കൊച്ചി: നിയമനങ്ങൾ സംബന്ധിച്ച പി.എസ്.സി നടപടിക്രമങ്ങളിൽ ഇടപെടാൻ മനുഷ്യാവകാശ കമ്മിഷന് അധികാരമില്ലെന്ന് ഹൈക്കോടതി. കോടതികൾക്ക് മാത്രമാണ് അതിനുള്ള അധികാരമെന്ന പി.എസ്.സി വാദം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഒന്നിലേറെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവർക്ക് ഏതെങ്കിലും ലിസ്റ്റിൽ നിന്ന് ഒഴിവാകാനുള്ള നടപടിക്രമങ്ങൾ കാലതാമസമുള്ളതും ചെലവേറിയതുമായതിനാൽ ഉദ്യോഗാർത്ഥികൾ പ്രൊഫൈൽ വഴി നല്കുന്ന അപേക്ഷ പരിഗണിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ 2020 ഫെബ്രുവരി 11ലെ ഉത്തരവിനെ ചോദ്യം ചെയ്ത് പി.എസ്.സി നല്കിയ ഹർജിയാണ് കോടതി പരിഗണിച്ചത്. നിയമനമടക്കമുള്ള ഒരു നടപടിക്രമവും ചോദ്യം ചെയ്യാൻ മനുഷ്യാവകാശ കമ്മിഷന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
റാങ്ക്പട്ടികയിൽ നിന്ന് പേര് നീക്കാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് സ്വദേശി കെ. കെ. റിജു നല്കിയ പരാതി പരിഗണിച്ചായിരുന്നു മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |