SignIn
Kerala Kaumudi Online
Friday, 26 April 2024 8.32 PM IST

ഉത്തരായണത്തിന്റെ വേര്

ss

ചിതലരിച്ച ഏതോ രാത്രിതൻ അന്ത്യയാമങ്ങളിൽ
എൻ ഏകാന്തതയുടെ ജാലകപ്പടിയിൽ
കൂമനായ് നീ വന്നു ചോദിച്ചു:
നീണ്ടു നീണ്ടു നരകിച്ച ഈ ജീവിതം
ഞാനെടുക്കട്ടെ,
കരിഞ്ഞുണങ്ങിയ നിൻ
സ്വപ്നങ്ങളുടെ അസ്ഥികൂടങ്ങൾ
ഒരാവർത്തി പുണരട്ടെ,
ഉന്മാദങ്ങളുടെ വിളനിലങ്ങളിൽ
തോരണം ചാർത്താൻ.
#
മുങ്ങാക്കയങ്ങളിൽ നിലവെള്ളം ചവുട്ടി
ഞാനെന്റെ ശിലാലിഖിതങ്ങളെ ശപിക്കുമ്പോൾ നീയൊരു
നീലത്തിമിംഗലമായ് വന്നു മന്ത്രിച്ചു:
നേർത്തുലഞ്ഞ നിൻ നെഞ്ചകങ്ങളിൽ
ദന്തങ്ങളാഴ്ത്തി ആനന്ദിക്കട്ടെ,
നിൻ സൗഗന്ധികങ്ങളിൽ
നിശാവസ്ത്രങ്ങളിൽ
മദജലത്തിന്റെ കാമനയായ്.
#
പിന്നെ ഏതോ പുലർവെളിച്ചത്തിൽ

ഗ്രാമവീഥിയിൽ നിന്ന് നീ
ഉറക്കെ വാചാലനായ്:
വിൽക്കാനുണ്ടോ പഴയ രോദനങ്ങൾ?
രതിയുടെ സുതാര്യ വസ്ത്രകഞ്ചുകങ്ങൾ?

കസവുകൾ? ഉടഞ്ഞുപോയ
ജീവിതശകലങ്ങൾ?
തകർന്ന കിനാവുകൾ?
മനസ്സിന്റെ നിശ്ചലചിത്രങ്ങൾ?
നിർവികാരരേണുക്കൾ?
എന്നിലെ നിസ്സഹായത
പൂത്തുലഞ്ഞപ്പോൾ നീ
അടുത്ത നാൽക്കവലയിൽ
ആവർത്തന മൊഴികളെ
ലാളിച്ചു നടന്നു:
ഉണ്ടോ പഴയ തകർന്ന ഹൃദയങ്ങൾ?

കനലുകൾ വേവിച്ച ശീൽക്കാരങ്ങൾ?
തുന്നിച്ചേർക്കാനാകാത്ത സമസ്യകൾ?
മരണത്തെ ഭയക്കുന്ന മരുപ്പച്ചകൾ?
#
വർണങ്ങളില്ലാത്ത ചിത്രങ്ങൾ വരയുമ്പോൾ
അവയുടെ കൊഴുത്ത ശരീരസൗകുമാര്യങ്ങൾ
സൂര്യകിരണമായ് വളരുമ്പോൾ
നീ കാമക്കണ്ണുമായ് വന്ന് പതുക്കെ
വളരെ പതുക്കെ ഉരുവിട്ടു:
വർണ്ണച്ചെപ്പുകൾ വേണോ?
ജീവനുറ്റ നിറങ്ങളുടെ നെരിപ്പോടുകൾ,
നിറച്ചാർത്തുകൾ, നിന്റെ
ഉൾവിളികളിൽ മദനസൂത്രത്തിന്റെ
വർണരേണുക്കൾ നിറയ്ക്കുവാൻ?
#
ഏതോ നിഗൂഢ സ്വപ്നങ്ങൾ തൻ
പ്രണയലാസ്യങ്ങളിൽ ഞാനും അവനും
ഉൾച്ചേർന്നു ലയിക്കുമ്പോൾ
നീ വന്നു, കഴുകനായ്, കടലായ്, കാറ്റായ്,
കാർമേഘമായ്, കിരാതപ്പൊലിമയായ്,
എന്റെ സ്‌ത്രൈണവിഭ്രമത്തിന്റെ
താക്കോൽപ്പഴുതിലൂടെ
എല്ലാം കവർന്നെടുക്കാൻ.
കാരിരുമ്പിന്റെ നൂറായിരം
സൂചിമുനകൾ എൻ ദീപ്തസൗഭഗങ്ങളിൽ
ആഴ്ന്നിറങ്ങുന്നത് ഞാനറിയുന്നു:
ഉത്തിഷ്ഠത, ജാഗ്രത?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POEM, SS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.