കാസർകോട്: കണ്ണൂരിലെയും കാസർകോട്ടെയും നിർമ്മാണം പൂർത്തിയ ഓട്ടോമാറ്റിക് വാഹന പരിശോധന കേന്ദ്രവും കംപ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് യാർഡും പ്രവർത്തനം തുടങ്ങാത്തതിനാൽ ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. ഇതുകാരണം കമ്പി കുത്തിയുള്ള നിലവിലുള്ള ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് അടുത്തൊന്നും മാറ്റമുണ്ടാകില്ല.
കേന്ദ്രങ്ങളുടെ പരിപാലന ചുമതല ഏറ്റെടുത്ത എസ്.ആർ.ഐ.ടി കമ്പനിയുടെ പിന്മാറ്റമാണ് അനാഥമാകുന്നതിന് കാരണമായത്. എ.ഐ ക്യാമറ ഇടപാടിൽ ആരോപണ വിധേയരായ എസ്.ആർ.ഐ.ടി, കരാർ തുകയേക്കാൾ 20 ശതമാനം തുക അധികമായി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മോട്ടോർ വാഹന വകുപ്പ് നേരിട്ട് വിളിച്ച ടെൻഡറിൽ ഒന്നാമത് എത്തിയത് ബംഗളൂരു ആസ്ഥാനമായ എസ്.ആർ.ഐ.ടി തന്നെയാണ്. 3,17,16,000 രൂപയാണ് കരാർ തുക. കരാർ ഏറ്റെടുത്തു എന്നല്ലാതെ ആവശ്യമായ ജീവനക്കാരെ നിയമിക്കുകയോ മറ്റ് സംവിധാനങ്ങൾ ഒരുക്കുകയോ ചെയ്തിരുന്നില്ല. 2022 നവംബർ 22ന് ഗതാഗത സെക്രട്ടറി, വകുപ്പ് സെക്രട്ടറിക്ക് അയച്ച കത്തിൽ 3,80,59,200 രൂപ കിട്ടണമെന്ന് കമ്പനി ആവശ്യപ്പെട്ടതായി പറയുന്നുണ്ട്. കരാർ എടുത്ത് മൂന്ന് വർഷം കഴിഞ്ഞാണ് ഈ ആവശ്യം ഉന്നയിച്ചത്. ഏറ്റെടുത്ത സമയത്തേക്കാൾ ചിലവ് വർദ്ധിച്ചതാണ് തുക കൂട്ടികിട്ടാനുള്ള കാരണമായി കമ്പനി പറയുന്നത്. ഇത്രയും വർഷം എവിടെയാണെന്ന് ചോദിക്കാനുള്ള ധൈര്യം മോട്ടോർ വാഹന വകുപ്പിനില്ലെന്ന് മാത്രമല്ല, കമ്പനി ആവശ്യപ്പെട്ട തുക അനുവദിച്ചു കൊടുക്കാനുള്ള ചർച്ചകളാണ് അണിയറയിൽ നടക്കുന്നത്.
മൂന്ന് വർഷം മുമ്പ് കോടികൾ ചിലവിട്ടാണ് കണ്ണൂർ ജില്ലയിലെ കാഞ്ഞിരങ്ങാട്ടും കാസർകോട് ജില്ലയിലെ ബേളയിലും ആധുനിക കേന്ദ്രങ്ങൾ സ്ഥാപിച്ചത്. ഊരാളുങ്കലും പ്രസാഡിയോയും ആണ് കേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയത്.
ഓട്ടോമാറ്റിക് വാഹന പരിശോധന
കേന്ദ്ര സംവിധാനത്തിന് കീഴിൽ വാഹന പരിശോധന നടത്താനും പിഴ ഈടാക്കാനുമാണ് ഓട്ടോമാറ്റിക് വാഹന പരിശോധന കേന്ദ്രങ്ങൾ സ്ഥാപിച്ചത്. പൂർണ്ണമായും വെബ് അധിഷ്ഠിതമായ ഈ സംവിധാനത്തിൽ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ നിയമ നടപടി സ്വീകരിക്കാൻ കഴിയും. കുറ്റപത്രം നൽകപ്പെട്ടാൽ വിവരങ്ങൾ യഥാക്രമം കുറ്റം ആരോപിക്കപ്പെട്ട വാഹനത്തിന്റെയും ഡ്രൈവറുടെയും ഓഫീസ് രേഖകളിൽ തത്സമയം തന്നെ ഓൺലൈനിലൂടെ പ്രതിഫലിക്കും. അതുവഴി ഏതെങ്കിലും വാഹനമോ, ഡ്രൈവറോ സ്ഥിരമായി നിയമലംഘകർ ആണോ എന്നും എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. ആർ.ടി.ഒ ഓഫീസികളിലെ അനാവശ്യ തിരക്കുകൾ ഒഴിവാക്കാനും ഇതുകൊണ്ട് സാധിക്കും. വാഹന പരിശോധനയ്ക്കിടെ നടക്കാനിടയുള്ള എല്ലാ തട്ടിപ്പുകളും ഇതോടെ ഇല്ലാതാകും. തുടർ നടപടികൾക്കായി കേസുകൾ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന അവസ്ഥയും ഒഴിവാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |