കൊച്ചി: ഡിജിറ്റലായി ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്ന ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടി (ഇ-ബാങ്ക് ഗ്യാരണ്ടി) സൗകര്യം ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. നാഷണൽ ഇ-ഗവേർണൻസ് സർവീസസ് ലിമിറ്റഡുമായി (എൻ.ഇ.എസ്.എൽ) ചേർന്നാണ് ഈ പേപ്പർ രഹിത ബാങ്ക് ഗ്യാരണ്ടി സൗകര്യം ലഭ്യമാക്കുന്നത്. ഇതോടെ പരമ്പരാഗത ബാങ്ക് ഗ്യാരണ്ടി പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും. ബാങ്ക് ഗ്യാരണ്ടി ഇഷ്യൂ ചെയ്യുന്നതും തിരുത്തുന്നതും റദ്ദാക്കുന്നതുമടക്കമുള്ള എല്ലാ ജോലികളും പുതിയ സംവിധാനത്തിൽ ഡിജിറ്റലായി നടക്കും. നിലവിലെ ഡോക്യുമെന്റേഷനും പേപ്പർ ജോലികളും ആവശ്യമില്ല.
വ്യാപാര, ബിസിനസ് ഇടപാടുകൾ സുരക്ഷിതവും വേഗത്തിലുമാക്കാൻ ഇ-ബാങ്ക് ഗ്യാരണ്ടി സഹായകമാണ്. വ്യക്തികൾക്കും കമ്പനികൾക്കും ഏകാംഗ സംരംഭങ്ങൾക്കും പങ്കാളിത്ത സ്ഥാപനങ്ങൾക്കും സർക്കാർ ഏജൻസികൾക്കും സംഘങ്ങൾക്കുമെല്ലാം ഈ സൗകര്യം ലഭ്യമാണ്. ഇ-സ്റ്റാമ്പിങ് സൗകര്യം ലഭ്യമായ സംസ്ഥാനങ്ങളിലാണ് നിലവിൽ ഇ-ബാങ്ക് ഗ്യാരണ്ടി ലഭിക്കുന്നത്.
ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ ഇത് വേഗത്തിൽ ലഭിക്കുന്നതാണ്. തിരുത്തുകളും റദ്ദാക്കലും മറ്റുമെല്ലാം തടസ്സങ്ങളില്ലാതെ ഡിജിറ്റലായി തന്നെ ചെയ്യാം. ഇ-ബിജി പ്ലാറ്റ്ഫോമിലേക്ക് കടന്നുവന്ന ഫെഡറൽ ബാങ്കിന് എൻഇഎസ്എൽ എംഡിയും സിഇഒയുമായ ദേബജ്യോതി റായ് ചൗധരി അഭിനന്ദനം അറിയിച്ചു.
ഈ സംരഭത്തിന്റെ ഭാഗമായതിലും ഈ സേവനം നൽകുന്ന ചുരുക്കം ബാങ്കുകളിലൊന്നായതിലും സന്തോഷമുണ്ടെന്ന് ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു. ഈ സേവനത്തിലൂടെ സമയം ലാഭിക്കാനും തട്ടിപ്പു സാധ്യതകൾ ഇല്ലാതാക്കാനും സ്റ്റാമ്പ് ഡ്യൂട്ടി അടവ് ശരിയായ രീതീയിൽ ഉറപ്പാക്കാനും സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |