
ന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവ് പ്രകാരം ഉയർന്ന പെൻഷൻ ലഭിക്കുന്നതിന് ഇ.പി.എഫ്.ഒ സജ്ജീകരിച്ച ഓൺലൈൻ പോർട്ടലിൽ പഴയ ജോയിന്റ് ഓപ്ഷന്റെ തെളിവ് അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.അതേസമയം, പുതിയ ജോയിന്റ് ഓപ്ഷൻ ഫയൽ ചെയ്യണം.
ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
1952ലെ ഇ.പി.എഫ് സ്കീമിന്റെ പാരഗ്രാഫ് 26(6)പ്രകാരം
സർവീസിന്റെ തുടക്കം മുതൽ തൊഴിലുടമ യഥാർത്ഥ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന വിഹിതം അടച്ചു തുടങ്ങിയപ്പോഴുള്ള ജോയിന്റ് ഓപ്ഷന്റെ തെളിവ് ഫയൽ ചെയ്യണമെന്ന നിബന്ധന ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. സ്ഥാപനങ്ങൾ ജോയിന്റ് ഓപ്ഷൻ നൽകുകയോ ഇ.പി.എഫ്.ഒ അതു സ്വീകരിക്കുകയോ ചെയ്യാതെയാണ് ഉയർന്ന വിഹിതം അടച്ചിരുന്നത്.
സുപ്രീംകോടതി വിധിയിൽ പരാമർശിക്കാത്ത ഇത്തരം വ്യവസ്ഥകളുടെ അപ്രായോഗികത ചൂണ്ടിക്കാട്ടി രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കത്തു നൽകിയിരുന്നു. പോർട്ടലിൽ പഴയ ജോയിന്റ് ഓപ്ഷന്റെ തെളിവ് അപ് ലോഡ് ചെയ്യണമെന്ന കോളം ഒഴിവാക്കിയിട്ടില്ല.
ആധാർ കാർഡ് ലിങ്ക് ചെയ്യൽ, ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ തുടങ്ങി സുപ്രീം കോടതി പരാമർശിക്കാത്ത നിരവധി രേഖകൾ ഓൺലൈൻ പോർട്ടലിൽ ആവശ്യപ്പെടുന്നുണ്ട്. പിശകുകൾ തിരുത്താൻ ഓൺലൈനിൽ അവസരം നൽകണമെന്ന ആവശ്യത്തിനോടും അനുകൂല നിലപാടല്ല ഇ.പി.എഫ്.ഒ സ്വീകരിച്ചിരിക്കുന്നതെന്നും എം.പി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |