SignIn
Kerala Kaumudi Online
Wednesday, 01 May 2024 4.15 AM IST

ഖജനാവിലെ 16.07കോടി 'കേരള ചിക്കൻ' തിന്നു

kerala-chicken

തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് നല്ല ഇറച്ചിക്കോഴി ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും തൊഴിൽരഹിതരായ വനിതകൾക്ക് സ്വയം സംരംഭകത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ടാരംഭിച്ച കേരള ചിക്കൻ സംവിധാനം സർക്കാർ ഖജനാവിന് വരുത്തിവച്ചത് 16.07 കോടിയുടെ നഷ്ടം. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ സംസ്ഥാനസർക്കാരിന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലാണ് കുടുംബശ്രീ അയൽക്കൂട്ട സംവിധാനം മുഖേന ആവിഷ്കരിച്ച പദ്ധതി പാളിയത് ചൂണ്ടിക്കാട്ടിയത്.

പദ്ധതിയിലൂടെ മുന്നോട്ടുവച്ച ലക്ഷ്യങ്ങൾ ഫലപ്രാപ്തിയിലെത്താതായതോടെ ഇതിനായി രൂപീകരിച്ച കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡും(കെ.ബി.എഫ്.പി.സി.എൽ) നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് പദ്ധതി നടപ്പാക്കിയത്. മൂന്ന് ജില്ലകളിലും ബ്രീഡർഫാമുകളും മാംസ സംസ്കരണ പ്ലാന്റുകളും സ്ഥാപിക്കാനായി 2019ൽ 6 കോടിയും 2020ൽ 10.07 കോടിയും അനുവദിച്ചു. എന്നാൽ,​ കുടുംബശ്രീക്കോ കെ.ബി.എഫ്.പി.സി.എല്ലിനോ നിർമ്മാണപ്രവർത്തനത്തിന് അനുയോജ്യമായ ഭൂമി പോലും ഒരിടത്തും കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരത്ത് ബ്രീഡർഫാമിനായി കണ്ടെത്തിയ ഭൂമി അനുയോജ്യമല്ലെന്ന് കെപ്കോ റിപ്പോർട്ട് ചെയ്തു. ആദ്യവർഷം ഭൂമി ലഭ്യമാകാതിരിക്കെ രണ്ടാം വർഷം 10.07 കോടി കൂടി സർക്കാർ അനുവദിച്ചത് ഒഴിവാക്കേണ്ടതായിരുന്നു. ഈ തുക അനുവദിച്ചതാകട്ടെ, നവകേരള നിർമ്മിതിക്കായുള്ള ലോകബാങ്ക് സഹായമായ റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ നിന്നുമാണ്.

തിരുവനന്തപുരത്ത് കഠിനംകുളത്ത് 4.5 ഏക്കറിൽ കമ്പനി മാംസ സംസ്കരണ പ്ലാന്റ് ആരംഭിക്കാൻ പദ്ധതിയിട്ടെങ്കിലും കൊവിഡ് മഹാമാരി വന്നതോടെ നിർമ്മാണം മുടങ്ങി.

കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികളുടെ കൺസോർഷ്യം മുഖേന രൂപീകൃതമായ കെ.ബി.എഫ്.പി.സി.എൽ തീർത്തും സ്വകാര്യസംരംഭമായിരിക്കെ, അതിന്റെ ചെയർമാനായി കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി മൃഗസംരക്ഷണ വകുപ്പിലെ പ്രോജക്ട് ഓഫീസറും നിയോഗിക്കപ്പെട്ടത് ചട്ടവിരുദ്ധമാണെന്നും സി.എ.ജി ചൂണ്ടിക്കാട്ടി. 2019 മേയ് 17നാണ് കമ്പനി പ്രവർത്തനമാരംഭിച്ചത്.

 കെ.ബി.എഫ്.പി.സി ?​

കമ്പനീസ് ആക്ട് സെക്‌ഷൻ 2(68) പ്രകാരം 10 സി.ഡി.എസ് അംഗങ്ങളുടെ വീതം കൺസോർഷ്യം മൂന്നു ജില്ലകളിലുമുണ്ടാക്കി അവരിൽ നിന്ന് ഓഹരികൾ സ്വരൂപിച്ചുണ്ടാക്കിയ കമ്പനി. മൊത്തം ഓഹരി മൂലധനം 10ലക്ഷം. വാണിജ്യാടിസ്ഥാനത്തിലുള്ള ഇറച്ചിക്കോഴി ഉത്പാദനം, മാംസ സംസ്കരണം, വിപണനം തുടങ്ങിയവ ലക്ഷ്യം.

 ആദ്യ ധനസഹായം 6കോടി

2 കോടി വീതം 3 ജില്ലകൾക്ക്

ഇതിൽ 1.50കോടി ബ്രീഡർഫാമിന്, 50ലക്ഷം മാംസ സംസ്കരണ യൂണിറ്റിന്

(രണ്ടാമത് അനുവദിച്ച 10.07 കോടിയുടെ വിനിമയം സി.എ.ജി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല)​

 പാളിച്ചകൾ

1. സാദ്ധ്യതാപഠനം നടത്താതെ കമ്പനി രൂപീകരിച്ചു

2. വിപണിയിടപെടൽ തന്ത്രമില്ലാതെ പ്രവർത്തനം തുടങ്ങി

3. അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുന്നത് പുറംവിപണിയെ ആശ്രയിച്ച്

4. ബ്രീഡർഫാമുകൾ, ഹാച്ചറി, തീറ്റവിതരണ യൂണിറ്റുകൾ തുടങ്ങിയവ ഇതുവരെയായിട്ടില്ല

 ഓരോ കോഴിക്കും 28.88രൂപ നഷ്ടം

കോഴിവളർത്തൽ യൂണിറ്റുകൾ 2019ൽ 36 ആയിരുന്നത് 2021ൽ 260 ആയി ഉയർന്നെങ്കിലും കമ്പനിയുടെ നഷ്ടം 2019ൽ 2.24 കോടിയായിരുന്നത് 2021ൽ 9.24കോടിയായി. മൃഗസംരക്ഷണ വകുപ്പ് കെപ്കോയെയും കെ.എസ്.ഐ.ഡി.സിയെയും സാങ്കേതികസാദ്ധ്യതാ പഠനത്തിന് നിയോഗിച്ചപ്പോൾ കണ്ടെത്തിയത് ഉയർന്ന ഉത്പാദനച്ചെലവു മൂലം കമ്പനിക്ക് കോഴിയൊന്നിന് 28.88രൂപയുടെ നഷ്ടമെന്നാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA CHICKEN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.