ന്യൂയോർക്ക് : ആഡംബര വാച്ചുകളോട് പ്രിയമുള്ളവർ ഏറെയാണ്. വ്യത്യസ്ത ഡിസൈനുകളിലും ടെക്നോളജിയിലുമുള്ള വാച്ചുകൾ ശേഖരിക്കുന്നവരുമുണ്ട്. ആഡംബര വാച്ചിനായി കോടികൾ മുടക്കാൻ മടിയില്ലാത്തവർക്കായി ഒരു റോയൽ വാച്ച് അവതരിപ്പിച്ചിരിക്കുകയാണ് അമേരിക്കൻ ആഭരണ നിർമ്മാതാക്കളും റിസ്റ്റ് വാച്ച് റീട്ടെയ്‌ലറുമായ ജേക്കബ് ആൻഡ് കമ്പനി.
20 മില്യൺ ഡോളർ ( 1,64,28,50,000 രൂപയാണ് ) കമ്പനിയുടെ ഏറ്റവും പുതിയ ബില്യനയർ വാച്ചിന്റെ വില. ! ലോകത്തെ ഏറ്റവും വില കൂടിയ വാച്ചുകളിലൊന്ന്. സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന വാർഷിക വാച്ചസ് ആൻഡ് വണ്ടേഴ്സ് പ്രദർശനത്തിലാണ് ഈ സ്റ്റൈലിഷ് വാച്ചിനെ അവതരിപ്പിച്ചത്. ഈ വാച്ചിന് ഇത്ര കൂടുതൽ വില വരാൻ എന്താകും കാരണം എന്നാണോ ആലോചിക്കുന്നത്.
അമൂല്യവും ഉയർന്ന നിലവാരത്തോടും കൂടിയ മഞ്ഞ ഡയമണ്ടുകളാണ് ഇതിന്റെ പ്രത്യേകത. മൂന്നര വർഷം കൊണ്ടാണ് മഞ്ഞ ഡയമണ്ടുകൾ ശേഖരിച്ച് അത് കട്ട് ചെയ്ത് ഗോൾഡ് ബ്രേസ്‌ലെറ്റിൽ കോർത്തിണക്കാൻ കമ്പനിക്ക് വേണ്ടി വന്നത്. വാച്ചിലെ 216.89 കാരറ്റ് ഭാരമുള്ള 482 മഞ്ഞ ഡയമണ്ടുകൾ ചേർന്ന് മനോഹരമായ കാലിഡോസ്കോപ്പിക് ഇഫക്ട് നൽകുന്നു. ഇതിനൊപ്പം 76 സേവൊറൈറ്റ് സ്റ്റോണുകളും ചേർത്തിട്ടുണ്ട്.
' ബില്യനയർ ടൈംലെസ് ട്രഷർ " എന്നാണ് ഈ വാച്ചിന് നൽകിയിരിക്കുന്ന പേര്. ഭൂമിയിൽ വളരെ അപൂർവമായി കാണപ്പെടുന്നവയാണ് മഞ്ഞ ഡയമണ്ടുകൾ. വെള്ള ഡയമണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ 10,000ത്തിൽ ഒന്നാണ് മഞ്ഞ ഡയമണ്ട് ലഭിക്കാനുള്ള സാദ്ധ്യത. 2015ൽ 260 കാരറ്റ് വെള്ള ഡയമണ്ടിന്റെയും 2018ൽ 127 കാരറ്റ് മഞ്ഞ ഡയമണ്ടിന്റെയും ആഡംബര വാച്ചുകളും കമ്പനി പുറത്തിറക്കിയിരുന്നു.
കമ്പനിയുടെ ബില്യനയർ കളക്ഷനിൽ വരുന്ന ഇത്തരം ആഡംബര വാച്ചുകളിലൊന്ന് 2018ൽ ബോക്സിംഗ് ഇതിഹാസം ഫ്ലോയ്‌ഡ് മെയ്‌വെതർ സ്വന്തമാക്കിയിരുന്നു. 2015 മുതൽ ഇതേ ശ്രേണിയിലെ 21 വാച്ചുകളാണ് കമ്പനി നിർമ്മിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |