SignIn
Kerala Kaumudi Online
Thursday, 19 September 2024 1.39 AM IST

വിമോചന പോരാട്ടത്തിൽ തിളങ്ങുന്ന നാഴികക്കല്ല്

Increase Font Size Decrease Font Size Print Page

photo

മർദ്ദിത ജനകോടികളുടെ ഹൃദയവെളിച്ചമായി നിലകൊള്ളുന്ന അനശ്വര ശബ്ദങ്ങളിലൊന്നാണ് 'വിമോചനം." ഇന്ത്യൻ സ്വാതന്ത്ര്യ‌സമരത്തിനു തന്നെ പുതിയ ഉൗർജ്ജം പകർന്നുകൊടുത്ത വൈക്കം സത്യഗ്രഹം അധഃസ്ഥിത ജനതയുടെ വിമോചന പോരാട്ടത്തിൽ സുപ്രധാനമായ നാഴികക്കല്ലാണ്. ശ്രീനാരായണ ഗുരുദേവന്റെയും മഹാത്മാഗാന്ധിയുടെയും ഇ.വി. രാമസ്വാമി നായ്ക്കരുടേയും പിന്തുണയിലും സാന്നിദ്ധ്യത്തിലും ദേശീയശ്രദ്ധയാകർഷിച്ച ചരിത്രസംഭവമെന്ന അപൂർവതയും സത്യഗ്രഹത്തിനുണ്ട്.

'അയിത്തജാതിക്കാർക്ക് ഇതിനപ്പുറം പ്രവേശനം പാടില്ല' എന്ന, ക്ഷേത്രവഴിയിലെ ബോർഡ് ഇളകി വീണപ്പോൾ കേരളീയ സാമൂഹ്യചക്രവാളത്തിൽ നവോത്ഥാനത്തിന്റെ വസന്തം വിരിയുകയായിരുന്നു. ആ മുന്നേറ്റം ക്ഷേത്രപ്രവേശന വിളംബരത്തിൽ ചെന്നെത്തി. മാനവികതയുടെ മഹത്വമുൾക്കൊണ്ട് സമൂഹത്തെ പുനർനിർമ്മിക്കാനുള്ള മഹാദൗത്യത്തിനാണ് സത്യഗ്രഹം തുടക്കം കുറിച്ചത്. ആ ചരിത്രസ്‌മൃതിയിൽ നിന്ന് ആവേശം ഉൾക്കൊണ്ട് പ്രതിജ്ഞാബദ്ധമായ പ്രവർത്തനത്തിലൂടെ പുതിയ കർമ്മകാണ്ഡങ്ങൾ രചിക്കാൻ നാം ബാദ്ധ്യസ്ഥരാണ്.

ജാതിയും അയിത്തവും കൊണ്ട് അടിച്ചമർത്തപ്പെട്ട ജനതയുടെ പൗരാവകാശങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ സജീവപ്രശ്നമായി ഉയർത്തിക്കാട്ടാൻ വൈക്കം സത്യഗ്രഹത്തിന് കഴിഞ്ഞു. അഹിംസാക്തകമായ സ്വയം സഹനത്തിന്റെ മാർഗമാണ് ഗാന്ധിജി ഉപദേശിച്ചത്. 'മറ്റുള്ളവരുടെ സ്പർശനം തങ്ങൾക്ക് അശുദ്ധിവരുത്തുമെന്ന് കരുതുന്നവരെ അവരുടെ ശുദ്ധിയിൽ തുടരാൻ അനുവദിക്കരുത്" എന്ന ശ്രീനാരായണ ഗുരുദേവന്റെ വാക്കുകൾ സത്യഗ്രഹത്തിന്റെ അന്തിമലക്ഷ്യമായ ക്ഷേത്രപ്രവേശനത്തിലേക്ക് കുതിക്കാനുള്ള പ്രേരണയും കരുത്തുമാണ് നല്‌കിയത്. മൈത്രിയുടെയും സാഹോദര്യബോധത്തിന്റെയും സന്ദേശം ഉയർത്തിക്കൊണ്ട് മന്നത്തു പത്മനാഭന്റെ നേതൃത്വത്തിൽ നടന്ന സവർണ ജാഥയ്ക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. കേരളത്തിന്റെ ചിന്താധാരയിലും സാമൂഹിക പുരോഗതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലും മുഖ്യസ്രോതസായി വൈക്കം സത്യഗ്രഹം നിലകൊള്ളുന്നു. നൂറ്റാണ്ടുകളായി ഹിന്ദുത്വം താലോലിച്ചുവളർത്തിയ ജാതിവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടാണ് ഇവിടെ നവോത്ഥാന പ്രസ്ഥാനം വളർന്നുവന്നത്.

ജാതിയും മതഭേദ ചിന്തയും സാധാരണക്കാരെ ഇളക്കുന്ന വിഷായുധങ്ങളാണ്. ഇത്തരം മാരകായുധങ്ങളാണ് ചിലർ ഓരോ ദിവസവും ഇവിടെ പ്രയോഗിക്കുന്നത്. ചാതുർവർണ്യത്തെയും ജാതിവ്യവസ്ഥയെയും കുറിച്ച് അർത്ഥഗർഭമായ മൗനം ദീക്ഷിച്ചുകൊണ്ട് മതപരമായ ഏകീകരണത്തിനുവേണ്ടി നടത്തുന്ന ശ്രമങ്ങൾ നവോത്ഥാന മുന്നേറ്റത്തിൽ കടപുഴകിപ്പോയ ജീർണതകളെ തിരിച്ചുകൊണ്ടുവരാനുള്ള തന്ത്രപരമായ നീക്കങ്ങളായി തിരിച്ചറിയേണ്ടതുണ്ട്.

ജാതിരഹിതവും മതഭേദരഹിതവുമായ ലോകത്തിന്റെ തുടിപ്പുകളാണ് വൈക്കത്ത് മുഴങ്ങിയത്. ആ മഹാപോരാട്ടത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട് ഐക്യത്തോടെ മുന്നേറണമെന്നാണ് നവോത്ഥാന മാർഗത്തിലൂടെ കടന്നുപോയ കേരളം അഭിലഷിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VAIKKOM SATHYAGRAHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.