തിരുവനന്തപുരം: എ.ഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ മുഖ്യമന്ത്രിയുടെ വീട്ടിലേക്കെത്തിയിട്ടും അദ്ദേഹം മൗനം വെടിയാൻ തയ്യാറായിട്ടില്ലെന്നും മറുപടി പറയാൻ പ്രതിപക്ഷം നൽകുന്ന അവസാന അവസരമാണിതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ക്യാമറ അഴിമതി മുൻ നിറുത്തി ശക്തമായ സമരവുമായി പ്രതിപക്ഷം മുന്നോട്ടു പോകുമെന്നും തെളിവുകൾ സഹിതം വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.
എല്ലാ ഇടപാടുകൾക്കും കെൽട്രോണിന്റെ ഒത്താശയുണ്ട്. ക്യാമറ ഇടപാടിൽ കെൽട്രോണും സ്രിട്ടും (എസ്.ആർ.ഐ.ടി) ഗൂഢാലോചന നടത്തിയിട്ടുണ്ട്. യഥാർത്ഥ വിലയുടെ ഇരട്ടി നിശ്ചയിച്ച് 235 കോടിയുടെ വ്യാജ എസ്റ്റിമേറ്റ് തയ്യാറാക്കിയതാണ് ആദ്യ ഗൂഢാലോചന. പിന്നീട് 2021 മാർച്ച് മൂന്നിന് ഹൈദരാബാദ് ആസ്ഥാനമായുള്ള ഇസെൻട്രിക് എന്ന കമ്പനിയുമായി എസ്.ആർ.ഐ.ടി സർവീസ് എഗ്രിമെന്റുണ്ടാക്കി പത്ത് ദിവസത്തിന് ശേഷമാണ് കെൽട്രോണിനെ അറിയിക്കുന്നത്. വ്യവസ്ഥകൾ ലംഘിച്ചാൽ കരാർ റദ്ദാക്കാനുള്ള അധികാരം കെൽട്രോണിനുണ്ടായിട്ടും നടപടിയുണ്ടായില്ല.
മുഖ്യമന്ത്രിയുടെ ബന്ധുവിന് ഇടപാടിൽ പങ്കാളിത്തമുണ്ടെന്ന വിവരം പുറത്ത് വന്നിട്ടും മുഖ്യമന്ത്രിയോ മന്ത്രിമാരോ മറുപടി നൽകുന്നില്ല. ആദ്യം മറുപടിയുമായെത്തിയ വ്യവസായമന്ത്രിയെ ഇപ്പോൾ കാണാനില്ല. മുഖ്യമന്ത്രിയുടെ കാർമ്മികത്വത്തിൽ നടന്ന കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളിലൊന്നാണ് ക്യാമറ ഇടപാട്. ആരോപണവിധേയനായ വ്യക്തിക്ക് മറുപടി നൽകാൻ അവസരം നൽകുക സ്വാഭാവിക നീതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |