കൊല്ലം: അഷ്ടമുടി കായലിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യം നീക്കം ചെയ്യാൻ ഒരുമാസത്തിനുള്ളിൽ ഡ്രഡ്‌ജിംഗ് ആരംഭിക്കും. കോർപ്പറേഷൻ വകയിരുത്തിയ 1.25 കോടി വിനിയോഗിച്ച് തീരദേശ വികസന കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ഡ്രഡ്ജിംഗ്.
കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരം മുതൽ ഓലയിൽക്കടവ്, തോപ്പിൽക്കടവ് എന്നിവിടങ്ങൾ വഴി ശക്തികുളങ്ങരയിൽ ബോട്ടുകൾ അടുപ്പിക്കുന്ന ഭാഗത്ത് വരെ ഡ്രഡ്ജിംഗ് നടക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ കായലിന്റെ മുകൾപ്പരപ്പിലും തീരത്തും അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങൾ നീക്കം ചെയ്യും. എന്നാൽ വർഷങ്ങൾക്ക് മുമ്പേ പ്ലാസ്റ്റിക്, റബ്ബർ അടക്കമുള്ള മാലിന്യം കായലിന്റെ അടിത്തട്ടിൽ ചെളിയിൽ പുതഞ്ഞുകിടപ്പുണ്ട്. ഇത് കായലിന്റെ ജൈവ ഘടനയെ സാരമായി ബാധിക്കുന്നുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടിയത് മത്സ്യസമ്പത്തിനെ ബാധിച്ചിട്ടുണ്ട്. ഇത് അഷ്ടമുടിക്കായലിനെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലാക്കി. യന്ത്രങ്ങൾ ഉപയോഗിച്ച് ശാസ്ത്രീയമായിട്ടാകും ഡ്രഡ്ജിംഗ്. ഇതിന്റെ ടെണ്ടർ നടപടികൾ ഈമാസം 14ന് പൂർത്തിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |