വൈദ്യുതി ഉൽപ്പാദനം കുറയുമോ ?
പത്തനംതിട്ട: ശബരിഗിരി ജല വൈദ്യുതി പദ്ധതികളുടെ വൃഷ്ടിപ്രദേശങ്ങളിലുള്ള വേനൽ മഴയുടെ കുറവ് വൈദ്യുതി ഉൽപ്പാദനം കുറയാനിടയാക്കുമെന്ന് ആശങ്ക. ഒരാഴ്ചയായി പെയ്യുന്ന മഴ ഉൾവനങ്ങളിൽ കുറഞ്ഞ തോതിലാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം മാത്രമാണ് പത്ത് മില്ലീമീറ്റർ മഴ ലഭിച്ചത്. ഉൽപ്പാദനം കുറയാതെ മുന്നോട്ടു പോകാനുളള ജലം ഇപ്പോൾ ഡാമുകളിലുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാല് ശതമാനം ജലം കുറവാണ്. കഴിഞ്ഞ വർഷം ഇതേ സീസണിൽ ലഭിച്ച മഴ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ലഭിച്ചില്ല.
മൂഴിയാറിൽ പ്രതിദിനം അൻപത് ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ട്. കക്കാട് പവർ ഹൗസിൽ 12 ലക്ഷം യൂണിറ്റും ഉൽപ്പാദിപ്പിക്കുന്നു.
ഡാമുകളിൽ രണ്ടുമാസത്തേക്ക് പൂർണതോതിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെള്ളമുണ്ട്. 340 മെഗാവാട്ടാണ് ശബരിഗിരി പവർ ഹൗസിന്റെ ശേഷി. ഉൽപ്പാദന ശേഷയിൽ സംസ്ഥാനത്തെ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയാണ് ശബരിഗിരി. ഇവിടെ നിന്ന് ഉൽപ്പാദനത്തിന് ശേഷം പുറന്തള്ളുന്ന ജലം ഉപയോഗിച്ചാണ് അള്ളുങ്കൽ, കാരികയം, മണിയാർ കർബറാണ്ടം, പെരുനാട് ജല വൈദ്യുതി പദ്ധതികൾ പ്രവർത്തിക്കുന്നത്.
ശേഷി കൂട്ടാൻ പദ്ധതി
ശബരിഗിരി പദ്ധതിയിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് 600 മെഗാവാട്ടായി ഉയർത്തും. നിലവിൽ 340 മെഗാവാട്ടാണ് ഉൽപ്പാദിപ്പിക്കുന്നത്. വിശദമായ പദ്ധതി രേഖ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാട്ടർ ആൻഡ് പവർ കൺസൾട്ടൻസി സർവീസസ് തയ്യാറാക്കും. അറുപത് മെഗാവാട്ട് ശേഷിയുള്ള രണ്ടും 55 മെഗാവാട്ട് ശേഷിയുള്ള നാലും ജനറേറ്ററുകളാണ് ശബരിഗിരി പദ്ധതിയിലുള്ളത്. പമ്പാനദിയാണ് ശബരി പദ്ധതിയുടെ പ്രധാന ജല സ്രോതസ്.
ജലനിരപ്പ്
പമ്പ ഡാം 963.40 മീറ്റർ.
(പരമാവധി സംഭരണ ശേഷി 986)
കക്കി ഡാം 956.38 മീ്റ്റർ
(പരമാവധി സംഭരണ ശേഷി 981.46)
"ഇൗ മാസം അവസാനത്തോടെയും ജൂൺ, ജൂലായ് മാസങ്ങളിലും നല്ല മഴ ലഭിച്ചില്ലെങ്കിൽ വൈദ്യുതി ഉൽപ്പാദനം കുറയ്ക്കേണ്ടി വരും"
മൂഴിയാർ പവർ ഹൗസ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |