മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു
ഡ്രൈവറും സഹായിയും അറസ്റ്റിൽ
പേരാവൂർ (കണ്ണൂർ): നെടുംപൊയിൽ ജംഗ്ഷന് സമീപം ചുരത്തിൽ ലോറി ക്ലീനറെ ജാക്കി ലിവർ കൊണ്ട് അടിച്ചുകൊന്ന് മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച ഡ്രൈവറേയും സഹായിയേയും പൊലീസ് അറസ്റ്റു ചെയ്തു. വാക്കേറ്റത്തെ തുടർന്നായിരുന്നു കൊലപാതകം. കൊല്ലം പത്തനാപുരം പുന്നല നടന്നൂർ സ്വദേശി സിദ്ദിഖ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവശേഷം ഡ്രൈവർ പത്തനാപുരം സ്വദേശി നിഷാദ് (28) ലോറിയുമായി കണ്ണവം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റൊരു ലോറിയിലെത്തിയ പത്തനാപുരം സ്വദേശി സിജു (35) വിന്റെ പങ്കും വ്യക്തമായത്. തുടർന്ന് കൂത്തുപറമ്പിൽ നിന്ന് സിജുവിനെയും പിടികൂടി. പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവ സ്ഥലം. ഇരുവരേയും ഇവിടെയെത്തിച്ച് ചോദ്യം ചെയ്തു. നെടുംപൊയിൽ- മാനന്തവാടി റോഡരികിൽ പാമുണ്ടി ക്വാറിക്ക് സമീപം ലോറികൾ നിറുത്തിയിട്ട് ജീവനക്കാർ വിശ്രമിക്കുന്ന സ്ഥലത്ത് ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു കൊലപാതകം. ആന്ധ്രാപ്രദേശിൽ നിന്നും കൂത്തുപറമ്പിലേക്ക് സിമന്റ് ലോഡുമായി വരികയായിരുന്നു നിഷാദും സിദ്ദിഖും.
മറ്റൊരു ലോറിയിൽ സിജുവും സ്ഥലത്തെത്തി. ലോറി ഒതുക്കിയിട്ട് സിജുവും നിഷാദും ഭക്ഷണം കഴിക്കാനായി നെടുംപൊയിലിലേക്ക് പോയി. തിരികെ എത്തിയപ്പോൾ ലോറിയുടെ ബ്രേക്ക് കേബിൾ മുറിച്ചുകളയാൻ സിദ്ദിഖ് ശ്രമിച്ചതായി ആരോപിച്ച് ഇവർ വാക്കുതർക്കത്തിലായി. ഇതിനിടെ ജാക്കി ലിവർ കൊണ്ട് അടിച്ചു സിദ്ദിഖിനെ കൊലപ്പെടുത്തിയെന്നാണ് നിഷാദിന്റെ മൊഴി. കീഴടങ്ങിയപ്പോൾ സിജു ഒപ്പമുണ്ടായിരുന്ന വിവരം നിഷാദ് വെളിപ്പെടുത്തിയിരുന്നില്ല. ഇയാൾ ഒറ്രയ്ക്ക് കൊലപാതക കുറ്റം ഏറ്രെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് കരുതുന്നു.
സിജു ലോറിയുമായി കൂത്തുപറമ്പിലേക്ക് പോവുകയായിരുന്നു. സിദ്ദിഖും നിഷാദും തമ്മിൽ മുൻ വൈരാഗ്യമുള്ളതായും പറയുന്നു. കൊലപാതക വിവരം കണ്ണവം സ്റ്രേഷനിൽ നിന്നും അറിയിച്ചതിനെ തുടർന്ന് കേളകം, പേരാവൂർ സ്റ്റേഷനുകളിൽ നിന്ന് പൊലീസെത്തിയാണ് സിദ്ദിഖിന്റെ മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് പോസ്റ്റുമോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ദിവാൻ മഹമ്മദിന്റെയും, സെത്തൂൻ ബീവിയുടെയും മകനാണ് സിദ്ദിഖ്. ഭാര്യ: ഹസ്ന. സഹോദരൻ: ഷിയാസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |