ന്യൂഡൽഹി: ഡൽഹി രോഹിണി കോടതിയിലെ വെടിവയ്പ് കേസിലെ പ്രതി ടില്ലു താജ്പൂരിയുടെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഗുണ്ടാ നേതാവ് യോഗേഷ് തുണ്ടയും ഇയാളുടെ അനുയായികളും തീഹാറിലെ മണ്ടോലി ജയിലിൽ വച്ച് അതിക്രൂരമായിട്ടാണ് കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
നൂറിലധികം തവണയാണ് കൊലയാളികൾ ടില്ലു താജ്പൂരിയയെ കുത്തിയത്. കണ്ണിലാണ് ആദ്യം കുത്തിയത്. വിവരമറിഞ്ഞ് ജയിൽ അധികൃതർ എത്തുകയും, ബെഡ്ഷീറ്റ് കൊണ്ട് മൃതദേഹം മൂടുകയും ചെയ്തു. തുടർന്നും കൊലയാളികൾ വീണ്ടും വീണ്ടും കുത്തുകയായിരുന്നുവെന്നാണ് വിവരം. ഇരുപത് മിനിട്ടോളം ആക്രമണമുണ്ടായിട്ടും ജയിൽ അധികൃതർ ഇടപെട്ടില്ലെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം പുലർച്ചെ ആറ് മണിയോടെയാണ് ടില്ലു താജ്പൂരി കൊല്ലപ്പെട്ടത്. സുനിൽ മാൻ എന്ന ടില്ലു താജ്പുരിയ ഡൽഹിയിലെ ഒരു കുപ്രസിദ്ധ ക്രിമിനൽ സംഘത്തിന്റെ തലവനായിരുന്നു. 2015ൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 2021 സെപ്തംബർ 24ന് ഡൽഹിയിലെ രോഹിണി കോടതിയിൽ അഭിഭാഷക വേഷം ധരിച്ചെത്തിയ താജ്പുരിയയുടെ രണ്ട് കൂട്ടാളികൾ എതിരാളിയായ ജിതേന്ദർ ഗോഗിയെ വെടിവച്ചുകൊന്നു. ടില്ലു താജ്പുരിയ ആണ് ഇതിന്റെ സൂത്രധാരൻ എന്ന് കണ്ടെത്തിയിരുന്നു.
മൻഡോളി ജയിലിൽനിന്ന് രണ്ടാഴ്ച മുൻപാണ് ടില്ലുവിനെ തീഹാർ ജയിലിലേക്ക് കൊണ്ടുവന്നത്.
യോഗേഷ് തുണ്ടയും സംഘത്തെയും ജയിലിലെ ഒന്നാം നിലയിലെ സെല്ലുകളിലായിരുന്നു പാർപ്പിച്ചിരുന്നത്. തുടർന്ന് ഇവർ സെക്യൂരിറ്റി ഗ്രില്ലുകൾ അറുത്തുമാറ്റിയാണ് ടില്ലുവുള്ള സെല്ലിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |