SignIn
Kerala Kaumudi Online
Wednesday, 01 May 2024 4.54 PM IST

ഡോക്‌ടർമാരുടെ നിലവിളിയിൽ ആതുരാലയങ്ങൾ (പരമ്പര 1)

k

മൂന്ന് വർഷത്തിനിടെ 200 ആശുപത്രി ആക്രമണങ്ങൾ

രണ്ട് വർഷത്തിനിടെ ഇരയായത് 170ആരോഗ്യപ്രവർത്തകർ

2012ലെ ആശുപത്രി സംരക്ഷണ നിയമം പ്രഹസനമായി

തിരുവനന്തപുരം : 'മാസത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകരാണ് കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ ആക്രമണത്തിന് ഇരയാകുന്നത്. ഭാഗ്യവശാൽ ഇതുവരെ ആരും മരിച്ചില്ല. ഭാഗ്യം മാത്രമാണ്. അത്തരത്തിൽ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്.' ദുരന്തനിവാരണ വിദഗ്ദ്ധനായ മുരളി തുമ്മാരുകുടിയുടെ ഏപ്രിൽ ഒന്നിലെ ഫേസ്ബുക്ക് പോസ്റ്റാണിത്.

ഒരു മാസം പിന്നിട്ടപ്പോൾ ഡോ.വന്ദന ദാസ് എന്ന യുവ വനിതാ ഡോക്ടർ കേരളത്തിന്റെ തീരാനൊമ്പരമായി. ഡോക്ടറാകാനുള്ള വന്ദനയുടെയും മകളെ ഡോക്ടറായി കാണാനുള്ള മാതാപിതാക്കളുടെയും സ്വപ്നം ഇന്നലെ പുലർച്ചെ നിഷങ്ങൾക്കകം ഒരു കുറ്റവാളി തല്ലിത്തകർത്തു. ആദ്യം അസഭ്യം പറഞ്ഞു, പിന്നീട് മർദ്ദിച്ചു, ചവിട്ടി, ഒടുവിൽ കുത്തിക്കൊലപ്പെടുത്തി.

ആശുപത്രികളിൽ ആരോഗ്യപ്രവർത്തകരുടെ നിലവിളികൾ കേട്ടിട്ടും കേട്ടില്ലെന്ന് നടിച്ച അധികൃതർക്കും ആരോഗ്യപ്രവർത്തകരിൽ ചിലർ തല്ലുകൊള്ളേണ്ടവരാണെന്ന ധാരണ പരത്തിയവർക്കും എന്ത് പ്രായശ്ചിത്തമാണ് ചെയ്യാനാകുക.

മൂന്ന് വർഷങ്ങൾക്കിടെ 200 ആശുപത്രി ആക്രമണങ്ങൾ കേരളത്തിൽ നടന്നതായി ഐ.എം.എ ചൂണ്ടിക്കാട്ടുന്നു. രണ്ട് വർഷത്തിനിടെ 170 ആരോഗ്യപ്രവർത്തകരാണ് ആക്രമിക്കപ്പെട്ടത്. 2012ലെ ആശുപത്രി സംരക്ഷണ നിയമപ്രകാരം അക്രമികൾക്ക് മൂന്ന് വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ആ നിയമപ്രകാരം ഒരാളെപ്പോലും ശിക്ഷിക്കാൻ സർക്കാരോ പൊലീസോ ശുഷ്‌കാന്തി കാട്ടിയില്ല. നിയമം കർശനമാക്കാൻ പുതിയ ഓർഡിനൻസ് കൊണ്ടുവരുമെന്ന് മന്ത്രിയുൾപ്പെടെ പറഞ്ഞു. ഒന്നും നടന്നില്ല. അക്രമങ്ങൾ നാൾക്കുനാൾ പെരുകി.

ഡോക്ടർ പണി വേണ്ട,

രാജ്യം വിടുന്നു....

2022 നവംബറിൽ കേരളം കേട്ട ഒരു വനിതാ ഡോക്ടറുടെ വാക്കുകളാണിത്. എനിക്ക് ഡോക്ടർ പണി വേണ്ട,ന്യൂറോ സർജനുമാകേണ്ട,ഞാൻ രാജ്യം വിടുന്നു. നവംബർ 22ന് പുലർച്ചെ, ട്യൂമർ രോഗി ശസ്ത്രക്രിയയ്‌ക്കിടെ മരിച്ച വിവരം അറിയിച്ചപ്പോൾ ഭർത്താവ് അടിയവറ്റിൽ ചവിട്ടി വീഴ്‌ത്തിയത് ന്യൂറോ സർജറി വിഭാഗത്തിലെ സീനിയർ റസിഡന്റിനെ. ആശുപത്രിയിൽ കഴിയവേ കാണാനെത്തിയവരോട് വേദന പങ്കുവച്ചാണ് ജോലി മതിയാക്കുന്നതായി ഡോക്ടർ അറിയിച്ചത്. അത് കേട്ടിട്ടും അധികൃതർ കുലുങ്ങിയില്ല.

പിന്നെയും അക്രമങ്ങൾ പതിവായതോടെ മാർച്ച് 17ന് ഐ.എം.എ മെഡിക്കൽ സമരം പ്രഖ്യാപിച്ചു. 24മണിക്കൂർ സമരത്തിന്റെ പ്രധാന ആവശ്യം സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം മാത്രമായിരുന്നു. ആക്രമണം വർദ്ധിച്ചതോടെ ഐ.എം.എ ആസ്ഥാനത്ത് വാർ റൂം തുറന്നു. എവിടെയെങ്കിലും ഡോക്ടർമാർ ആക്രമിക്കപ്പെട്ടാൽ സഹായങ്ങൾ ഏകോപിപ്പിക്കുകയായിരുന്നു ലക്ഷ്യം.

പൊലീസ് സാന്നിദ്ധ്യത്തിൽ

രണ്ട് അടി കൂടുതൽ

വന്ദന ദാസിന്റെ കൊലയാളിയെ പൊലീസാണ് ആശുപത്രിൽ കൊണ്ടുവന്നത്. ലഹരിക്ക് അടിമയായ പ്രതി ആശുപത്രിയിൽ അഴിഞ്ഞാടി. പൊലീസ് കാഴ്ചക്കാരായി. തടയാൻ ശ്രമിച്ചവർക്ക് പരിക്കേറ്റു. ആശുപത്രികൾ സുരക്ഷിതമാക്കാൻ പ്രധാനമായി ഡോക്ടർമാർ ആവശ്യപ്പെടുന്നത് പൊലീസ് എയ്ഡ് പോസ്റ്റാണ്. പൊലീസ് സാന്നിദ്ധ്യത്തിൽ ആക്രമണങ്ങൾ നടക്കുന്ന നാട്ടിൽ എങ്ങനെ സുരക്ഷ ഒരുക്കും.

കഴിഞ്ഞ മാർച്ചിൽ കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ പ്രസവത്തിൽ കുഞ്ഞ് മരിച്ചത് സ്‌കാനിംഗ് റിപ്പോർട്ട് വൈകിയതിനാലാണെന്ന് ആരോപിച്ച് ചികിത്സിച്ച ഗൈനക്കോളജിസ്റ്റിന്റെ ഭർത്താവായ സീനിയർ കാർഡിയോളജിസ്റ്റിനെ പൊലീസ് സാന്നിദ്ധ്യത്തിലാണ് ആറംഗ സംഘം മർദ്ദിച്ചത്. മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേർ രക്ഷപ്പെട്ടു. ആറു പ്രതികളിൽ നാലു പേരെ മാത്രമാണ് ഒരാഴ്ചയ്ക്ക് ശേഷം അറസ്റ്റ് ചെയ്തത്. മറ്റുള്ളവർ ഒളിവിലിരുന്ന് മുൻകൂർ ജാമ്യം നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.