ഇടവ : കാമുകി ക്വട്ടേഷൻ നൽകിയതിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി എറണാകുളത്ത് റോഡിൽ ഉപേക്ഷിച്ച കേസിൽ ഒളിവിലായിരുന്ന ഏഴ് പ്രതികളിൽ 5 പേർ കീഴടങ്ങി. അയിരൂർ സ്വദേശി ശിവറാമിനെ തട്ടിക്കൊണ്ടു പോയ കേസിലെ രണ്ടാം പ്രതിയും ലക്ഷ്‌മി പ്രിയയുടെ ഇപ്പോഴത്തെ കാമുകനുമായ എറണാകുളം ഏലൂർ മഞ്ഞുമ്മൽ പനയ്ക്കൽ ഹൗസിൽ അഭിനവ് (18), മൂന്നാം പ്രതി എറണാകുളം പാലാരിവട്ടം കാട്ടുങ്കൽ വീട്ടിൽ കിക്കി എന്ന് വിളിക്കുന്ന കെ.ആർ. ഒബദ്, നാലാം പ്രതി തൃക്കാക്കര തോപ്പിൽ അമ്പാടി വീട്ടിൽ അതുൽ പ്രശാന്ത് (22), ആറാം പ്രതി കളമശ്ശേരി മൂലേപാടം റോഡിൽ കാഞ്ഞിരത്തിങ്കൽ വീട്ടിൽ അശ്വിൻ രാജ് (21), എട്ടാം പ്രതി ഇടപ്പള്ളി ബി.ടി.എസ് റോഡിൽ നിരഞ്ജനത്തിൽ നീരജ് (22) എന്നിവരാണ് ഇന്നലെ അഭിഭാഷകൻ മുഖേന അയിരൂർ സ്റ്റേഷനിൽ കീഴടങ്ങിയത്. ഉച്ചയോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഇന്ന് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കും.
അറസ്റ്റിലായ പ്രതികളിൽ അതുൽപ്രശാന്ത്, ഒബദ്, അഭിനവ് എന്നിവരെ പ്രാഥമിക തെളിവെടുപ്പിന്റെ ഭാഗമായി വർക്കല ഹെലിപ്പാഡിലെത്തിച്ച് വിവരങ്ങൾ ശേഖരിച്ചു. കൃത്യം നടന്ന ദിവസം രാവിലെ ഇവർ ഹെലിപ്പാഡിൽ എത്തിയിരുന്നതായും തുടർന്നാണ് ശിവറാമിനെയും കൂട്ടി എറണാകുളത്തേക്ക് യാത്ര തിരിച്ചതെന്നും യുവാക്കൾ മൊഴി നൽകിയിട്ടുണ്ട്.
നേരത്തെ അറസ്റ്റിലായ കേസിലെ ഒന്നാം പ്രതി ലക്ഷ്മി പ്രിയ, ഒൻപതാം പ്രതി അമൽ മോഹൻ എന്നിവർ റിമാൻഡിലാണ്. പൊലീസ് ഇവരുടെ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. ഇന്നലെ അറസ്റ്റിലായവരെയും കസ്റ്റഡിയിൽ വാങ്ങിയ ശേഷം തിങ്കളാഴ്ച വർക്കലയിലും എറണാകുളത്തും എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അയിരൂർ സി.ഐ സി.എൽ. സുധീർ അറിയിച്ചു.
വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയുകയുളളൂവെന്നും പൊലീസ് വ്യക്തമാക്കി. അഞ്ചാം പ്രതി സൈക്കോ എന്ന് വിളിക്കുന്ന ജോസഫ് പനാട്ട് , ഏഴാം പ്രതി ഈസ എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായുളള അന്വേഷണം പൊലീസ് ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |