തിരുവനന്തപുരം: കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ തമ്പാനൂരിലെ മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രത്തിൽ കൂടുതൽ കാറുകൾ പാർക്ക് ചെയ്യാനുള്ള സാങ്കേതിക പഠനം ആരംഭിച്ച് സ്മാർട്ട്സിറ്റി.നിലവിൽ 22 കാറുകൾക്കാണ് പാർക്കിംഗ് സജ്ജീകരിച്ചിരിക്കുന്നത്. 18 കോടി രൂപ മുടക്കി നിർമ്മിച്ച ഇവിടെ കാർ പാർക്കിംഗിന്റെ എണ്ണം കുറവായത് കടുത്ത വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കാർ പാർക്കിംഗ് വർദ്ധിപ്പിക്കാനുള്ള പഠനം തുടങ്ങിയത്.
ഇപ്പോൾ ഗ്രൗണ്ട് ഫ്ളോറിലാണ് കാർ പാർക്കിംഗിനായി സജ്ജീകരിച്ചിരുന്നത്.ബാക്കി നാല് നിലകളിലും ഇരുചക്രവാഹനങ്ങൾക്കുള്ളതാണ്.ഒന്നാം നിലയിൽ കൂടി കാർ പാർക്കിംഗ് ഒരുക്കാനുള്ള സാങ്കേതിക പഠനമാണ് ആരംഭിച്ചത്.ഒരാഴ്ചയ്ക്കുള്ളിൽ പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കും.ഒരു ഫ്ളോറിൽ കൂടി 22കാറുകൾക്ക് പാർക്കിംഗ് സംവിധാനമൊരുക്കിയാൽ ആകെ 44 കാറുകൾ പാർക്ക് ചെയ്യാനാകും.അങ്ങനെവന്നാൽ 400 ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാവുന്നത് 300 ആയി ചുരുങ്ങും.തമ്പാനൂർ പോലുള്ള തിരക്കുള്ള സ്ഥലത്ത് കൂടുതൽ കാറുകൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയാൽ റോഡരികിലെ ഗതാഗതകുരുക്ക് ഒരു പരിധി വരെ ഒഴിവാക്കാം.
തമ്പാനൂരിലെ പാർക്കിംഗ്
50 സെന്റ് സ്ഥലം, 5 നിലകൾ
400 ബൈക്കുകളും 22 കാറുകളും പാർക്ക് ചെയ്യാം
മൊബൈൽ ആപ്പ് വഴി സ്ളോട്ട് ബുക്കിംഗ്
വനിതകൾക്ക് പാർക്കിംഗിന് പ്രത്യേകം സ്ഥലം
ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിംഗ് സൗകര്യം
ഓൺലൈൻ പാർക്കിംഗ് അടുത്തമാസം മുതൽ
നഗരസഭയുടെ പാർക്കിംഗ് ആപ്പ് വഴി തമ്പാനൂരിലെ പാർക്കിംഗ് കേന്ദ്രത്തിൽ ഓൺലൈനായി സ്ഥലം ബുക്ക് ചെയ്യാനുള്ള സംവിധാനം അടുത്ത മാസം നിലവിൽ വരും.ഇപ്പോൾ രണ്ടു മണിക്കൂറിന് ഇരുചക്ര വാഹനങ്ങൾക്ക് 10 രൂപയും കാറിന് 25 രൂപയുമാണ് നിരക്ക്.ഇത് നഗരസഭ കൗൺസിൽ അംഗീകരിച്ചാൽ മാത്രമേ പ്രാബല്യത്തിലാകൂ.ഈ സാഹചര്യത്തിലാണ് ഓൺലൈൻ സംവിധാനം വൈകുന്നത്.കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലാണ് (കെ-ഡിസ്‌ക്) പാർക്കിംഗ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.നഗരത്തിലെ വിവിധയിടങ്ങളിലുള്ള കാർ പാർക്കിംഗ് കേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ കേന്ദ്രങ്ങളും ഈ ആപ്പിലേക്ക് മാറും.
നഗരമദ്ധ്യത്തിലെ പ്രധാന പാർക്കിംഗ് കേന്ദ്രങ്ങൾ
തമ്പാനൂരിൽ ബഹുനില പാർക്കിംഗ് സംവിധാനം: 400 ഇരുചക്രവാഹനവും 22 കാറും
തമ്പാനൂർ റെയിൽവേ സ്റ്റേഷൻ: 200 കാറും 1500 ഇരുചക്ര വാഹനങ്ങളും
കെ.എസ്.ആർ.ടി.സി ടെർമിനലിൽ മൂന്നുനില സൗകര്യം: ഒരുനിലയിൽ 100 കാർ പാർക്കിംഗ്
പാളയം മാർക്കറ്റിനു മുന്നിൽ: 30 കാറും 25 ഇരുചക്രവാഹനവും പാർക്ക്ചെയ്യാം
നഗരസഭ ഓഫീസിലെ ബഹുനില കേന്ദ്രം: 25 കാറുകൾക്ക് പാർക്കിംഗ്
കിഴക്കേകോട്ട ഗാന്ധിപാർക്ക്: 200 ഇരുചക്രവാഹനവും 50 കാറുകളും പാർക്ക് ചെയ്യാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |