കൊച്ചി: വിശാൽ ചിത്രം ‘എനിമി’യിലെ ' ടം ടം" എന്ന ഗാനത്തിന് ചുവട് വച്ച് സൂപ്പർ താരങ്ങളായി മാറിയിരിക്കുകയാണ് കൊച്ചി മെട്രോയിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരായ മേരിയും ഷിജിയും. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ റീലിനു വേണ്ടി ചുവടുവയ്ക്കുമ്പോൾ ഇത്രയും വൈറലാകുമെന്ന് സ്വന്തമായി യൂട്യൂബ് ചാനലുള്ള ഇരുവരും കരുതിയില്ല. റീൽ ഇതിനകം ലക്ഷങ്ങൾ കണ്ടതിന്റെ സന്തോഷത്തിലാണിവർ.
ആറു വർഷമായി കൊച്ചി മെട്രോയ്ക്ക് ഒപ്പമുണ്ട് ഇരുവരും. സ്വന്തം യൂട്യൂബ് ചാനലിനുവേണ്ടി മേരിയും ഷിജിയും റീൽസ് ചെയ്യുന്നകാര്യം മെട്രോയിലെ ഉന്നതർക്കുവരെ അറിയാം. ''ഏതാനും ദിവസം മുമ്പാണ് ഉദ്യോഗസ്ഥർ കൊച്ചി മെട്രോയ്ക്കായി ഒരു ഡാൻസ് റീൽ ചെയ്യുമോയെന്ന് ചോദിച്ചത്. അന്നുതന്നെ വീഡിയോയെടുത്തു. കാര്യമായ പരിശീലനമൊന്നും ഇല്ലായിരുന്നു. റീൽസ് ചെയ്യുന്നതിന്റെ ആത്മവിശ്വാസത്തിൽ ഡാൻസ് കളിക്കുകയായിരുന്നു. ഇത്രയും വൈറലാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല,"" കാക്കനാട് തുതിയൂർ സ്വദേശി എം.ജെ മേരിയും തമ്മനം സ്വദേശി ഷിജി ഫ്രാൻസിസും പറയുന്നു.
ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിലായിരുന്നു ചിത്രീകരണം. കൊച്ചി മെട്രോയുടെ റീൽസിനായി ജീവനക്കാർ മുമ്പും ചുവടുവച്ചിട്ടുണ്ടെങ്കിലും ഇത്രയും വൈറലാകുന്നത് ആദ്യമായാണ്.
മേരി സീരിയലുകളിലും സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഷിജിയുടെ സ്വന്തം റീൽസിനും ആരാധകർ ഏറെ. മൂന്ന് ഷിഫ്റ്റുകളിലാണ് ഇവർക്ക് ജോലി. കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ട്. സിനിമയിൽ നല്ലൊരു വേഷത്തിൽ അഭിനയിക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹം. പെരുമ്പള്ളി പറമ്പിൽ ഫ്രാൻസിസാണ് ഷിജിയുടെ ഭർത്താവ്. സിജോ, സിയ, സിബിൻ എന്നിവരാണ് മക്കൾ. മൺപുരയ്ക്കൽ വീട്ടിൽ തോമസ് സിബിയാണ് മേരിയുടെ ഭർത്താവ്. ഏയ്ബൽ, ഏയ്ഷൽ എന്നിവരാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |