കാഞ്ഞങ്ങാട്: തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിന്റെ കീഴിൽ കോഴിക്കോട് കക്കോടിയിൽ ഏപ്രിൽ 9ന് സമർപ്പിക്കുന്ന വിശ്വജ്ഞാനമന്ദിരം ഉദ്ഘാടനത്തിന്റെ ഭാഗമായി 7 ന് കോഴിക്കോട് ബീച്ചിൽ 101 മീറ്റർ കാൻവാസിൽ 101 ശില്പികളുടെ നേതൃത്വത്തിൽ ഏറ്റവും വലിയ മൺചിത്രമൊരുക്കുന്നതിന്റെ മണ്ണ് ശേഖരണം പൂർത്തിയായി.
കന്യാകുമാരി മുതൽ കാസർകോട് വരെയുള്ള ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ, ക്രിസ്ത്യൻ-മുസ്ളിം ആരാധനാലയങ്ങൾ, ആശ്രമങ്ങൾ, നവോത്ഥാന നായകരുടെ ഭവനങ്ങൾ, ചരിത്ര സ്മാരകങ്ങൾ, എൻഡോസൾഫാൻ ദുരിത ബാധിത മേഖലകൾ, രക്തസാക്ഷി മണ്ഡപങ്ങൾ തുടങ്ങിയ പുണ്യഭൂമികളിൽ നിന്നും ശേഖരിച്ച മൺതരികൾ കൊണ്ടാണ് മൺചിത്ര ശില്പം ഒരുക്കുന്നത്. കാസർകോട് ജില്ലയിലെ മണ്ണ് ശേഖരണ പദ്ധതി ഉദ്ഘാടനം ആനന്ദാശ്രമത്തിൽ നിന്ന് ആശ്രമം മഠാധിപതി സ്വാമി മുക്താനന്ദ ശാന്തിഗിരി ആശ്രമം ജില്ലാ പ്രതിനിധി വിനോദ് കുമാറിന് മൺകുടം സമർപ്പിച്ച് നിർവ്വഹിച്ചു. കുമ്പള അനന്തപുരം ശ്രീ പത്മനാഭക്ഷേത്രം, കാസർകോട് മാലിക് ദിനാർ പള്ളി, പടന്നക്കാട് ഗുഡ് ഷെപ്പേർഡ് ദേവാലയം, എൻമകജെ എൻഡോസൾഫാൻ ദുരിത ബാധിത പ്രദേശങ്ങൾ, ബേക്കൽ കോട്ടയിലെയും മണ്ണുകൾ ശേഖരിച്ചു. ഇന്നലെ രാവിലെ വെള്ളിക്കോത്ത് മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ഭവനത്തിൽ നിന്ന് കവിയുടെ പുത്രനും സാഹിത്യകാരനുമായ വി. രവീന്ദ്രൻ നായരിൽ നിന്നും മൺകുടം ഏറ്റുവാങ്ങി. പിതാവിന്റെ കവിതകൾ ഉരുവിട്ടാണ് രവീന്ദ്രൻ നായർ ശാന്തിഗിരി ആശ്രമം പ്രതിനിധികൾക്ക് കവിയുടെ കാൽപ്പാടുകൾ പതിഞ്ഞ ഭവനത്തിൽ നിന്നും ശേഖരിച്ച മൺതരികൾ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |