SignIn
Kerala Kaumudi Online
Wednesday, 01 May 2024 6.34 PM IST

ഡോക്ടർമാരുടെ സമരം: സ്തംഭിച്ച് ആശുപത്രികൾ

beach
ഡ്യൂട്ടിക്കിടയിൽ വനിതാഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ ഡോക്ടർമാരും ജീവനക്കാരും നടത്തിയ ധർണ

കോഴിക്കോട്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ പൊലീസ് സാന്നിദ്ധ്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ജില്ലയിലെങ്ങും ഡോക്ടർമാരുടെ പ്രതിഷേധം. കോഴിക്കോട് മെഡിക്കൽകോളേജടക്കം ഡോക്ടർമാരുടെ പണിമുടക്കിൽ സ്തംഭിച്ചു. പെട്ടെന്ന് പ്രഖ്യാപിച്ച സമരത്തിൽ ദൂരദേശങ്ങളിൽ നിന്ന് ചികിത്സതേടിയെത്തിയ നൂറുകണക്കിനാളുകൾ മെഡിക്കൽകോളേജ് ആശുപത്രിയിൽ വലഞ്ഞു. ബീച്ച് ഗവ.ആശുപത്രി, കോട്ടപ്പറമ്പ് ആശുപപത്രി, വടകര, നാദാപുരം, കുറ്റ്യാടി താലൂക്ക് ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിലെല്ലാം രോഗികൾ വലഞ്ഞു. മെഡിക്കൽകോളേജ് ആശുപത്രിയിലടക്കം കാഷ്വാലിറ്റി പ്രവർത്തനങ്ങൾ മാത്രമാണ് നടന്നത്. മിക്കയിടത്തും മുൻകൂട്ടി തീരുമാനിക്കപ്പെട്ട സർജറികൾപോലും മുടങ്ങി. സ്വകാര്യ ആശുപത്രികളെയും സമരം ബാധിച്ചു. സംഭവത്തിൽ കർശനനടപടികളും മതിയായ സുരക്ഷയും ഉണ്ടാവുന്നില്ലെങ്കിൽ സമരം അനിശ്ചിതമായി നീളുമെന്ന് കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് വിപിൻ വർക്കി പറഞ്ഞു.

സംഭവത്തിൽ കുറ്റക്കാരായവരുടെ പേരിൽ മാതൃകപരമായ ശിക്ഷനടപടികൾ സീകരിക്കുന്നതിനൊപ്പം ഇത്തരം പൈശാചികമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണം. ആശുപത്രികളിൽ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കുകയും, കസ്റ്റഡിയിലുള്ള പ്രതികളെ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ നിശ്ചയമായും പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും ട്രയാജ് സംവിധാനം അടിയന്തരമായി നടപ്പാക്കുകയും ചെയ്യണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു. സമരം നടത്തിയ ഡോക്ടർമാർ കോഴിക്കോട് കളക്ടറേറ്റിന് മുമ്പിൽ ധർണയിരുന്നു. മെഡിക്കൽകോളജ്, ബീച്ച് -കോട്ടപ്പറമ്പ് ആശുപത്രികൾക്ക് മുമ്പിലും പ്രതിഷേധങ്ങൾ അരങ്ങേറി. ഹെൽത്ത് സെന്ററുകളിൽ വാക്സിനേഷനുകൾ തടസ്സപ്പെട്ടു.

കോഴിക്കോട്: വനിതാ ഡോക്ടറെ അതിദാരുണമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഐ.എം.എ കോഴിക്കോട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിനു മുന്നിൽ നടന്ന സമര പ്രതിഷേധധർണ ഐ.എം.എ.മുൻ സംസ്ഥാനപ്രസിഡന്റ് ഡോ.പ്രദീപ്കുമാർ.വി.ജി ഉദ്ഘാടനംചെയ്തു. കോഴിക്കോട് ഐ.എം.എ ബ്രാഞ്ച് പ്രസിഡന്റ് ഡോ.ബി. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണയിൽ കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ.ടി.എൻ. സുരേഷ് ഐ. എം. എ നേതാക്കളായ ഡോ. പി.എൻ. അജിത, ഡോ. ശങ്കർ മഹാദേവൻ, ഡോ.അജിത് ഭാസ്‌കർ, ഡോ. സി. കെ.ഷാജി, ഡോ. കെ. സന്ധ്യ കുറുപ്പ്, ഡോ.എ.കെ.അബ്ദുൾഖാദർ, ഡോ. രാജു കെ.വി., ഡോ. റോയ് ആർ. ചന്ദ്രൻ, ഡോ. മിലി മണി ക്യു.പി.എം.പി.എ പ്രതിനിധി ഡോ.റോയ് വിജയൻ എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധത്തിന്റെ തുടർച്ചയായി മാനാഞ്ചിറ കിഡ്‌സൺ കോർണറിൽ മെഴുകുതിരി കത്തിച്ച് ധർണയും സംഘടിപ്പിച്ചു.

ബാലുശ്ശേരി: ഡോ. വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സർവോദയം ട്രസ്റ്റ് ബാലുശ്ശേരിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകീട്ട് 5.30 ന് ഗാന്ധി പാർക്കിൽ പ്രതിഷേധ സംഗമം നടത്തും.

പേരാമ്പ്ര: ഡോ.വന്ദനാ ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടും പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധയോഗം ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. കെ. മധുകൃഷ്ണൻ അദ്ധ്യക്ഷനായി. പി.എം പ്രകാശൻ, പി.എസ് സുനിൽകുമാർ, മോഹൻദാസ് ഓണിയിൽ, സത്യൻ കല്ലൂർ, ഇ.പി മുഹമ്മദ്, വി.പി സുരേഷ്, വി.വി ദിനേശൻ, അശോകൻ മുതുകാട്, ബഷീർ പരിയാരം, സി.കെ അജീഷ് എന്നിവർ പ്രസംഗിച്ചു. വി.കെ രമേശൻ, കെ.പി മായൻകുട്ടി, രമേശൻ മഠത്തിൽ, സത്താർ മരുതേരി, വി.പി ഹംസ നേതൃത്വം നൽകി.

മുക്കം: കൊല്ലപ്പെട്ട ഡോ.നന്ദനാ ദാസിന് നീതി ലഭ്യമാക്കണമെന്നും ഡോക്ടർമാർക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട് കെ.എം.സി.ടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും മുക്കത്ത് പ്രകടനം നടത്തി. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്ന ഡോക്ടർമാരുടെ ജീവന് സുരക്ഷ നൽകുന്നതിൽ അലംഭാവം ഉപേക്ഷിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

കൊയിലാണ്ടി: ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരും പ്രതിഷേധിച്ചു. നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ആശുപത്രി ആർ.എം.ഒ ഡോ.മുഹമ്മദ് അഫ്‌സൽ, ഡോ.സന്ധ്യ കുറുപ്പ്, ഡോ. ഷീല ഗോപാലകൃഷ്ണൻ, ഡോ.സുജിത് കുമാർ, സെക്രട്ടറി ആർ .ടി റീന ,നഴ്‌സിംഗ് സൂപ്രണ്ട് കെ.ഷജില , സീനിയർ ക്ലാർക്ക് സി .സി സതീശൻ , ഹെഡ് നേഴ്‌സ് സി.ജൂബിലി എന്നിവർ നേതൃത്വം നൽകി.

വടകര: ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഐ.എം.എ ആഹ്വാനപ്രകാരം വടകരയിലെ ഡോക്ടർമാർ ഇന്ന് 24 മണിക്കൂർ ജോലി ബഹിഷ്‌കരിക്കും. ഇന്നലെയും അത്യാഹിത വിഭാഗം ഒഴികെ മറ്റെല്ലാ ചികിത്സകളും ബഹിഷ്‌കരിച്ചിരുന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് പ്രതിഷേധ പ്രകടനം നടത്തും. ഐ.എം.എ ഹാളിൽ നിന്നാരംഭിച്ച് വടകര നഗരത്തിൽ പ്രകടനം നടത്തിയ ശേഷം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ യോഗം നടത്താനും ഐ.എം.എ വടകര ഘടകം തീരുമാനിച്ചു. പ്രതിഷേധ പരിപാടിയിൽ മുഴുവൻ ബഹുജനങ്ങളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

കുറ്റിയാടി: കുറ്റിയാടി ഗവ: താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം കുറ്റിയാടി ഗവ. ഹോസ്പിറ്റൽ സൂപ്രണ്ട് ഇൻചാർജ് ഡോക്ടർ പി.കെ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഡോ. സിന്ധു അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ ടി.എൻ സുധി, അശ്വിൻ, കെ.ആർ ചിത്ര, ഷഹനാസ് യൂസഫ്, പ്രജിത്ത്, അനീഷ, അജി ആന്റണി, എന്നിവരും ലേ സെക്രട്ടറി പുഷ്പ, സുധി പി ആർ.ഒ മുഹമ്മദ് റനി, ജെ.എച്ച്.ഐ കെ.കെ സലാം, എം.ഇ.ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി സി.പ്രദീപൻ സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.