ്ങൾ സർക്കാരിന് പ്രതിരോധിക്കാനാവാത്ത വിധം ശക്തമാണ്. തൃപ്പൂണിത്തുറയിൽ പെറ്റിക്കേസിന്റെ പേരിൽ കസ്‌റ്റഡിയിലെടുത്തയാൾ സ്‌റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചതാണ് ഒടുവിലത്തേത്. കൈകരുത്തും ചോരത്തിളപ്പുമല്ല പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. ഈ രീതിയിലാണ് സേനയുടെ പോക്കെങ്കിൽ ഇതിലും വലിയ സംഭവങ്ങൾ അരങ്ങേറുമെന്ന് സമീപകാല സംഭവങ്ങൾ ഓർമ്മപ്പെടുത്തുന്നു. പൊലീസിനെ ചിട്ട പഠിപ്പിക്കാൻ ഹൈക്കോടതി, മനുഷ്യാവകാശ കമ്മിഷൻ, പൊലീസ് കംപ്‌ളൈയിന്റ് അതോറിട്ടി എന്നിവർ മുറയ്‌ക്ക് ഉത്തരവുകളും നിർദ്ദേശങ്ങളും ഇറക്കുന്നുണ്ടെങ്കിലും എല്ലാം കടലാസിലൊതുങ്ങുന്നു.

വാഹനപരിശോധനയ്‌ക്ക് പാത്തും പതുങ്ങിയുമുള്ള പൊലീസുകാരുടെ നിൽപ്പ് അവസാനിപ്പിക്കേണ്ട കാലമായി. നിസാര കാര്യങ്ങൾക്ക് പോലും സർക്കുലർ ഇറക്കുന്ന പൊലീസ് മേധാവിമാർ ഇക്കാര്യത്തിൽ മാത്രം അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു. സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടത്തിൽ നിയമലംഘകരെ കണ്ടെത്താൻ നിരവധി മാർഗങ്ങളുണ്ട്. വഴിനീളെ കാമറയുണ്ടെന്നാണ് പൊലീസിന്റെയും വാഹനവകുപ്പിന്റെയും അവകാശവാദം. ഇതിനായി ബഡ്‌ജറ്റുകളിൽ കോടിക്കണക്കിന് രൂപയാണ് മാറ്റിവയ്‌ക്കുന്നത്. പിന്നെയെന്തിനാണ് ഒരാളെ തൂക്കിയെടുത്ത് സ്‌റ്റേഷനിൽ കൊണ്ടുപോകുന്നത്. പ്രാകൃത പൊലീസ് മുറകൾ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു.

പുതിയ സേനാംഗങ്ങൾക്ക് സമൂഹത്തോട് ഒരു കടപ്പാടുമില്ലെന്നാണ് പ്രധാന വിമർശനം. ന്യൂജെൻ പിള്ളേരുകളിയായി സേന മാറിയെന്ന ആക്ഷേപവുമുണ്ട്. അതിന്റെ വാസ്‌തവം പരിശാേധിക്കുന്നില്ലെങ്കിലും സേനയുടെ അച്ചടക്കം എവിടെപ്പോയെന്ന ചോദ്യം ഉയരുകയാണ്. പൊലീസ് അക്കാഡമിയിൽ ഒമ്പതു മാസത്തെ പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്ന പൊലീസുകാർക്ക് ചോരത്തിളപ്പ് കാണിക്കേണ്ട സ്ഥലമല്ല സമൂഹം. കടന്നുപോയ നാളുകളിൽ ജനങ്ങളോട് ചേർന്നുനിന്ന് പ്രവർത്തിച്ച പാരമ്പര്യമാണ് കേരള പൊലീസിന്റേത്. ഇതിലൂടെ കോളിളക്കമുണ്ടാക്കിയ പല കേസുകളിലും തുമ്പുണ്ടാക്കാൻ കഴിഞ്ഞെന്ന കാര്യം ആരും വിസ്‌മരിക്കരുത്. എന്തൊക്കെ ആധുനിക സാങ്കേതിക വിദ്യയുണ്ടെങ്കിലും കേസന്വേഷണത്തിൽ പൊതുജനസഹകരണവും വിവരം കൈമാറലും വലിയൊരു ഘടകമാണ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങളുടെ മേൽ കുതിരകയറുന്ന പൊലീസുകാരെ നേരായവഴിയിലൂടെ സഞ്ചരിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ തയ്യാറാകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞെന്ന് സർക്കാരും ഓർക്കണം.

ഒരു സമയത്ത് ജനമൈത്രിയെന്ന പേര് പൊലീസിന് സ്വർണകിരീടമായിരുന്നു. ഏതുസമയത്തും പൊതുജനങ്ങൾക്ക് പൊലീസ് സ്‌റ്റേഷനിൽ കയറി ചെല്ലാവുന്ന കാലം. സുഖവിവരങ്ങൾ തിരക്കി പൊലീസുകാർ വീട്ടിലേക്ക് വരുന്ന ദിവസങ്ങൾ. ഭയപ്പാടോടെ പൊലീസുകാരെ കണ്ടിരുന്ന കുട്ടികൾ സ്‌റ്റേഷനിലെ ഉൗഞ്ഞാലിലിരുന്ന് ആടുന്ന കാഴ്ചകളും നാം കണ്ടു. ആ സ്ഥിതിയാണോ ഇന്ന് സ്‌റ്റേഷനുകളിലെന്ന് പരിശാേധിക്കപ്പെടണം. ഉന്നത ഉദ്യോഗസ്ഥർ മുന്നറിയിപ്പില്ലാതെ സ്‌റ്റേഷനുകളിൽ പരിശോധനയ്‌ക്കും എത്തിയിരുന്നു. ഇന്ന് ആ രീതി പേരിനു മാത്രമായി. പൊലീസുകാരെ ജനങ്ങൾ ഭയപ്പാടോടെ നോക്കി കാണുന്ന ഒരു കാലത്തേക്ക് ഇനി മടക്കയാത്ര അരുത്. അതിനായി പൊലീസുകാർ വീണ്ടും ജനങ്ങളുടെ കാവലാളാവുകയും ജനങ്ങൾ പൊലീസുകാരുടെ ഉറ്റസുഹൃത്തുക്കളായി മാറുകയും വേണം.

ക്രിമിനൽ കേസുകളിൽ പ്രതികളാകുന്ന പൊലീസുകാരുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 50 ശതമാനത്തിലധികം വർദ്ധനയുണ്ടായെന്ന് ആഭ്യന്തരവകുപ്പ് സമ്മതിക്കുന്നുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളവരെ സർവീസിൽ നിന്ന് മാറ്റി നിറുത്തണമെന്ന നിർദ്ദേശം പലപ്പോഴും പാലിക്കപ്പെടാറില്ല. പൊലീസ് ഭീകരതയ്ക്ക് ഇരകളാകുന്നവർ നൽകുന്ന പരാതികളിൽ നടപടിയും വിദൂര സാദ്ധ്യതകളിലൊന്നാണ്. മാദ്ധ്യമ വാർത്തകളും ദൃശ്യങ്ങളും പുറത്തുവരുമ്പോൾ വിവാദങ്ങളിൽ നിന്ന് ഓടിയകലാൻ സാധിക്കില്ലെന്ന് ഉറപ്പാകുമ്പോഴാണ് മിക്കപ്പോഴും അന്വേഷണവും നടപടികളുമുണ്ടാകുന്നത്.

ജനങ്ങളും പൊലീസും തമ്മിലുള്ള സൗഹൃദം ഇന്ന് കാണാനില്ല. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് ജനമൈത്രി പൊലീസ് സംവിധാനം കാര്യക്ഷമമായത്. അന്ന് പലരും ഈ പദ്ധതിയെ നോക്കി കളിയാക്കി ചിരിച്ചപ്പോൾ പിന്നീട് കണ്ടത് ജനങ്ങളും പൊലീസും അടുക്കുന്ന കാഴ്ചയാണ്. വീട്ടിലെത്തി ക്ഷേമം അന്വേഷിക്കുന്ന ബീറ്റ് പൊലീസ് ഉദ്യോഗസ്ഥർ നാടിന്റെ സ്പന്ദനം ഒപ്പിയെടുത്തു. ഇന്റലിജൻസും കാര്യക്ഷമമായി. ജനങ്ങൾക്ക് വേണ്ട സുരക്ഷ ഉറപ്പാക്കാൻ പൊലീസിനായി . അക്രമസംഭവങ്ങൾ കുറയുകയും ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തമാകുകയും ചെയ്തു. ജനമൈത്രി സംവിധാനം പേരിന് മാത്രമായതോടെ ആ നല്ലകാലം വിസ്മൃതിയിലായെന്ന് ഒരു തർക്കവുമില്ലാതെ പറയാൻ കഴിയും.

ആഭ്യന്തര വകുപ്പിന് നേതൃത്വം നൽകുന്നവർ പൊലീസുകാരുടെ കുറ്റകൃത്യങ്ങൾ ലാഘവത്തോടെ നോക്കി കാണുന്നതാണ് ക്രിമിനൽ പ്രവർത്തനങ്ങൾ വർദ്ധിക്കാൻ ഇടയാക്കുന്നത്. മേലധികാരികളും കുറ്റകരമായ വീഴ്ച വരുത്തുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദിത്വപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ തന്നെ ജനത്തിന് ഭീഷണിയാകുന്നുവെന്ന അവസ്ഥ ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്. തൃപ്പൂണിത്തുറയിലെ സംഭവത്തിൽ കുറ്റക്കാരനായ എസ്.ഐയെ സസ്‌പെൻഡ് ചെയ്‌തെങ്കിലും അതൊരു നടപടി മാത്രമാണ്. മാസങ്ങൾക്കുള്ളിൽ ഉദ്യോഗസ്ഥൻ സർവീസിൽ തിരികെ പ്രവേശിക്കും. എന്നാൽ, ഇത്തരം സംഭവങ്ങൾ ഭാവിയിലുണ്ടാകാതിരിക്കാനുള്ള മാർഗങ്ങളാണ് തേടേണ്ടത്. അതിന് മുൻകൈയെടുക്കേണ്ടത് സർക്കാരാണ്. നിയമലംഘനങ്ങളുടെ പിഴത്തുക സമാഹരിക്കാൻ തങ്ങൾക്ക് ടാർജറ്റുണ്ടെന്ന ഉദ്യോഗസ്ഥരുടെ വാദം ശരിയായിരിക്കാം. ഖജനാവിലേക്ക് തുക കണ്ടെത്താൻ സർക്കാരുകൾ വിവിധ മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. എന്നാൽ, അതൊരാളുടെ ജീവൻ കവർന്നുകൊണ്ടാകരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA POLICE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.