കൊച്ചി: സംസ്ഥാനത്തെ ചെറുകിട സൂക്ഷ്‌മ വ്യവസായങ്ങളിൽ 1,000 എണ്ണം തിരഞ്ഞെടുത്ത് നൂറ് കോടി രൂപ വിറ്റുവരവുള്ള സംരംഭങ്ങളാക്കുന്ന വ്യവസായ വകുപ്പിന്റെ പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും. ഒരു വർഷത്തിനുള്ളിൽ 1.39 ലക്ഷം സംരംഭങ്ങൾ ആരംഭിച്ച് ചരിത്രം സൃഷ്ടിച്ച സംരംഭകവർഷം പദ്ധതിയുടെ തുടർച്ചയായാണ് 'മിഷൻ1000' പദ്ധതി. എറണാകുളം ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ 500 സംരംഭകർ പങ്കെടുക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകും.
വീണ്ടും ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭകവർഷം 2.ഒ ഉൾപ്പെടെ നാല് പദ്ധതികൾക്ക് നാളെ തുടക്കമാകും. സംസ്ഥാനത്തെ എം.എസ്.എം.ഇ മേഖലയിൽ പുതിയ റെക്കാഡുകൾ സൃഷ്ടിച്ച സംരംഭകവർഷത്തിന്റെ തുടർച്ച ലക്ഷ്യമിട്ടാണ് പുതിയ പദ്ധതികൾക്ക് വ്യവസായ വകുപ്പ് രൂപം നൽകിയത്.
സ്‌കെയിൽ അപ്പ് മിഷൻ - മിഷൻ 1000
തിരഞ്ഞെടുത്ത 1,000 എം.എസ്.എം.ഇകളെ 100 കോടി വിറ്റുവരവുള്ള യൂണിറ്റുകളായി നാല് വർഷത്തിനുള്ളിൽ ഉയർത്തുന്ന പദ്ധതി. നിഷ്‌കർഷിച്ച അടിസ്ഥാന യോഗ്യതകളുള്ള എം.എസ്.എം.ഇകളെ സുതാര്യമായ സംവിധാനത്തിലൂടെ സ്‌കെയിൽ അപ്പ് സ്‌കീമിനായി തിരഞ്ഞെടുത്ത് സർക്കാർ പിന്തുണ നൽകും. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് മിഷൻ 1,000 ഉദ്ഘാടനം നിർവഹിക്കുക.
സംരംഭക വർഷം 2.ഒ
2023-24 സാമ്പത്തിക വർഷത്തിലും ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് 'സംരംഭക വർഷം 2.ഒ. ബോട്ടം-അപ്പ് പ്ലാനിംഗിലൂടെയായിരിക്കും ജില്ല തിരിച്ച് സംരംഭങ്ങളുടെ എണ്ണം നിശ്ചയിക്കുക.
എം.എസ്.എം.ഇ സുസ്ഥിരതാ പദ്ധതി
കഴിഞ്ഞവർഷം ആരംഭിച്ച 1,39,840 സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പ് വരുത്തുന്നതിനായി ആരംഭിക്കുന്ന പദ്ധതിയാണ് എം.എസ്.എം.ഇ സുസ്ഥിരതാ പദ്ധതി. എം.എസ്.എം.ഇകളുടെ അടച്ചുപൂട്ടൽ നിരക്ക് കുറക്കുന്നതിനും പുതിയ എം.എസ്.എം.ഇകളുടെ വിറ്റുവരവിൽ 5 ശതമാനം വളർച്ചാ നിരക്ക് ഉറപ്പാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
യുട്യൂബ് ചാനൽ
നിലവിൽ പ്രവർത്തിക്കുന്ന എം.എസ്.എം.ഇ സംരംഭങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കാൻ വ്യവസായവകുപ്പ് പ്രത്യേക യുട്യൂബ് ചാനൽ വികസിപ്പിച്ചിട്ടുണ്ട്. ചാനലിലൂടെ സംരംഭകരുടെ ഉത്പന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുന്ന സെൽഫി വീഡിയോകൾ ജനങ്ങളിലെത്തിക്കും. സെൽഫി വീഡിയോ ചാനലിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.
എം.എസ്.എം.ഇ വിഭാഗത്തിൽ ഒരു സാമ്പത്തികവർഷ കാലയളവിൽ 1,39,840 സംരംഭങ്ങളും 3,00,056 തൊഴിലും 8422 കോടി രൂപയുടെ നിക്ഷേപവും പദ്ധതിയുടെ ഭാഗമായി കേരളത്തിലുണ്ടായി. ഇത് തുടരുന്നതിനുള്ള പദ്ധതിയാണ് സർക്കാർ തയാറാക്കിയതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
ഹൈബി ഈഡൻ എം.പി, മേയർ എം. അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻ ബില്ല, എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടർ എസ്. ഹരികിഷോർ, വ്യവസായ-വാണിജ്യ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |