തിരുവല്ല : രാജ്യത്തിന്റെ അഭിമാന ട്രെയിൻ സർവ്വീസായ വന്ദേഭാരത് സെമി ഹൈസ്പീഡ് ട്രെയിൻ ചീറിപ്പായുമ്പോൾ പത്തനംതിട്ട ജില്ലക്കാർ നോക്കി നിൽക്കുകയാണ്. ട്രെയിനിൽ കയറി കൂടണമെങ്കിൽ തിരുവല്ലയിൽ നിന്ന് 30 കിലോ മീറ്റർ അകലെയുള്ള കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തണം. ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ല സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്തതാണ് കാരണം. ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ ശബരിമല സ്ഥിതിചെയ്യുന്ന ജില്ലയിൽ വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുമെന്നാണ് കരുതിയിരുന്നത്. ജില്ലയിലെ ബി.ജെ.പി നേതൃത്വം ഇത് സംബന്ധിച്ച അവകാശവാദങ്ങളും ഉന്നയിച്ചിരുന്നു.
ശബരിമല കൂടാതെ പരുമല പള്ളി, എടത്വപള്ളി, ചക്കുളത്ത് കാവ് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും ദുരെ സ്ഥലങ്ങത്തിൽ നിന്ന് എത്തുന്ന തീർത്ഥാടകർ തിരുവല്ല റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.
സമീപത്തെ ചെങ്ങന്നൂർ, ചങ്ങനാശേരി സ്റ്റേഷനുകളിലും സ്റ്റോപ്പില്ലാത്തതിനാൽ അതിവേഗയാത്രയുടെ സൗകര്യം ജില്ലയ്ക്ക് അന്യമായിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ,കോഴിക്കോട്,കണ്ണൂർ എന്നിവിടങ്ങളിലാണ് വന്ദേ ഭാരത് ട്രെയിന് നിലവിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരത്തേക്കോ കണ്ണൂരിനോ പോകേണ്ട ജില്ലയിലുള്ളവർ കോട്ടയത്തിന് വണ്ടി കയറിയിട്ട് വേണം വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാൻ.
എല്ലാ ട്രെയിനുകൾക്കും ജില്ലയിലെ ഒരു സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന പ്രഖ്യാപിതനയവും തിരുവല്ല സ്റ്റേഷനിൽ പാലിക്കപ്പെടുന്നില്ല.
പ്രതീക്ഷ മുഖ്യമന്ത്രിയുടെ കത്തിൽ
വന്ദേഭാരത് സെമി ഹൈസ്പീഡ് ട്രെയിനിന് തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് അയച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് പത്തനംതിട്ടക്കാർ.
വന്ദേഭാരതിൽ കയറണമെങ്കിൽ തിരുവല്ല സ്റ്റേഷനിൽ
നിന്ന് 30 കിലോമീറ്റർ സഞ്ചരിച്ച് കോട്ടയത്ത് എത്തണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |