മുലപ്പാലിന്റെ മാധുര്യം നിഷേധിച്ച് മാതൃത്വം തന്നെ പിഞ്ചോമനകളെ കടിച്ചു കുടയുന്ന തെരുവ് നായകൾക്കും അരിച്ചിറങ്ങുന്ന ഉറുമ്പുകൾക്കും നടുവിലേക്ക് നടതള്ളുന്ന ആധുനിക സാഹചര്യം.., അരുതായ്മയോ, അപമാനമോ ? കാരണം എന്തുമാകട്ടെ, ഉപേക്ഷിക്കുന്നത് ഒരു ജീവനാണെന്ന് മറക്കരുത്. വളർത്താൻ സാഹചര്യം അനുവദിക്കുന്നില്ലെങ്കിൽ കാട്ടിലും തോട്ടിലും ബക്കറ്റിലും കളയേണ്ട.
ജന്മം ശാപമായി കരുതി ഒഴിവാക്കപ്പെടുമ്പോൾ നിഷ്കളങ്കമായി ചിരിക്കുന്ന ആ ഒാമനകളെ കരിവളയണിയിക്കാൻ...കണ്ണെഴുതി പൊട്ടുതൊടീക്കാൻ... മാമുണ്ണിക്കാൻ.... രാരീരം പാടിയുറക്കാൻ... നമുക്കിടയിൽ സംവിധാനങ്ങളുണ്ട്. അമ്മത്തൊട്ടിൽ എന്ന മാതൃവാത്സല്യം അറിയാതെ പോകുകയാണോ ?.
ഒളിപ്പിക്കാനും ഒഴിവാക്കാനും നടത്തുന്ന ശ്രമം കൊടുംപാതകത്തിൽ കലാശിക്കുമ്പോൾ ജീവനും ജീവിതവും നഷ്ടമാകുകയാണ്.
പത്തനംതിട്ട നഗരത്തിൽ
പത്തനംതിട്ട നഗരമദ്ധ്യത്തിൽ ജനറൽ ആശുപത്രിയുടെ പിന്നിൽ ഡോക്ടേഴ്സ് ലെയിൻ റോഡിൽ ജില്ലാ ശിശുക്ഷേമസമിതിയുടെ നിയന്ത്രണത്തിൽ അമ്മത്തൊട്ടിൽ 2008 മുതൽ പ്രവർത്തിക്കുന്നു. ഇടയ്ക്ക് സാങ്കേതിക തകരാർ മൂലം പ്രവർത്തനം തടസപ്പെട്ടെങ്കിലും ഹൈടെക് സംവിധാനത്തിൽ ഇപ്പോഴും അമ്മത്തൊട്ടിലുണ്ട്.
അമ്മത്തൊട്ടിലിന്റെ പ്രവർത്തനം
ശരീരം സ്പർശിക്കുമ്പോൾ മാത്രം സെൻസർ പ്രവർത്തിച്ച് മുൻവാതിൽ തുറക്കും.
കുട്ടിയെ താെട്ടിലിൽ വയ്ക്കുന്നതിന് മുൻപ് ഒരു മിനിട്ട് കൗൺസലിംഗ് (ഒാഡിയോ സന്ദേശം, കുട്ടിയെ ഉപേക്ഷിക്കാൻ പാടുളളതല്ല, മാതൃത്വം കുട്ടിയുടെ ജൻമാവകാശമാണ് എന്നിങ്ങനെ).
കുട്ടിയെ തൊട്ടിലിൽ വയ്ക്കുമ്പോൾ സെൻസർ വഴി ഫോട്ടോയെടുക്കും.
ശിശുക്ഷേമ സമിതിയുടെ ആപ്പിലേക്ക് ഫോട്ടോ അപ് ലോഡ് ചെയ്യും.
കുട്ടി ആണോ, പെണ്ണോ, തൂക്കം എന്നീവിവരങ്ങളും ആപ്പിലേക്ക് ആപ് ലോഡാകും.
ആശുപത്രിയിൽ നഴ്‌സിന്റെ മുറിയിലെ സ്‌ക്രീനിൽ അമ്മത്തൊട്ടിൽ എപ്പോഴും കാണാം.
കുഞ്ഞിനെ തൊട്ടിലിൽവച്ചിട്ട് ഇറങ്ങുമ്പോൾ നഴ്‌സിന്റെ മുറിയിൽ അലാറം കേൾക്കും.
ശിശുക്ഷേമസമിതി ചെയർമാൻ, സെക്രട്ടറി എന്നിവർക്ക് മെസേജുകൾ ലഭിക്കും.
പിന്നിലെ വാതിൽ തുറന്ന് കുട്ടിയെ ആശുപത്രി അധികൃതർക്ക് എടുക്കാം.
ആരോഗ്യ പരിശോധനയ്ക്ക് ശേഷം കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും.
സുരക്ഷിത ജീവിതം
ശിശുക്ഷേമ സമിതി ഏറ്റെടുക്കുന്ന കുട്ടികളെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്റുക. പതിനെട്ട് കുട്ടികളാണ് ഇതുവരെ ജില്ലയിലെ അമ്മത്തൊട്ടിലിൽ നിന്ന് ലഭിച്ചത്. നാല് പേരെ ഫോസ്റ്റർ കെയറിലേക്കും നാല് പേരെ ദത്തും നൽകിയിട്ടുണ്ട്. ആറ് കുട്ടികൾ ഇപ്പോൾ അങ്കണവാടിയിൽ പഠിക്കുന്നു. മറ്റുള്ളവർ സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്നു. ഇവർക്ക് വിദ്യാഭ്യാസം നടത്താനും ഇവിടെ കഴിയും.
പ്രവർത്തനം തുടങ്ങിയത് 2008ൽ
ഇതുവരെ ലഭിച്ചത് 18 കുട്ടികൾ
'' കുട്ടികളെ വേണ്ടെങ്കിൽ വഴിയിൽ ഉപേക്ഷിക്കാതെ അമ്മത്തൊട്ടിൽ സംവിധാനം ഉപയോഗപ്പെടുത്തണം. അപമാനം ഭയന്ന് കുഞ്ഞുങ്ങളെ കൊല്ലാതെ ഇരിക്കണം. അമ്മത്തൊട്ടിലിനെക്കുറിച്ച് നിരവധി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. നിലവിലെ സ്ഥിതി കാണുമ്പോൾ അത് പോരെന്ന് തോന്നുന്നു. കൂടുതൽ അവബോധം സമൂഹത്തിൽ സൃഷ്ടിക്കണം. എല്ലാ ജില്ലയിലും അമ്മത്തൊട്ടിൽ പ്രവർത്തിക്കുന്നു. "
ജി. പൊന്നമ്മ
ശിശുക്ഷേമ സമിതി സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |