SignIn
Kerala Kaumudi Online
Thursday, 19 September 2024 11.42 AM IST

കേരള സ്റ്റോറി; സിനിമയുടെ രാഷ്ട്രീയം

Increase Font Size Decrease Font Size Print Page

photo

ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 2022 ഫെബ്രുവരി പത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വോട്ടർമാർക്ക് നല്കിയ മുന്നറിയിപ്പ് യു.പി കേരളവും ബംഗാളും കാശ്മീരും പോലെ ആകാതിരിക്കാൻ വിവേകപൂർവം സമ്മതിദാനാവകാശം രേഖപ്പെടുത്തണമെന്നായിരുന്നു. ഇക്കഴിഞ്ഞദിവസം കർണാടകത്തിൽ പ്രചാരണം നടത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും തൊട്ടടുത്ത് കേരളമുണ്ടെന്ന് വോട്ടർമാരെ ഓർമ്മിപ്പിച്ചു. എന്താണ് അവരുടെ കണ്ണിൽ കേരളത്തിന്റെ അയോഗ്യത? വിദ്യാഭ്യാസമേഖലയിലും ആരോഗ്യരംഗത്തും നേടിയ അസൂയാവഹമായ ഒന്നാം സ്ഥാനമാണോ അതോ സാമൂഹ്യസുരക്ഷയിൽ സംസ്ഥാനം കൈവരിച്ച പുരോഗതിയാണോ? രണ്ടുമല്ല. കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ കളിത്തൊട്ടിലാണെന്ന് ഉത്തരേന്ത്യക്കാർ പൊതുവെ കരുതുന്നു. ബി.ജെ.പിയും സംഘപരിവാർ സംഘടനകളും ആ ഭീതി ആളിക്കത്തിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അവരുടെ കണ്ണിൽ മുസ്ലിംലീഗും മാർക്‌സിസ്റ്റ് പാർട്ടിയും മാറിമാറി പ്രീണിപ്പിക്കുന്ന, പോപ്പുലർഫ്രണ്ട് പോലെയുള്ള തീവ്രവാദ സംഘടനകളുടെ പ്രഭവകേന്ദ്രമായ, മതരാഷ്ട്രവാദികൾ പത്രവും ടെലിവിഷൻചാനലും നടത്തുന്ന, അമുസ്ലിങ്ങൾക്ക് പൊതുവേയും ഹിന്ദുക്കൾക്ക് പ്രത്യേകിച്ചും ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാത്ത, മുസ്ലിം യുവാക്കൾ പ്രണയം നടിച്ച് അന്യമതസ്ഥരായ യുവതികളെ മതം മാറ്റുന്ന, അതിവേഗം ഇസ്ലാമിക രാജ്യമായി പരിവർത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന, വളരെ അപകടം നിറഞ്ഞ പ്രദേശമാണ് കേരളം. ദൈവത്തിന്റെയല്ല തീവ്രവാദികളുടെ സ്വന്തം നാടാണ് കേരളം. മാറാട് കൂട്ടക്കൊലയും കോളേജ് അദ്ധ്യാപകന്റെ കൈവെട്ടിയതും തീവ്രവാദത്തെക്കുറിച്ച് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ നടത്തിയ പരാമർശങ്ങളും കേരളത്തിൽ നിന്ന് ഏതാനുംപേർ ഐ.എസിൽ ചേർന്ന് സിറിയയിൽ ജിഹാദിന് പോയതുമൊക്കെ അവർ വ്യാപകമായി പ്രചരിപ്പിക്കുന്നു. വയനാട്ടിൽ രാഹുൽഗാന്ധിയെ സ്വീകരിക്കാനെത്തിയ മുസ്ലിംലീഗുകാരുടെ പച്ചക്കൊടിയെ പാകിസ്ഥാന്റെ ദേശീയപതാകയാക്കി ദുർവ്യാഖ്യാനം ചെയ്തതും ഇക്കൂട്ടർതന്നെ.


ഇത്തരത്തിൽ സൃഷ്ടിക്കപ്പെട്ട ഒരു പൊതുബോധത്തിന്മേലാണ് കേരള സ്റ്റോറി എന്ന ചലച്ചിത്രം പിറവിയെടുക്കുന്നത്. നിർമ്മാതാവ് വിപുൽഷായോ സംവിധായകൻ സുദിപ്‌തോ സെന്നോ മലയാളികളല്ല. കേരളത്തെക്കുറിച്ച് വായിച്ചും പറഞ്ഞും കേട്ടുമുള്ള അറിവേ അവർക്കുള്ളൂ. നടീനടന്മാരും സാങ്കേതിക വിദഗ്ദ്ധരും മിക്കവാറും കേരളത്തിന്റെ പുറമേനിന്നുള്ളവർ തന്നെ. തീവ്രവാദികളുടെ സ്വാധീനത്തിൽപ്പെട്ട ഒരു മലയാളി പെൺകുട്ടി മതംമാറുന്നതും സിറിയയിൽ ജിഹാദിനു പോകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. തിരുവനന്തപുരത്ത് നിന്ന് ഐ.എസിൽ ചേർന്ന നിമിഷയുടെ അനുഭവത്തോട് സിനിമയ്ക്കുള്ള സാദൃശ്യം സുവ്യക്തമാണ്. ഇത് സാങ്കല്പിക കഥയല്ലെന്നും നിരവധിപേരുടെ അനുഭവങ്ങളിൽ നിന്നാണ് പ്രമേയം സ്വീകരിച്ചതെന്നും സംവിധായകൻ അവകാശപ്പെടുന്നു. ഏതായാലും ചിത്രത്തിന്റെ ടീസർ പുറത്തുവന്നതോടെ വലിയ കോലാഹലമുണ്ടായി. ലീഗും ഇതര മുസ്ലിം സംഘടനകളും മാത്രമല്ല കോൺഗ്രസും മാർക്‌സിസ്റ്റ് പാർട്ടിയുമൊക്കെ പ്രതിഷേധിച്ചു. കേരളത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഏകസ്വരത്തിൽ ആരോപിച്ചു. ഇത് ആവിഷ്‌‌കാര സ്വാതന്ത്ര്യമല്ലെന്നും സംസ്ഥാനത്ത് മതധ്രുവീകരണം ഉണ്ടാക്കാനുള്ള കുത്സിത ശ്രമമാണെന്നും കുറ്റപ്പെടുത്തി. ചിത്രത്തിന് പ്രദർശനാനുമതി നല്കരുതെന്ന് ഒരു വിഭാഗം സാംസ്‌കാരിക നായികാനായകന്മാർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇതിവൃത്തത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചെന്നല്ലാതെ സിനിമയ്ക്ക് വിലക്കേർപ്പെടുത്താൻ സർക്കാർ കൂട്ടാക്കിയില്ല. ചിലർ ഹർജികളുമായി സുപ്രീംകോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. പ്രതിഷേധം ഭയന്ന് ചില തിയേറ്റർ ഉടമകളെങ്കിലും ചിത്രം പ്രദർശിപ്പിക്കുന്നതിൽ നിന്നു പിന്മാറി. റിലീസിംഗ് ദിനത്തിൽ സിനിമാശാലകൾക്കു മുന്നിൽ പ്രതിഷേധമുണ്ടായി. അതിനപ്പുറം അനിഷ്ട സംഭവങ്ങളുണ്ടായില്ല. കേരള സ്റ്റോറിക്കെതിരെ സംസ്ഥാനത്തുണ്ടായ പ്രതിഷേധവും പ്രകടനങ്ങളും ദേശീയ മാദ്ധ്യമങ്ങൾ വലിയ ചർച്ചാവിഷയമാക്കി. മറുവശത്ത് ആവിഷ്‌‌കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായി ബി.ജെ.പി നേതാക്കളും ചില ക്രൈസ്തവ പുരോഹിതരും അവതരിച്ചു. സിനിമ റിലീസായ മേയ് അഞ്ചിന്, പ്രണയം കെണിയും ചതിയും മതപരിവർത്തന ഉപാധിയും ആകുന്നതിനെക്കുറിച്ചും നിരോധിക്കപ്പെട്ടതും ഇനിയും നിരോധിക്കപ്പെട്ടിട്ടില്ലാത്തതുമായ തീവ്രനിലപാടുകളുള്ള ചില മതസംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പദ്ധതികളെക്കുറിച്ചും വിശ്വാസികളെ ബോധവത്കരിക്കാൻ കെ.സി.ബി.സി ജാഗ്രതാ കമ്മിഷൻ സെക്രട്ടറി റവ. ഡോ. മൈക്കിൾ പുളിക്കൻ ദീപികപത്രത്തിൽ ലേഖനമെഴുതി.

കേരള സ്റ്റോറി അണിയിച്ചൊരുക്കിയവരുടെ ലക്ഷ്യം ഏറെക്കുറെ സാധിച്ചിട്ടുണ്ട്. ഒന്നാമത് പണച്ചെലവില്ലാതെ സിനിമയ്ക്ക് വലിയ പരസ്യവും വാർത്താപ്രാധാന്യവും ലഭിച്ചു. രണ്ടാമത് ലവ് ജിഹാദിനെയും തീവ്രവാദത്തെയും കുറിച്ച് പൊതുസമൂഹത്തിൽ മുമ്പേയുണ്ടായിരുന്ന ഭയാശങ്കകൾ അധികരിപ്പിക്കാൻ സാധിച്ചു. കേരളത്തിൽ മുസ്ലിം-അമുസ്ലിം ധ്രുവീകരണം കൂടുതൽ രൂക്ഷമാക്കാനും ഉപകരിച്ചു. എല്ലാറ്റിനുമുപരി കേരളം അപകടകരമായ ഒരിടമാണെന്ന ധാരണ രാജ്യത്തെമ്പാടും ശക്തമാക്കാനും ഈ സിനിമ കാരണമായി. അടുത്തവർഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരം സിനിമകളും വിവാദങ്ങളും കേന്ദ്രം ഭരിക്കുന്നവർക്ക് അനിവാര്യമാണ്. അതുകൊണ്ടാണ് പ്രധാനമന്ത്രിതന്നെ കേരള സ്റ്റോറിയെ അഭിനന്ദിച്ച് സംസാരിച്ചത്. ഇതിലും വലുത് ഇതിനു പിന്നാലെ വരുമെന്നുറപ്പാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERALA STORY MOVIE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.