മുംബയ്: ആപ്പിൾ കമ്പനി നേരിട്ട് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ റീട്ടെയ്ൽ സ്റ്റോർ മുംബയിൽ പ്രവർത്തനമാരംഭിച്ചു. മുംബയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ (ബി.കെ.സി) സിഇഒ ടിം കുക്ക് ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് പ്രസിഡന്റ് ഡിയഡ്ര ഒബ്രിയനും ചടങ്ങിൽ പങ്കെടുത്തു. ആപ്പിൾ ബി.കെ.സി എന്ന ഇന്ത്യയിലെ ആദ്യത്തെ സ്റ്റോർ തുറക്കുന്നതിൽ തങ്ങൾ വളരെ ആവേശത്തിലാണെന്നും മുംബയിലെ ആവേശവും ഉത്സാഹവും അവിശ്വസനീയമാണെന്നും ഉദ്ഘാടനത്തിന് ശേഷം ടിം കുക്ക് ട്വീറ്റ് ചെയ്തു.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേൾഡ് ഡ്രൈവ് മാളിനുള്ളിൽ 22,000 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് ആപ്പിൾ ബി.കെ.സി സ്റ്റോർ. മൂന്നു നിലയിലായാണ് സ്റ്റോർ ഒരുക്കിയിരിക്കുന്നത്. ഈ സ്റ്റോറിനായി ആപ്പിൾ പ്രതിമാസം 42 ലക്ഷം രൂപ വാടകയായി നൽകുമെന്നാണ് റിപ്പോർട്ട്. മുംബയിലെ പ്രശസ്തമായ കറുപ്പും മഞ്ഞയും ചേർന്ന ടാക്സികളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണു സ്റ്റോറിന്റെ ഡിസൈൻ തയ്യാറാക്കിയത്. സ്റ്റോറിൽ 20 ൽ അധികം ഭാഷകൾ സംസാരിക്കുന്ന നൂറിലധികം ജീവനക്കാർ ഉണ്ടാകും.
രാവിലെ 11 മണി മുതൽ രാത്രി 10 മണി വരെയാണ് പ്രവർത്തന സമയം. ഐഫോണുകൾ, ഐപാഡുകൾ, ആപ്പിൾ വാച്ചുകൾ, മാക്ക്ബുക്ക്, ആപ്പിൾ ടിവി, ആപ്പിൾ അനുബന്ധ ഉത്പന്നങ്ങൾ ഉൾപ്പടെ കമ്പനി പുറത്തിറക്കുന്ന ഉപകരണങ്ങളെല്ലാം ഇവിടെ ലഭ്യമാവും.
ഏപ്രിൽ 20 ന് ഡൽഹിയിൽ ആപ്പിളിന്റെ രണ്ടാമത്തെ ഔദ്യോഗിക സ്റ്റോർ തുറക്കും.'ആപ്പിൾ സാകേത്' എന്നാണ് ഡൽഹി സ്റ്റോറിന് പേരിട്ടിരിക്കുന്നത്. ആപ്പിളിന്റെ ഇന്ത്യയിലെ സ്വന്തം ഓൺലൈൻ സ്റ്റോർ 2020-ൽ തുറന്നിരുന്നു.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ഫോൺ വിപണിയാണ് ഇന്ത്യ. അടുത്തകാലത്തായി ആപ്പിൾ ഐഫോണുകളുടെ വില്പനയിൽ വലിയ വർദ്ധനവാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഐഫോണുകളുടെ ഉത്പാദനം കമ്പനി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |