SignIn
Kerala Kaumudi Online
Friday, 27 September 2024 4.06 AM IST

ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ തട്ടിപ്പുകാർ കുടുങ്ങട്ടെ, ഇടപാടുകാർ എന്തു പിഴച്ചു‌?

Increase Font Size Decrease Font Size Print Page
upi

ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളിലൂടെ ഇടപാടുകൾ നടത്തിയ നിരവധിയാളുകളുടെ ബാങ്ക് അക്കൗണ്ടുകൾ ഏതാനും ദിവസങ്ങളായി മരവിപ്പിക്കുന്നത് വ്യാപകമായ ചർച്ചകൾക്കും വാർത്തകളിൽ ഇടംനേടുന്നതുമായ സംഭവമായി. ഇതിന്റെ പിന്നിലെ കാരണങ്ങൾ പരിശോധിക്കുമ്പോൾ വിവിധ ഘടകങ്ങളുണ്ട്. ബാങ്കുകളുടെ നടപടികൾക്കെതിരെ ചിലർ ഹൈക്കോടതിയേയും സമീപിച്ചു. പൊലീസ്, നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ എന്നിവ വഴി ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതെന്നാണ് ബാങ്കുകളുടെ വിശദീകരണം. എന്നാൽ, അക്കൗണ്ട് ഉടമയോട് ഒരു വിവരവും തേടാതെയുള്ള ബാങ്കുകളുടെ നടപടി നിയമലംഘനമാണെന്ന വാദമാണ് ഇപ്പോൾ ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട ഹർജികളാണ് കോടതിയുടെ മുന്നിലുള്ളത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ രണ്ടായിരത്തിലധികം അക്കൗണ്ടുകൾ സംസ്ഥാനത്ത് മരവിപ്പിച്ചതായാണ് വിവരം. പലരും ബാങ്ക് ഇടപാടുകൾക്കായി ചെല്ലുമ്പോഴാണ് അക്കൗണ്ട് മരവിപ്പിച്ചതറിയുന്നത്.

യു.പി.ഐ ഇടപാട് നടത്തിയ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനു പിന്നിൽ സൈബർ കേസുകളിലെ നടപടികളാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇതര സംസ്ഥാനങ്ങളിൽ രജിസ്‌റ്റർ ചെയ്‌ത കേസുകളുടെ ഭാഗമായാണ് കേരളത്തിൽ പലരുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന് കൊച്ചി സിറ്റി സൈബർ പൊലീസും വെളിപ്പെടുത്തി. ഗുജറാത്തിലെ കേസുകളുടെ ഭാഗമായാണ് എറണാകുളത്തെയും ആലപ്പുഴയിലെയും ചില വ്യാപാരികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്.

തട്ടിയെടുത്ത പണം സൈബർ തട്ടിപ്പുകാർ മറ്റേതെങ്കിലും അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ഡിജിറ്റൽ ഇടപാട് നടത്തുകയോ ചെയ്യും. തട്ടിപ്പുകാരന്റെ അക്കൗണ്ടിൽ പണം കണ്ടെത്താനായില്ലെങ്കിൽ മരവിപ്പിക്കൽ നടപടി ആരംഭിക്കും. സമീപ സമയങ്ങളിൽ ഇവർ പണമിടപാട് നടത്തിയ മറ്റ് അക്കൗണ്ടുകളും ഒപ്പം മരവിപ്പിക്കും. ഒരുലക്ഷം രൂപ തട്ടിപ്പ് നടത്തിയ ഒരാൾ ഏതെങ്കിലും ഹോട്ടലിൽ കയറി 250 രൂപ യു.പി.ഐ വഴി നൽകുന്നുവെന്ന് വിചാരിക്കുക. തട്ടിപ്പുകാരനെതിരെ പരാതി രജിസ്‌റ്റർ ചെയ്യപ്പെട്ടാൽ ഹോട്ടൽ ഉടമയുടെ അക്കൗണ്ടും മരിവിപ്പിച്ചേക്കാമെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം. ഇത്തരത്തിൽ രാജ്യവ്യാപകമായി നിരവധിയാളുകളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു കഴിഞ്ഞു.

നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗിലാണ് പരാതികൾ കൂടുതലും എത്തിയത്. പരാതികൾ തട്ടിപ്പിനിരയായ ആളുകളുടെ സമീപത്തെ പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറും. പൊലീസ് നിർദ്ദേശനമനുസരിച്ചാണ് ബാങ്കുകൾ അക്കൗണ്ട് മരവിപ്പിക്കുക. ജോലിവാഗ്ദാനം, ലിങ്ക് ക്ലിക്ക് ചെയ്താൽ പണം, വായ്പ, വ്യാജ പ്രൊഫൈലുകൾ, ക്രെഡിറ്റ് കാർഡ്, വ്യാജ ലോട്ടറി, സ്‌ക്രാച്ച് കാർഡുകൾ തുടങ്ങിയ നിരവധി തട്ടിപ്പുകളെക്കുറിച്ചുള്ള പരാതികളാണ് സർക്കാരിന്റെ സൈബർ ക്രൈം വെബ്‌സൈറ്റിൽ എത്തുന്നത്. പൊലീസ് നൽകുന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മരവിപ്പിക്കൽ നടപടിയെന്നാണ് ബാങ്കുകളുടെ വിശദീകരണം.

വ്യാപാര മേഖലയെ

ബാധിക്കുന്നു

യു.പി.ഐക്ക് പുറമെ നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (നെഫ്റ്റ്), ആർ.ടി.ജി.എസ്, ചെക്ക് തുടങ്ങിയവ ഉപയോഗിച്ച് ഇടപാടുകൾ നടത്തിയ അക്കൗണ്ടുകളും മരവിപ്പിക്കാൻ നിർദ്ദേശം ലഭിക്കാറുണ്ട്. പരാതി പരിഹാരത്തിന് ഇടപാടുകാർക്ക് നിർദ്ദേശം നൽകാറുണ്ടെന്നും ബാങ്കുകൾ വ്യക്തമാക്കുന്നു. സൈബർ കുറ്റകൃത്യങ്ങൾ തടയാനെന്ന പേരിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന നിയമനടപടികളുടെ സാങ്കേതിക പ്രശ്‌നങ്ങളാണ് ഇത്തരം സംഭവങ്ങൾക്കിടയാക്കുന്നതെന്ന വാദവും ഉയരുന്നുണ്ട്.

ബാങ്ക് അക്കൗണ്ടുകൾ അനധികൃതമായി മരവിപ്പിക്കുന്നെന്നാരോപിച്ച് മലപ്പുറം പൂക്കോട്ടൂർ സ്വദേശി പി. മൊയ്തീൻ, കാസർകോട് സ്വദേശി പി. മുഹമ്മദ് ഷാജഹാൻ എന്നിവരുൾപ്പെടെ അഞ്ചുപേർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതേക്കുറിച്ച്

പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവിയോട് ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്‌തു. കെ.എസ്.എഫ്.ഇയിൽ നിന്ന് തനിക്ക് വായ്പയായി ലഭിച്ച 3.5 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചിരുന്നെന്നും ഇതിൽ 1.19 ലക്ഷം രൂപ തടഞ്ഞുവച്ചിരിക്കുകയാണെന്നുമാണ് പി. മൊയ്തീന്റെ പരാതി. സൈബർ കേസുകൾ രജിസ്റ്റർ ചെയ്യാൻ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ (എൻ.സി.സി.ആർ.പി) പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന പേരിലാണ് മൊയ്തീന്റെ പണം തടഞ്ഞുവച്ചിട്ടുള്ളതെന്ന് ഹർജിയിൽ പറയുന്നു. ഗുജറാത്തിലെ സ്‌റ്റേറ്റ് സൈബർ ക്രൈം സെല്ലിന്റെ നിർദ്ദേശ പ്രകാരമാണ് ഷാജഹാന്റെ അക്കൗണ്ട് മരവിപ്പിച്ചിട്ടുള്ളത്. ബാങ്കിന്റെ ബ്രാഞ്ച് മേധാവിയായ സീനിയർ മാനേജർ നൽകിയ നോട്ടീസിന് മറുപടി നൽകിയെങ്കിലും അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിച്ചില്ലെന്നും ഗുജറാത്തിലെ സൈബർ ക്രൈം സെൽ ഉദ്യോഗസ്ഥന് നിവേദനം നൽകിയിട്ടും പരിഗണിച്ചില്ലെന്നുമാണ് ഷാജഹാന്റെ പരാതി. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രത്യേക നിർദ്ദേശമുണ്ടെങ്കിലേ ബാങ്കുകൾ അക്കൗണ്ട് മരവിപ്പിക്കാവൂ എന്ന് ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 102ൽ പറയുന്നുണ്ട്. എന്നാൽ, ഈ മാനദണ്ഡങ്ങൾ പൂർണ്ണമായും ലംഘിച്ചെന്ന് പല അക്കൗണ്ടുകളും മരവിപ്പിച്ചതിലൂടെ വ്യക്തമാകുന്നു.

യു.പി.ഐ ഇടപാടിലൂടെ പണം കൈപ്പറ്റിയ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച സംഭവങ്ങൾ വ്യാപാരികളിലും വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് വർക്കലയിൽ യു.പി.ഐ ഇടപാടിലൂടെ പണം കൈപ്പറ്റിയ പെട്ടിക്കടക്കാരന്റെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു. സമാനമായ നിരവധി സംഭവങ്ങളാണ് കഴിഞ്ഞ രണ്ടു മാസമായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. വർക്കലയിലെ പെട്ടിക്കടയിൽ ഉത്തർപ്രദേശ് സ്വദേശികളായ രണ്ടു പേരാണ് സാധനം വാങ്ങാനെത്തിയത്. 620 രൂപയ്ക്ക് സാധനം വാങ്ങിയശേഷം യു.പി.ഐ വഴി പണം അയക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പണം നൽകി സാധനം കൊണ്ടുപോയി. രണ്ടാഴ്ചക്കു ശേഷം യു.പി സ്വദേശികൾ പെട്ടിക്കടക്കാരനെ ബന്ധപ്പെട്ട് തങ്ങളുടെ അക്കൗണ്ടിൽനിന്ന് പണം പോയിട്ടുണ്ടെന്നും അത് മടക്കി നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ബാങ്കിൽ എത്തിയപ്പോഴാണ് 40 വർഷമായി ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി വ്യക്തമായത്.

മരവിപ്പിച്ച അക്കൗണ്ട് പഴയ രൂപത്തിലാക്കാൻ തിരിച്ചറിയൽ രേഖകൾ, അക്കൗണ്ടിൽ പണം എത്തിയതുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ സഹിതം പരാതിക്കാരൻ പൊലീസ് സ്‌റ്റേഷനിൽ ബന്ധപ്പെടുകയാണ് വേണ്ടത്. പരാതിയുളള പൊലീസ് സ്‌റ്റേഷനുകൾ മറ്റ് സംസ്ഥാനങ്ങളിലായതിനാൽ അക്കൗണ്ട് ഉടമകൾ വലിയ ദുരിതം നേരിടേണ്ടിവരുമെന്നത് മറ്റൊരു സത്യം. ഇത്തരം സന്ദർഭങ്ങളിൽ അതത് സ്ഥലത്തെ പൊലീസ് സ്‌റ്റേഷനുകളിൽ കാര്യങ്ങൾ ബോധിപ്പിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടത്. തെറ്റായ അക്കൗണ്ട് മരവിപ്പിക്കലിനെതിരെ അതത് സംസ്ഥാനങ്ങളിലുള്ള സൈബർ ക്രൈം പോർട്ടലിന്റെ നോഡൽ ഓഫീസിസറെയും സമീപിക്കാൻ കഴിയും. പരിചയമില്ലാത്തവരിൽ നിന്ന് യു.പി.ഐ അക്കൗണ്ടുകളിലൂടെ പണമിടപാട് നടത്താതിരിക്കുകയാണ് ഇത്തരം വലയിൽ വീഴാതിരിക്കാനുള്ള പ്രധാന പ്രതിരോധം. പക്ഷേ, കച്ചവടസ്ഥാപനങ്ങൾക്ക് അത് പ്രായോഗികമാക്കുക അസാദ്ധ്യമാണ് താനും. ഡിജിറ്റിൽ ഇന്ത്യ ശക്തമാകുമ്പോൾ കാര്യമൊന്നുമറിയാത്ത സാധാരണക്കാരന്റെ പോലും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന രീതിക്ക് മാറ്റം വരേണ്ടിയിരിക്കുന്നു. അതിനായി ഡിജിറ്റൽ പണമിടപാടുകളിലെ ചതിക്കുഴികൾ കണ്ടെത്തി പരിഹാരം കാണാൻ സർക്കാരും ബാങ്ക് അധികൃതരും എത്രയും വേഗം നടപടി സ്വീകരിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BANKING FRAUD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.