'റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ'യുമായി മണമ്പൂർ സുരേഷ്
തിരുവനന്തപുരം: ലണ്ടൻ ഫിലിം ഫെസ്റ്റിവൽ 41 വർഷം റിപ്പോർട്ട് ചെയ്തതിന്റെ അനുഭവ സമ്പത്തുമായി 'കേരളകൗമുദി"യുടെ ലണ്ടൻ ലേഖകൻ മണമ്പൂർ സുരേഷ് രചിച്ച 'റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ" എന്ന പുസ്തകം വായനക്കാർക്ക് മുന്നിലേക്കെത്തുന്നു. പുസ്തകത്തിന്റെ പ്രകാശനം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നാളെ വൈകിട്ട് 4ന് തിരുവനന്തപുരം പ്രസ്ക്ലബിൽ നിർവഹിക്കും. പ്രൊഫ. എം.എൻ. കാരശ്ശേരി, എം.പി. സുകുമാരൻനായർ, സണ്ണി ജോസഫ്, ഡോ. രവി രാമൻ, എസ്. ഭാസുരചന്ദ്രൻ, വി. ശശികുമാർ, കിരൺ ബാബു തുടങ്ങിയവർ പങ്കെടുക്കും. ഫാബിയൻ ബുക്സാണ് പ്രസാധകർ. '41 വർഷമായി ലോകത്തിലെ മേജർ ഫെസ്റ്റിവലായ ലണ്ടൻ ഫിലിം ഫെസ്റ്റിവൽ പ്രസ് ഡെലിഗേറ്റായി കവർ ചെയ്യുക, ഇതൊരപൂർവ റെക്കാഡാണ് " എന്നാണ് അവതാരികയിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ കുറിച്ചത്. 'കേരളകൗമുദി"ക്ക് വേണ്ടി പ്രസിദ്ധീകരിച്ച ലേഖനങ്ങൾക്കൊപ്പം അപൂർവ അഭിമുഖങ്ങളും പുസ്തകത്തിൽ ഇടംപിടിച്ചിട്ടുണ്ട്.
ലോക ചലച്ചിത്രാചാര്യന്മാരുടെ ചിത്രങ്ങളെ കുറിച്ചുളള പഠനങ്ങൾ, മൃണാൾ സെൻ, ബുദ്ധദേബ് ദാസ് ഗുപ്ത, മീര നായർ, ദീപ മേത്ത, കേതൻ മേത്ത, ശ്യാം ബെനഗൽ തുടങ്ങിയവരുടെ ചിത്രങ്ങളെ കുറിച്ചും അടൂർ ഗോപാലകൃഷ്ണൻ മുതൽ മലയാളത്തിലെ യുവസംവിധായകരായ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണൻ തുടങ്ങിയവരുടെ ചിത്രങ്ങളെ കുറിച്ചും എഴുതിയിട്ടുണ്ട്. പുസ്തകത്തിന്റെ ഇംഗ്ലണ്ടിലെ പ്രകാശനം ലണ്ടനിലും നോർത്തേൺ അയർലൻഡിലേത് ബെൽഫാസ്റ്റിലും ജൂലായിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |