മെക്സിക്കോ: ഹോട്ട് എയർ ബലൂണിന് തീപിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. മെക്സിക്കോ സിറ്റിയ്ക്ക് സമീപമാണ് അപകടമുണ്ടായത്. സംഭവത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 8.40ഓടെയാണ് ബലൂണിനുള്ളിൽ തീപടർന്നത്. ഉടൻ തന്നെ ഉള്ളിലുണ്ടായിരുന്നവർ പുറത്തേയ്ക്ക് ചാടി. ഒരു കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റതായി മെക്സിക്കോ സംസ്ഥാന സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
30 വയസുള്ള സ്ത്രീയും 50 വയസുള്ള പുരുഷനുമാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റവരിൽ ഒരാൾക്ക് മുഖത്ത് സാരമായി പൊള്ളലേൽക്കുകയും വലത് തുടയെല്ലിന് പൊട്ടലുണ്ടാവുകയും ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ ബലൂണിന്റെ ഗൊണ്ടോള പൊട്ടിത്തെറിക്കുന്നത് കാണാം. ലോകമെന്പാടുമുള്ള ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ ഓരോ വർഷവും സന്ദർശിക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്.
2016ൽ അമേരിക്കയിലെ ടെക്സാസിലും ഹോട്ട് എയർ ബലൂണിന് തീപിടിച്ച് സമാനമായ രീതിയിൽ അപകടമുണ്ടായിരുന്നു. 16പേരാണ് അന്ന് മരിച്ചത്. ടെക്സാസിൽ രജിസ്ട്രേഷൻ നടത്താതെയാണ് ഹോട്ട് എയർ ബലൂണുകൾ പറത്തിയിരുന്നതെന്ന് അന്ന് കണ്ടെത്തിയിരുന്നു. 2013 ഫെബ്രുവരിയിൽ ഈജിപ്തിലെ ലക്‌സോറിലും ഹോട്ട് എയർ ബലൂണിന് തീപിടിച്ച് ആയിരം അടി താഴ്ചയിലേയ്ക്ക് വീണ 19 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |