SignIn
Kerala Kaumudi Online
Monday, 06 May 2024 1.12 PM IST

വാനം തെളിഞ്ഞു, മനം നിറഞ്ഞു...തിരക്കിൽ അലിഞ്ഞ് പൂരപ്പെരുമ !

1

തൃശൂർ: തലേന്ന് പെയ്ത മഴയിൽ പൂരപ്രേമികൾ തെല്ലെന്ന് ഭയപ്പെട്ടെങ്കിലും മേഘങ്ങളൊഴിഞ്ഞ് വാനം തെളിഞ്ഞതോടെ പൂരത്തിലാറാടി ജനസഹസ്രങ്ങൾ. കരിവീരച്ചന്തവും മേളത്തിന്റെ കയറ്റിറക്കങ്ങളും പഞ്ചവാദ്യത്തിന്റെ പൂരസദ്യയും നുകർന്ന് തെക്കെഗോപുരനടയിൽ വർണങ്ങളുടെ നീരാട്ടിലലിഞ്ഞ കുടമാറ്റവും കണ്ട് പൂരാസ്വാദകർ മനസ് നിറച്ചു.

ഇന്ന് പകൽപ്പൂരം കൂടി നെഞ്ചേറ്റിയാകും ഉത്സവപ്രേമികൾ പൂരനഗരി വിടുക. ഇന്നലെ രാവിലെ കണിമംഗലം ശാസ്താവിന്റെ വരവായിരുന്നു തുടക്കം. പത്ത് മണിയാകുമ്പോഴേക്കും തേക്കിൻകാട് മൈതാനം ജനനിബിഡം. പിന്നെ മതിവരാക്കാഴ്ചകളുടെ ലോകത്തായിരുന്നു പൂരപ്രേമികൾ. ഘടകപൂരങ്ങൾ ആവോളം ആസ്വദിച്ചതിന് പിന്നാലെ മഠത്തിൽവരവ് പഞ്ചവാദ്യത്തിനും താളമിട്ടു.
പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറ മേളവും ആയപ്പോഴേക്കും സൂചികുത്താൻ ഇടമില്ലാത്തവിധം പുരുഷാരം നിറഞ്ഞു. പതിറ്റാണ്ടുകളായി പൂരത്തിന്റെ ഭാഗമായി നിന്ന ചേരാനെല്ലൂരും കിഴക്കൂട്ടും പ്രമാണം വഹിച്ച തിരുവമ്പാടിയുടെയും പാറമേക്കാവിന്റെു മേളത്തിനും താളം പിടിക്കാനെത്തിയത് ആയിരങ്ങൾ. പൂരത്തിന്റെ പെരുമയായ കുടമാറ്റമായപ്പോഴേക്കും തിരക്ക് നിയന്ത്രണാതീതം.

രണ്ടരയോടെ തന്നെ പൊലീസ് ആളുകളെ വടം കെട്ടി നിയന്ത്രിച്ചു. നാലായിരം പൊലീസുകാരാണ് സുരക്ഷ ഒരുക്കിയത്. ഒരു മണിക്കൂറിലേറെ നീണ്ട കുടമാറ്റം കണ്ട് പുറത്തിറങ്ങിയ പൂരപ്രേമികൾ രാത്രിപൂരത്തിനായി കാത്തിരിപ്പ് തുടങ്ങി. ഇരുഭഗവതിമാരും ഇന്ന് ഉപചാരം ചൊല്ലി പിരിയും.


ആനചന്തം നിറഞ്ഞു

ശക്തന്റെ നാട്ടിടവഴികളിൽ എവിടെത്തിരിഞ്ഞാലും നിറഞ്ഞുനിൽക്കുകയായിരുന്നു ആനച്ചന്തവും വാദ്യവിസ്മയവും. കണ്ണിനും കാതിനും കുളിർമയേകിയ ദേവീദേവൻമാരുടെ എഴുന്നള്ളിപ്പ് പൂരത്തിന് ചാരുത പകർന്നു. തലയെടുപ്പുള്ള കൊമ്പൻമാരും പ്രതിഭ നിറഞ്ഞ വാദ്യകലാകാരൻമാരും സമ്മേളിച്ചപ്പോൾ ശക്തന്റെ തട്ടകത്ത് വിശ്വപ്രസിദ്ധമായ പൂരം പിറന്നു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, പാമ്പാടി രാജൻ, ഗുരുവായൂർ നന്ദൻ, കുട്ടംകുളങ്ങര അർജുനൻ, ചിറയ്ക്കൽ കാളിദാസൻ, നായരമ്പലം രാജശേഖരൻ, തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ തുടങ്ങി ഇത്തവണ ആനക്കമ്പക്കാരുടെയും മനംനിറയ്ക്കുന്ന കാഴ്ചകളായിരുന്നു. പാറമേക്കാവിന് ഗുരുവായൂർ നന്ദനും തിരുവമ്പാടിക്ക് ചന്ദ്രശേഖരനും തിടമ്പേറ്റിയപ്പോൾ തെച്ചിക്കോട്ടുകാവ് നെയ്തലക്കാവിലിനും പാമ്പാടി രാജൻ അയ്യന്തോളിനും തിടമ്പേറ്റി.


കൂടമാറ്റം കാണാൻ 'എന്തൊരു തിരക്ക് '

ഇലഞ്ഞിത്തറയിൽ കിഴക്കൂട്ടിന്റെ മേളത്തിന് ആദ്യകോൽ പതിക്കുമ്പോൾ തന്നെ കൂടമാറ്റത്തിനൊരുങ്ങി തെക്കെഗോപുര നടയിൽ ഉത്സവപ്രേമികൾ നിറഞ്ഞിരുന്നു. അഞ്ചേ പത്തോടെ പാറമേക്കാവ് ഭഗവതി മേളം കഴിഞ്ഞ് തെക്കെഗോപുരനട കടന്ന് പുറത്ത് കടക്കുമ്പോഴേക്കും ജനനിബിഡം. പാറമേക്കാവ് ഭഗവതി രാജാവിനെ വലം വയ്ക്കാൻ പോകുന്ന നടവഴി വടംകെട്ടി നിയന്ത്രിച്ചിരുന്നു. തുടർന്ന് ഭഗവതി സ്വരാജ് റൗണ്ടിലേക്ക് കടന്നതോടെ വടം അഴിച്ച് ആളുകളെ കടത്തി വിട്ടു. മന്ത്രിമാരായ കെ. രാജൻ, കെ. രാധകൃഷ്ണൻ, മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ, കളക്ടർ കൃഷ്ണ തേജ, മുൻ സിറ്റി പൊലീസ് കമ്മിഷണർ പി. ആദിത്യ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ. സുദർശൻ, ചലച്ചിത്രനടൻ സുരാജ് വെഞ്ഞാറമൂട്, അപർണ ബാലമുരളി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, POORAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.