അഹമ്മദാബാദ്: കോഴി മൃഗമാണോ പക്ഷിയാണോ എന്ന ചോദ്യത്തിന് ഉത്തരം നൽകി ഗുജറാത്ത് സർക്കാർ. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരം കോഴിയെ മൃഗമായാണ് കണക്കാക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇക്കാര്യം അന്വേഷിച്ചുള്ള ഗുജറാത്ത് ഹെെക്കോടതിയുടെ ചോദ്യത്തിനാണ് സർക്കാർ മറുപടി നൽകിയത്.
പക്ഷികളെ അറുക്കാനായി ഇറച്ചിക്കടകളിൽ വിതരണം ചെയ്യുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അനിമൽ വെൽഫെയർ ഫൗണ്ടേഷൻ, അഹിംസ മഹാസംഘ് എന്നീ സന്നദ്ധ സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കശാപ്പുശാലകളിൽ വച്ചാണ് കോഴികളെ അറുക്കേണ്ടതെന്നും ഹർജിയിൽ പറയുന്നു.
നിയമലംഘനം ആരോപിച്ച് സംസ്ഥാനത്തുടനീളം തദ്ദേശ സ്ഥാപനങ്ങൾ ഇറച്ചിക്കടകളിൽ ഈയിടെ പരിശോധന നടത്തുകയും ചെയ്തിരുന്നു. കോഴി വിൽപ്പനക്കാരുടെ സംഘടന ഇതിനെതിരെ രംഗത്തെത്തുകയും വിഷയത്തിൽ ഹർജി നൽകുകയും ചെയ്തിട്ടുണ്ട്. ജസ്റ്റിസ് എൻ വി അൻജാരിയ, ജസ്റ്റിസ് നിരൾ മേത്ത എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
ഹർജികളിൽ വിശദീകരണം നൽകവെ സർക്കാർ പ്ലീഡർ മനീഷ ലവ്കുമാറാണ് കോഴികൾ മൃഗനിയമ പരിധിയിൽ വരുന്നതാണെന്ന് വ്യക്തമാക്കിയത്. മത്സ്യങ്ങൾ ഇതിന്റെ പരിധിയിൽ വരില്ലെന്നും അഭിഭാഷകൻ അറിയിച്ചു. ഇതനുസരിച്ച് കോഴിയെ മൃഗമായി കണക്കാക്കണമെന്ന് ഹെെക്കോടതി ഉത്തരവിട്ടാൽ, പിന്നീട് കശാപ്പുശാലകളിൽ മാത്രമേ കോഴിയെ അറുക്കാനാകൂ. ഇത് കോഴി കർഷകരെയും കോഴിയിറച്ചി കടകളെയും പ്രതികൂലമായി ബാധിക്കും.
കോഴികളെ കശാപ്പുശാലകളിൽ വച്ച് അറുക്കുന്നത് പ്രയോഗികമല്ലെന്ന് കോഴിക്കടയുടമകൾക്ക് വേണ്ടി ഹാജരായ അഡ്വ. കവിന വാദിച്ചു. കശാപ്പുശാലയിൽ മറ്റു മൃഗങ്ങളെ അറുക്കുന്നതിന് മുൻപും ശേഷവും മൃഗഡോക്‌ടറെ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. കോഴിക്കളുടെ കാര്യത്തിൽ അതെങ്ങനെ സാദ്ധ്യമാകുമെന്നും അവർ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |