തൃശൂർ: കേരളവർമ കോളേജിൽ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന തരത്തിൽ ബോർഡ് വച്ചു എന്ന പരാതിയിൽ എസ്.എഫ്.ഐക്കാർക്കെതിരെ കേസ് എടുക്കും. തൃശൂർ സി.ജി.എം കോടതിയാണ് പാർട്ടിയുടെ നേതാക്കൾക്കെതിരെ കേസ് എടുക്കാൻ ഉത്തരവിട്ടത്. ജാമ്യമില്ലാ വകുപ്പിൽ കേസ് എടുക്കാനാണ് കോടതി നിർദ്ദേശം. ബി.ജെ.പിയുടെ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറിയും അഭിഭാഷകനുമായ അനീഷ് കുമാർ നൽകിയ പരാതിയിന്മേലാണ് കോടതിയുടെ ഉത്തരവ്.
തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്കും, തൃശൂർ വെസ്റ്റ് സി.ഐയ്ക്കും, ഡി.ജി.പിക്കും നേരത്തെ തന്നെ പരാതി നൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് അനീഷ് കുമാർ നേരിട്ട് കോടതിയെ സമീപിച്ചത്. എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് ഹസൻ മുബാറക്ക്, യൂണിറ്റ് സെക്രട്ടറി സൗരവ് രാജ്. എസ്.എഫ്.ഐ കോളേജ് യൂണിറ്റ് പ്രസിഡന്റ് നന്ദന ആർ, യൂണിയൻ ചെയർമാൻ കൃഷ്ണ വി.എസ് എന്നിവർക്കെതിരെയാണ് കേസ് എടുക്കുക.
ഏതാനും ദിവസം മുൻപാണ് തൃശൂർ കേരളവർമ കോളേജിൽ അയ്യപ്പനെ അപമാനിക്കുന്ന രീതിയിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ആർത്തവവുമായി ബന്ധപ്പെടുത്തിയാണ് ബോർഡിൽ അയ്യപ്പനെ ചിത്രീകരിച്ചിരുന്നത്. ഇതിൽ എസ്.എഫ്.ഐ എന്നും എഴുതിയിരുന്നു. ഇതിനെതിരെ എസ്.എഫ്.ഐക്കെതിരെ വ്യാപകമായ രീതിയിലാണ് പ്രതിഷേധം ഉയർന്നിരുന്നത്. എന്നാൽ തങ്ങളല്ല ബോർഡ് സ്ഥാപിച്ചത് എന്ന് വാദിച്ച എസ്.എഫ്.ഐ, എന്തായാലും ബോർഡ് തങ്ങൾ നീക്കുകയാണെന്നും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |