ഹാസ്യനടനായും സ്വഭാവ നടനായുമൊക്കെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ വ്യക്തിയായിരുന്നു മാമുക്കോയ. വൈക്കം മുഹമ്മദ് ബഷീറുമായി അദ്ദേഹത്തിന് നല്ല അടുപ്പമായിരുന്നു. 1994ലായിരുന്നു മാമുക്കോയ തന്റെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. ബഷീറിന്റെ വീടിനടുത്താണ് ഈ വീട്.
അന്ന് വൈക്കം മുഹമ്മദ് ബഷീർ അടക്കം അഞ്ച് പേരെ മാത്രമായിരുന്നു മാമുക്കോയ 'വീട്ടിൽ കൂടലിന്' ക്ഷണിച്ചത്. ആ അഞ്ച് പേർ ആരൊക്കെയായിരുന്നെന്നും ചടങ്ങ് നടക്കാതെ പോയതിനെക്കുറിച്ചും മുൻപ് കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ മാമുക്കോയ വെളിപ്പെടുത്തിയിരുന്നു.
'വൈക്കം മുഹമ്മദ് ബഷീർ ഇവിടെയടുത്താണ്. നാലഞ്ച് പേരെ 'വീട്ടിൽ കൂടലിന്' ക്ഷണിക്കണമെന്ന് എല്ലാവരും പറഞ്ഞു. അഞ്ച് പേരെ ക്ഷണിച്ചു. അഞ്ച് പേരുടെ സാന്നിദ്ധ്യത്തിൽ ഞാനും കുടുംബവും വീട്ടിലേക്ക് കയറുക. അഞ്ച് ആളുകളാരൊക്കെയാണെന്നറിയോ? ഒന്ന് മൊയ്തു മൗലവി, രണ്ട് നിത്യചൈതന്യയതി, ബഷീർ, പിന്നെ അഴിക്കോടൻ സാറും ഇ എം എസും. എല്ലാവരെയും കണ്ട് ക്ഷണിച്ചു. ഓഗസ്റ്റ് പതിനഞ്ചിനാണ് 'കൂടാൻ' നിശ്ചയിച്ചത്. ജൂലായ് അഞ്ചിന് ബഷീർ മരിച്ചു. ഒന്നും നടത്തണ്ട, നീയും കുട്ടികളും കയറിക്കോ അരും വേണ്ടെന്ന് മൊയ്തു മൗലവി പറഞ്ഞു.'എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |