മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്തിൽ ചുങ്കപ്പാറ - ചാലാപ്പള്ളി റോഡിൽ മാരംകുളം ജംഗ്ഷന് സമീപം സുഹൃത്തുക്കളുടെ കുലുക്കി സർബത്ത് കടയിൽ എത്തുന്നവരുടെ ഉള്ളുകുളിർക്കും. ചുങ്കപ്പാറ മാരംകുളം സ്വദേശി കാഞ്ഞിരപാറ തടത്തിൽ പ്രിൻസ് മാത്യു , പെരുമ്പെട്ടി സ്വദേശി ചിരട്ടോലിൽ അനീഷ് എന്നിവർ പകരുന്നത് സ്വാദിന്റെ ചങ്ങാത്തമാണ്. വിവിധ പ്രദേശങ്ങളിൽ നിന്ന് ഇടിച്ചുകൂട്ട് നാരങ്ങാവെള്ളം കുടിക്കുവാൻ ഇവിടെ ആളുകൾ എത്താറുണ്ട്. അങ്ങാടി മരുന്നുകൾ ഉൾപ്പെടെ 12 കൂട്ടം ഔഷധ വിഭവങ്ങളാണ് ഇടിച്ചുകൂട്ട് നാരങ്ങാവെള്ളത്തിനെ വ്യത്യസ്തമാക്കുന്നത്. ഇതിൽ ജാതിക്ക, ജാതിത്തോട് ,നെല്ലിക്ക, ഗ്രാമ്പൂ, തക്കോലം, കറുവാപ്പട്ട, ഇഞ്ചി, കാന്താരി, ചുവന്നുള്ളി, പൊതീന, പനിനീർകൂർക്ക, തുളസിയില എന്നിവ ഉൾപ്പെടുന്നു. കൂടാതെ വിവിധ ഫ്ലേവറുകളിലുള്ള കുലുക്കി സർബത്ത്, തണ്ണിമത്തൻ ജ്യൂസ് , സംഭാരം എന്നിവയുമുണ്ട്. പ്രവാസിയായ പ്രിൻസിന് കൊവിഡിന് ശേഷം വിദേശജോലിക്ക് പോകാൻ കഴിയാതെ വന്നതും തടിപ്പണിക്കാരനായ അനീഷിന്റെ ജോലിക്കുറവുമാണ് ഇവരെ വഴിയോര സർബത്ത് കടയിലെത്തിച്ചത്. കാൻസർ ബാധിതനായ ഇവരുടെ സുഹൃത്തിനെ സഹായിക്കുവാൻ 200 രൂപ ദിവസേന മാറ്റി വയ്ക്കുവാൻ ഉത്സവപറമ്പുകളിൽ വരെ സർബത്ത് കടയുമായി ഇവർ എത്താറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |